Skip to content
Opens in a new window

[1] എന്റെ ജനമേ, എന്റെ ഉപദേശം കേൾക്കുക; എന്റെ വായിലെ വാക്കുകൾ ശ്രദ്ധിക്കുക.

[2] ഞാൻ സാദൃശ്യകഥ സംസാരിക്കുന്നതിനായി എന്റെ വായ് തുറക്കും; പുരാതനകാലംമുതൽ മറഞ്ഞിരിക്കുന്ന കാര്യങ്ങൾ ഞാൻ പ്രഖ്യാപിക്കും—

[3] നാം കേൾക്കുകയും അറിയുകയും നമ്മുടെ പൂർവികർ നമ്മെ അറിയിക്കുകയുംചെയ്ത കാര്യങ്ങൾതന്നെ.

[4] നാം അവ അവരുടെ മക്കളിൽനിന്ന് മറച്ചുവെക്കുകയില്ല; യഹോവയുടെ മഹത്തായ പ്രവൃത്തികളെപ്പറ്റി, അവിടത്തെ ശക്തിയെയും അവിടന്നു ചെയ്ത അത്ഭുതപ്രവൃത്തികളെയുംപറ്റിയും ഞങ്ങൾ അടുത്ത തലമുറയോട് പ്രസ്താവിക്കും.

[5] അവിടന്ന് യാക്കോബിന് തന്റെ നിയമവ്യവസ്ഥകൾ ഉത്തരവിടുകയും ഇസ്രായേലിൽ ന്യായപ്രമാണം സ്ഥാപിക്കുകയും ചെയ്തു— നമ്മുടെ പൂർവികരോട് അവരുടെ മക്കൾക്ക് ഉപദേശിച്ചുനൽകണമെന്ന് അവിടന്ന് ആജ്ഞാപിച്ചവതന്നെ—

[6] അങ്ങനെ അടുത്ത തലമുറ ആ കൽപ്പനകൾ അറിയും ഇനി ജനിക്കാനിരിക്കുന്ന മക്കളും! അവർ അവരുടെ മക്കളെ അത് പഠിപ്പിക്കുകയും ചെയ്യും.

[7] അപ്പോൾ അവർ ദൈവത്തിൽ തങ്ങളുടെ ആശ്രയംവെക്കുകയും അവിടത്തെ പ്രവൃത്തികൾ മറക്കാതെ അവിടത്തെ കൽപ്പനകൾ പ്രമാണിക്കുകയും ചെയ്യും.

[8] അവർ തങ്ങളുടെ പൂർവികരെപ്പോലെ ദുശ്ശാഠ്യമുള്ളവരും മത്സരികളുമായ ഒരു തലമുറയോ അവിശ്വസ്തരും ദൈവത്തോട് കൂറുപുലർത്താത്ത ഹൃദയവുമുള്ള ഒരു തലമുറയോ ആകുകയില്ല.

[9] എഫ്രയീം വില്ലാളിവീരന്മാർ ആയിരുന്നെങ്കിലും യുദ്ധദിവസത്തിൽ അവർ പിന്തിരിഞ്ഞോടി;

[10] അവർ ദൈവത്തിന്റെ ഉടമ്പടി പാലിക്കുകയോ അവിടത്തെ ന്യായപ്രമാണം അനുസരിച്ച് ജീവിക്കുകയോ ചെയ്തില്ല.

[11] അവിടന്നു ചെയ്ത പ്രവൃത്തികളും അവരെ കാണിച്ച അത്ഭുതങ്ങളും അവർ മറന്നു.

[12] അവിടന്ന് അവരുടെ പിതാക്കന്മാരുടെമുമ്പാകെ ഈജിപ്റ്റിലെ സോവാൻ സമഭൂമിയിൽ അത്ഭുതങ്ങൾ പ്രവർത്തിച്ചല്ലോ.

[13] അവിടന്ന് കടൽ വിഭജിച്ച് അതിലൂടെ അവരെ കടത്തിക്കൊണ്ടുപോയി; അവിടന്ന് ജലപാളികളെ ഒരു മതിൽപോലെ ഉറപ്പിച്ചുനിർത്തി.

[14] പകൽമുഴുവൻ മേഘംകൊണ്ട് അവർക്ക് തണൽ ഒരുക്കി രാത്രിമുഴുവൻ അഗ്നിജ്വാലയിൽനിന്നുള്ള പ്രകാശത്താൽ അവിടന്ന് അവരെ നയിച്ചു.

