[1] ദൈവമേ, എന്നെ രക്ഷിക്കണമേ, ജലപ്രവാഹം എന്റെ കഴുത്തോളം എത്തിയിരിക്കുന്നു.
[2] കാലുകൾ ഉറപ്പിക്കാനാകാത്ത ആഴമുള്ള ചേറ്റിൽ ഞാൻ മുങ്ങിത്താഴുന്നു. ആഴമുള്ള പ്രവാഹത്തിൽ ഞാൻ അകപ്പെട്ടിരിക്കുന്നു; ജലപ്രളയം എനിക്കുമീതേ കവിഞ്ഞൊഴുകുന്നു.
[3] സഹായത്തിനായി വിളിച്ചപേക്ഷിച്ച് ഞാൻ കുഴഞ്ഞിരിക്കുന്നു; എന്റെ തൊണ്ട ഉണങ്ങിവരണ്ടിരിക്കുന്നു. എന്റെ ദൈവത്തിനായി കാത്തിരുന്ന് എന്റെ കണ്ണുകൾ മങ്ങുന്നു.
[4] കാരണംകൂടാതെ എന്നെ വെറുക്കുന്നവർ എന്റെ തലമുടിയുടെ എണ്ണത്തെക്കാൾ അധികമാകുന്നു; അകാരണമായി എന്നെ നശിപ്പിക്കാൻ ശ്രമിക്കുന്ന എന്റെ ശത്രുക്കൾ അനവധിയാകുന്നു. ഞാൻ അപഹരിക്കാത്ത വസ്തുവകകൾ മടക്കിക്കൊടുക്കാൻ നിർബന്ധിതനായിരിക്കുന്നു.
[5] ദൈവമേ, എന്റെ ഭോഷത്തം അങ്ങ് അറിയുന്നു; എന്റെ പാതകം അങ്ങയുടെമുമ്പാകെ മറവായിരിക്കുന്നതുമില്ല.
[6] കർത്താവേ, സൈന്യങ്ങളുടെ യഹോവേ, അങ്ങയിൽ പ്രതീക്ഷയർപ്പിക്കുന്നവർ ഞാൻമൂലം അപമാനിതരാകരുതേ; ഇസ്രായേലിന്റെ ദൈവമേ, അങ്ങയെ അന്വേഷിക്കുന്നവർ ഞാൻമൂലം ലജ്ജിതരാകരുതേ.
[7] കാരണം അങ്ങേക്കുവേണ്ടി ഞാൻ നിന്ദ സഹിക്കുന്നു എന്റെ മുഖം ലജ്ജകൊണ്ട് മൂടപ്പെടുന്നു.
[8] എന്റെ സഹോദരങ്ങൾക്ക് ഞാൻ ഒരു പ്രവാസിയും എന്റെ മാതാവിന്റെ മക്കൾക്കൊരു അപരിചിതനും ആകുന്നു;
[9] അങ്ങയുടെ ആലയത്തെപ്പറ്റിയുള്ള തീക്ഷ്ണത എന്നെ ദഹിപ്പിച്ചുകളയുന്നു അങ്ങയെ അപമാനിക്കുന്നവരുടെ നിന്ദയും എന്റെമേൽ വീണിരിക്കുന്നു.
[10] ഞാൻ വിലപിക്കുകയും ഉപവസിക്കുകയും ചെയ്യുമ്പോൾ എനിക്ക് നിന്ദ സഹിക്കേണ്ടിവരുന്നു;
[11] ഞാൻ ചാക്കുശീലധരിക്കുമ്പോൾ അവർക്കു ഞാനൊരു പഴമൊഴിയായിത്തീരുന്നു.
[12] നഗരകവാടത്തിൽ ഇരിക്കുന്നവർ എന്നെ പരിഹസിക്കുന്നു, മദ്യപർക്ക് ഞാനൊരു ഗാനമായിരിക്കുന്നു.
[13] എന്നാൽ യഹോവേ, അവിടത്തെ പ്രസാദകാലത്ത്, ഞാൻ അങ്ങയോട് പ്രാർഥിക്കുന്നു; ദൈവമേ, അങ്ങയുടെ മഹാസ്നേഹംനിമിത്തം അങ്ങയുടെ രക്ഷാവിശ്വസ്തതയാൽ എനിക്കുത്തരമരുളണമേ.
[14] ചേറ്റുകുഴിയിൽനിന്ന് എന്നെ മോചിപ്പിക്കണമേ, ഞാനതിൽ ആഴ്ന്നുപോകാൻ അനുവദിക്കരുതേ; എന്നെ വെറുക്കുന്നവരിൽനിന്നും ആഴമേറിയ ജലാശയത്തിൽനിന്നും എന്നെ വിടുവിക്കണമേ.
[15] ജലപ്രവാഹം എന്നെ മുക്കിക്കളയുന്നതിനോ ആഴങ്ങൾ എന്നെ വിഴുങ്ങിക്കളയുന്നതിനോ ഗർത്തങ്ങൾ എന്നെ അവയുടെയുള്ളിൽ ബന്ധിച്ചിടുന്നതിനോ അനുവദിക്കരുതേ.
[16] യഹോവേ, അവിടത്തെ സ്നേഹമാഹാത്മ്യത്താൽ എനിക്കുത്തരമരുളണമേ; അവിടത്തെ കരുണാധിക്യത്താൽ എന്നിലേക്കു തിരിയണമേ.
