Skip to content
Opens in a new window

[1] ഞാൻ ദൈവത്തിൽമാത്രം വിശ്രമം കണ്ടെത്തുന്നു; എന്റെ രക്ഷ അങ്ങയിൽനിന്ന് വരുന്നു.

[2] അവിടന്നുമാത്രമാണ് എന്റെ പാറയും രക്ഷയും; അവിടന്നാണ് എന്റെ കോട്ട, ഞാൻ ഒരിക്കലും കുലുങ്ങിപ്പോകുകയില്ല.

[3] ഒരു മനുഷ്യനെ നിങ്ങൾ എത്രകാലം ആക്രമിക്കും? ചാഞ്ഞ മതിലും പൊളിഞ്ഞ വേലിയുംപോലെ നിങ്ങളെല്ലാവരും എന്നെ നിലത്തെറിഞ്ഞുകളയുമോ?

[4] ഉന്നതസ്ഥാനത്തുനിന്ന് എന്നെ തള്ളിയിടുകയാണ് അവരുടെ ലക്ഷ്യം, അവർ വ്യാജം സംസാരിക്കുന്നതിൽ ആമോദിക്കുന്നു. അധരംകൊണ്ട് അവർ അനുഗ്രഹിക്കുന്നു, എന്നാൽ അന്തരംഗത്തിൽ അവർ ശാപംചൊരിയുന്നു. സേലാ.

[5] എന്റെ ആത്മാവേ, ദൈവത്തിൽമാത്രം വിശ്രമം കണ്ടെത്തുക; അങ്ങയിലാണ് എന്റെ പ്രത്യാശ.

[6] അവിടന്നുമാത്രമാണ് എന്റെ പാറയും എന്റെ രക്ഷയും; അവിടന്നാണ് എന്റെ കോട്ട, ഞാൻ കുലുങ്ങിപ്പോകുകയില്ല.

[7] എന്റെ രക്ഷയും എന്റെ മഹത്ത്വവും ദൈവത്തിൽ ആകുന്നു; അവിടന്ന് എന്റെ ശക്തിയുള്ള പാറയും എന്റെ സങ്കേതവും ആകുന്നു.

[8] അല്ലയോ ജനമേ, എപ്പോഴും ദൈവത്തിൽ ആശ്രയിക്കുക, നിങ്ങളുടെ ഹൃദയം അവിടത്തെ മുമ്പിൽ പകരുക, കാരണം നമ്മുടെ സങ്കേതം ദൈവം ആകുന്നു. സേലാ.

[9] ഹീനകുലജന്മം കേവലമൊരു ശ്വാസവും ഉന്നതകുലജന്മം കേവലമൊരു മിഥ്യയും ആകുന്നു. ഒരു തുലാസിൽ തൂക്കിയാൽ അവരുടെ തട്ട് പൊന്തിപ്പോകും; അവരിരുവരും ഒരു ശ്വാസത്തെക്കാൾ ലഘുവാണ്.

[10] കൊള്ളപ്പണത്തിൽ ആശ്രയിക്കുകയോ മോഷണമുതലിന്മേൽ അഹങ്കരിക്കുകയോ അരുത്; നിന്റെ ധനം അധികരിച്ചാലും, നിന്റെ ഹൃദയം അതിൽ അർപ്പിക്കരുത്.

[11] ദൈവം ഒരു കാര്യം അരുളിച്ചെയ്തു, രണ്ടുതവണ അടിയനത് ശ്രവിച്ചിരിക്കുന്നു: “ദൈവമേ, ശക്തി അങ്ങേക്കുള്ളതാകുന്നു,

[12] അചഞ്ചലസ്നേഹവും അങ്ങയിലാണല്ലോ കർത്താവേ; അങ്ങ് ഓരോരുത്തർക്കും പ്രതിഫലംനൽകും അവരവരുടെ പ്രവൃത്തിക്കനുസൃതമായിട്ടുതന്നെ.”

സങ്കീർത്തനങ്ങൾ — Chapters