[15] അവിടന്ന് മരുഭൂമിയിൽവെച്ച് പാറകളെ പിളർത്തി ആഴിയിൽനിന്നെന്നപോലെ അവർക്ക് സമൃദ്ധമായി ജലം നൽകി;

[16] കടുന്തൂക്കായ പാറകളിൽനിന്ന് അവിടന്ന് അരുവികൾ പുറപ്പെടുവിച്ചു. ആ നീർച്ചാലുകളെ, താഴ്വരയിലേക്ക് നദികൾപോലെ ഒഴുക്കി.

[17] എന്നിട്ടും അവർ അവിടത്തേക്കെതിരേ പാപംചെയ്തുകൊണ്ടിരുന്നു, മരുഭൂമിയിൽവെച്ച് അത്യുന്നതനെതിരേ മത്സരിച്ചുകൊണ്ടിരുന്നു.

[18] തങ്ങൾ ആഗ്രഹിച്ച ഭക്ഷണത്തിനായി അവർ മനഃപൂർവം ദൈവത്തെ പരീക്ഷിച്ചു.

[19] അവർ ദൈവത്തിനു വിരോധമായി മുറവിളികൂട്ടിക്കൊണ്ട് ഇപ്രകാരം പറഞ്ഞു: “മരുഭൂമിയിൽ നമുക്ക് ഭക്ഷണമേശ ഒരുക്കുന്നതിന് ദൈവത്തിന് കഴിയുമോ?

[20] അവിടന്ന് പാറയെ അടിച്ചു, വെള്ളം പൊട്ടിപ്പുറപ്പെട്ടു അരുവികൾ കവിഞ്ഞൊഴുകി, സത്യം, എന്നാൽ ഞങ്ങൾക്കു ഭക്ഷണംകൂടി നൽകാൻ അവിടത്തേക്കു കഴിയുമോ? അവിടത്തെ ജനത്തിനു മാംസം നൽകുമോ?”

[21] യഹോവ ഇതു കേട്ടപ്പോൾ രോഷാകുലനായി; അവിടത്തെ കോപാഗ്നി യാക്കോബിനെതിരേയും അവിടത്തെ ക്രോധം ഇസ്രായേലിന്റെനേരേയും കത്തിജ്വലിച്ചു,

[22] അവർ ദൈവത്തിൽ വിശ്വസിക്കുകയോ അവിടത്തെ കരുതലിൽ ആശ്രയിക്കുകയോ ചെയ്യാതിരുന്നതിനാൽത്തന്നെ.

[23] എന്നിട്ടും അവിടന്ന് മീതേയുള്ള ആകാശത്തിന് ഒരു ആജ്ഞ കൊടുത്തു ആകാശത്തിന്റെ കവാടങ്ങൾ തുറന്നു;

[24] അവിടന്ന് ജനത്തിന് ആഹാരമായി മന്ന പൊഴിച്ചു, സ്വർഗീയധാന്യം അവിടന്ന് അവർക്കു നൽകി.

[25] അവിടന്ന് അവർക്ക് സമൃദ്ധിയായി അയച്ചുകൊടുത്ത ശക്തരുടെ ആഹാരം മനുഷ്യർ ആസ്വദിച്ചു.

[26] അവിടന്ന് ആകാശത്തിൽനിന്ന് കിഴക്കൻകാറ്റിനെ അഴിച്ചുവിട്ടു അവിടത്തെ ശക്തിയാൽ തെക്കൻകാറ്റ് ആഞ്ഞുവീശുകയും ചെയ്തു.

[27] അവരുടെമേൽ അവിടന്ന് പൊടിപോലെ മാംസവും കടൽത്തീരത്തെ മണൽത്തരിപോലെ പക്ഷികളെയും വർഷിപ്പിച്ചു.

[28] അവയെ അവരുടെ പാളയത്തിലേക്ക്, അവരുടെ കൂടാരത്തിനുചുറ്റം പറന്നിറങ്ങുമാറാക്കി.

[29] മതിയാകുവോളം അവർ ഭക്ഷിച്ചു; അവർ ആഗ്രഹിച്ചതുതന്നെ അവിടന്ന് അവർക്ക് നൽകി.

[30] എന്നാൽ അവർ ആഗ്രഹിച്ച ഭക്ഷണം ഭക്ഷിച്ചു തൃപ്തരാകുന്നതിനുമുമ്പ്, അത് അവരുടെ വായിൽ ഇരിക്കുമ്പോൾത്തന്നെ,

[31] ദൈവകോപം അവർക്കുനേരേ ജ്വലിച്ചു; അവരിലെ കായബലമുള്ളവരെ മരണത്തിനേൽപ്പിച്ചു, ഇസ്രായേലിലെ യുവനിരയെത്തന്നെ അവിടന്ന് ഛേദിച്ചുകളഞ്ഞു.