[17] അങ്ങയുടെ ദാസനിൽനിന്നു തിരുമുഖം മറയ്ക്കരുതേ; ഞാൻ കഷ്ടതയിൽ ആയിരിക്കുകയാൽ വേഗത്തിൽ എനിക്ക് ഉത്തരമരുളണമേ.
[18] എന്നോട് അടുത്തുവന്ന് എന്നെ മോചിപ്പിക്കണമേ; എന്റെ ശത്രുക്കൾനിമിത്തം എന്നെ വീണ്ടുകൊള്ളണമേ.
[19] ഞാൻ സഹിക്കുന്ന നിന്ദയും അപമാനവും ലജ്ജയും അങ്ങ് അറിയുന്നു; എന്റെ എല്ലാ ശത്രുക്കളും തിരുമുമ്പിലുണ്ടല്ലോ.
[20] നിന്ദ എന്റെ ഹൃദയത്തെ തകർത്തിരിക്കുന്നു അത് എന്നെ നിസ്സഹായനാക്കിയിരിക്കുന്നു; ഞാൻ മനസ്സലിവിനായി ചുറ്റും പരതി, എന്നാൽ എനിക്കൊരിടത്തുനിന്നും ലഭിച്ചില്ല, ആശ്വസിപ്പിക്കുന്നവർക്കായി കാത്തിരുന്നു, എന്നാൽ ആരെയും കണ്ടെത്തിയില്ല.
[21] അവർ എന്റെ ഭക്ഷണത്തിൽ കയ്‌പുകലർത്തി എന്റെ ദാഹത്തിന് കുടിക്കാൻ അവർ വിന്നാഗിരി തന്നു.
[22] അവരുടെ ഭക്ഷണമേശ അവർക്കൊരു കെണിയായിത്തീരട്ടെ; അവരുടെ സമൃദ്ധി അവർക്കൊരു കുരുക്കായിത്തീരട്ടെ.
[23] കാണാൻ കഴിയാതവണ്ണം അവരുടെ കണ്ണുകൾ ഇരുണ്ടുപോകട്ടെ, അവരുടെ അരക്കെട്ടുകൾ എന്നേക്കുമായി കുനിഞ്ഞുപോകട്ടെ.
[24] അങ്ങയുടെ കോപം അവരുടെമേൽ ചൊരിയണമേ; അവിടത്തെ ഭീകരകോപം അവരെ കീഴടക്കട്ടെ.
[25] അവരുടെ വാസസ്ഥലം വിജനമായിത്തീരട്ടെ; അവരുടെ കൂടാരങ്ങളിൽ ആരും വസിക്കാതിരിക്കട്ടെ.
[26] കാരണം അങ്ങ് മുറിവേൽപ്പിച്ചവരെ അവർ പീഡിപ്പിക്കുന്നു അങ്ങ് മുറിവേൽപ്പിച്ചവരുടെ വേദനയെപ്പറ്റി അവർ ചർച്ചചെയ്യുന്നു.
[27] അവരുടെ കുറ്റത്തിനുമേൽ കുറ്റം കൂട്ടണമേ; അവർ അങ്ങയുടെ രക്ഷയിൽ പങ്കുകാരാകാൻ അനുവദിക്കരുതേ.
[28] ജീവന്റെ പുസ്തകത്തിൽനിന്ന് അവരുടെ പേരുകൾ മായിച്ചുകളയണമേ നീതിനിഷ്ഠരോടുകൂടെ അവരെ എണ്ണുകയുമരുതേ.
[29] ഞാൻ പീഡനത്തിലും വേദനയിലും ആയിരിക്കുന്നു— ദൈവമേ, അവിടത്തെ രക്ഷ എന്നെ സംരക്ഷിക്കണമേ.
[30] ഞാൻ പാട്ടോടെ ദൈവത്തിന്റെ നാമം സ്തുതിക്കും സ്തോത്രാർപ്പണത്തോടെ അവിടത്തെ മഹത്ത്വപ്പെടുത്തും.
[31] ഇത് യഹോവയ്ക്ക് ഒരു കാളയെ, കൊമ്പും കുളമ്പുമുള്ള കാളക്കൂറ്റനെ, യാഗമർപ്പിക്കുന്നതിലും പ്രസാദകരമായിരിക്കും.
[32] പീഡിതർ അതുകണ്ടു സന്തുഷ്ടരാകും— ദൈവത്തെ അന്വേഷിക്കുന്നവരേ, നിങ്ങളുടെ ഹൃദയം സജീവമാകട്ടെ!
[33] യഹോവ ദരിദ്രരുടെ അപേക്ഷ കേൾക്കും; തന്റെ ബന്ധിതരായവരെ നിരാകരിക്കുകയുമില്ല.
[34] ആകാശവും ഭൂമിയും അവിടത്തെ സ്തുതിക്കട്ടെ, സമുദ്രങ്ങളും അതിൽ സഞ്ചരിക്കുന്ന സമസ്തവുംതന്നെ,
[35] കാരണം ദൈവം സീയോനെ രക്ഷിക്കുകയും അവിടന്ന് യെഹൂദാനഗരങ്ങളെ പുനർനിർമിക്കുകയും ചെയ്യും. അപ്പോൾ അങ്ങയുടെ ജനം അവിടെ പാർത്ത് അത് കൈവശമാക്കും;
[36] അവിടത്തെ സേവകരുടെ മക്കൾ അതിനെ അവകാശമാക്കുകയും തിരുനാമത്തെ സ്നേഹിക്കുന്നവർ അവിടെ അധിവസിക്കുകയും ചെയ്യും. സംഗീതസംവിധായകന്.