[32] എന്നിട്ടുമവർ പാപത്തിൽത്തന്നെ തുടർന്നു; അവിടത്തെ അത്ഭുതങ്ങൾ കണ്ടിട്ടും അവർ വിശ്വസിച്ചില്ല.

[33] അതിനാൽ അവരുടെ ആയുസ്സ് വ്യർഥമായി അവസാനിക്കുന്നതിനും അവരുടെ സംവത്സരങ്ങൾ ഭീതിയിലാണ്ടുപോകുന്നതിനും അവിടന്ന് സംഗതിയാക്കി.

[34] എപ്പോഴൊക്കെ ദൈവം അവരെ സംഹരിച്ചോ, അപ്പോഴെല്ലാം അവർ അവിടത്തെ അന്വേഷിച്ചു; വളരെ ഗൗരവതരമായിത്തന്നെ അവർ ദൈവത്തെ അന്വേഷിച്ചു.

[35] ദൈവമായിരുന്നു തങ്ങളുടെ പാറ എന്നും അത്യുന്നതനായ ദൈവമാണ് തങ്ങളുടെ വീണ്ടെടുപ്പുകാരൻ എന്നും അവർ ഓർത്തു.

[36] എന്നാൽ തങ്ങളുടെ വാകൊണ്ട് അവർ ദൈവത്തോട് മുഖസ്തുതി പറയുകയും നാവുകൊണ്ട് അവർ അവിടത്തോടു വ്യാജം പറയുകയും ചെയ്യുന്നു;

[37] അവരുടെ ഹൃദയം അവിടത്തോട് കൂറുപുലർത്തിയില്ല, അവിടത്തെ ഉടമ്പടിയോട് അവർ വിശ്വസ്തരായിരുന്നതുമില്ല.

[38] എന്നിട്ടും ദൈവം അവരോട് കരുണയുള്ളവനായിരുന്നു; അവരുടെ അകൃത്യങ്ങൾ അവിടന്ന് ക്ഷമിച്ചു അവിടന്ന് അവരെ നശിപ്പിച്ചതുമില്ല. തന്റെ ക്രോധം മുഴുവനും ജ്വലിപ്പിക്കാതെ പലപ്പോഴും തന്റെ കോപത്തെ അടക്കിക്കളഞ്ഞു.

[39] അവർ കേവലം മാംസംമാത്രം, മടങ്ങിവരാത്തൊരു മന്ദമാരുതൻ എന്ന് അവിടന്ന് ഓർത്തു.

[40] എത്രയോവട്ടം അവർ മരുഭൂമിയിൽവെച്ച് ദൈവത്തിനെതിരേ മത്സരിച്ചു വിജനദേശത്തുവെച്ച് എത്രയോതവണ അവിടത്തെ ദുഃഖിപ്പിച്ചു!

[41] അവർ വീണ്ടും വീണ്ടും ദൈവത്തെ പരീക്ഷിച്ചു; ഇസ്രായേലിന്റെ പരിശുദ്ധനെ വിഷമിപ്പിച്ചു.

[42] അവിടത്തെ ശക്തി അവർ ഓർത്തില്ല— പീഡകരിൽനിന്നും തങ്ങളെ വീണ്ടെടുത്ത ദിവസവും

[43] ഈജിപ്റ്റിൽ അവിടന്നു ചെയ്ത ചിഹ്നങ്ങളും സോവാൻ സമഭൂമിയിലെ അത്ഭുതങ്ങളും അവർ ഓർത്തില്ല.

[44] അവരുടെ നദികളെ അവിടന്ന് രക്തമാക്കി; അവരുടെ അരുവികളിൽനിന്ന് അവർക്ക് കുടിക്കാൻ കഴിയാതെയുമായി.

[45] അവരെ വിഴുങ്ങിക്കളയേണ്ടതിന് അവിടന്ന് ഈച്ചകളുടെ കൂട്ടത്തെ അയച്ചു, തവളക്കൂട്ടങ്ങൾ അവർക്കിടയിൽ നാശം വിതച്ചു.

[46] അവരുടെ കൃഷി അവിടന്ന് വിട്ടിലിന് ആഹാരമായും അവരുടെ വിളകൾ വെട്ടുക്കിളികൾക്കും നൽകി.

[47] അവിടന്ന് അവരുടെ മുന്തിരിത്തലകൾ കന്മഴകൊണ്ടു നശിപ്പിക്കുകയും അവരുടെ കാട്ടത്തികളെ ആലിപ്പഴംകൊണ്ടു മൂടുകയും ചെയ്തു.

[48] കന്മഴകൊണ്ട് അവരുടെ കന്നുകാലിക്കൂട്ടങ്ങളെ തകർത്തു, അവരുടെ മൃഗസമ്പത്ത് ഇടിമിന്നലിന് ഇരയായി.

[49] അങ്ങയുടെ കോപം അവരുടെമേൽ ആളിക്കത്തി, കുപിതനായ അങ്ങ് അവർക്കുനേരേ, ക്രോധം, അപമാനം, ശത്രുത, എന്നിവയുടെ സംഹാരദൂതഗണത്തെ അഴിച്ചുവിട്ടു.

[50] അവിടന്ന് തന്റെ കോപത്തിനൊരു വഴിതുറന്നു; അവരുടെ ജീവനെ മരണത്തിൽനിന്നു മാറ്റിനിർത്തിയില്ല, എന്നാൽ അവരെ അവിടന്ന് മഹാമാരിക്ക് ഏൽപ്പിച്ചുകൊടുത്തു.

[51] ഈജിപ്റ്റിലെ എല്ലാ ആദ്യജാതന്മാരെയും അവിടന്ന് സംഹരിച്ചു, ഹാമിന്റെ കൂടാരങ്ങളിലെ പൗരുഷത്തിന്റെ പ്രഥമസന്തതികളെത്തന്നെ.

[52] എന്നാൽ അവിടന്ന് തന്റെ ജനത്തെ ആട്ടിൻപറ്റത്തെപ്പോലെ പുറപ്പെടുവിച്ചു; മരുഭൂമിയിലൂടെ ആടുകളെയെന്നപോലെ അവിടന്ന് അവരെ നടത്തി.

[53] അവിടന്ന് അവരെ സുരക്ഷിതരായി നയിച്ചു, അതുകൊണ്ട് അവർക്ക് ഭയം ഉണ്ടായിരുന്നില്ല; എന്നാൽ സമുദ്രം അവരുടെ ശത്രുക്കളെ വിഴുങ്ങിക്കളഞ്ഞു.

[54] അങ്ങനെ അവിടന്ന് അവരെ വിശുദ്ധനാടിന്റെ അതിരിലേക്ക് ആനയിച്ചു, അവിടത്തെ വലതുകരം അധീനപ്പെടുത്തിയ മലനിരകളിലേക്കുതന്നെ.

[55] അവരുടെമുമ്പിലുണ്ടായിരുന്ന ജനതകളെ അവിടന്ന് തുരത്തിയോടിച്ചു അവരുടെ ദേശത്തെ ഒരവകാശമായി അവർക്ക് അളന്നുകൊടുത്തു; ഇസ്രായേൽ ഗോത്രങ്ങൾക്ക് അവരുടെ ഭവനങ്ങളിൽ വാസമുറപ്പിച്ചുകൊടുത്തു.

[56] എങ്കിലും അവർ ദൈവത്തെ പരീക്ഷിച്ചു അത്യുന്നതനെതിരേ മത്സരിച്ചു; അവർ അവിടത്തെ നിയമവ്യവസ്ഥകൾ പിൻതുടർന്നതുമില്ല.

[57] അവരുടെ പൂർവികരെപ്പോലെ അവർ വിശ്വാസഘാതകരായി പിന്തിരിഞ്ഞു കോട്ടമുള്ള വില്ലുപോലെ അവർ വഞ്ചകരായിത്തീർന്നു.

[58] തങ്ങളുടെ ക്ഷേത്രങ്ങൾകൊണ്ട് അവർ അവിടത്തെ പ്രകോപിപ്പിച്ചു; തങ്ങളുടെ വിഗ്രഹങ്ങളാൽ അവർ അവിടത്തെ അസഹിഷ്ണുതയുള്ളവനാക്കി.

[59] ദൈവം ഇതു കേട്ടു, കോപംകൊണ്ടുനിറഞ്ഞു; ഇസ്രായേലിനെ നിശ്ശേഷം തള്ളിക്കളഞ്ഞു.

[60] അവിടന്ന് ശീലോവിലെ സമാഗമകൂടാരത്തെ ഉപേക്ഷിച്ചു, അവിടന്ന് മനുഷ്യരുടെയിടയിൽ സ്ഥാപിച്ച കൂടാരത്തെത്തന്നെ.

[61] അവിടന്ന് തന്റെ ശക്തിയുടെ പ്രതീകമായ കൂടാരത്തെ പ്രവാസത്തിലേക്കും തന്റെ മഹത്ത്വത്തെ ശത്രുവിന്റെ കരങ്ങളിലേക്കും ഏൽപ്പിച്ചുകൊടുത്തു.

[62] സ്വജനത്തെ അവിടന്ന് വാൾത്തലയ്ക്ക് വിട്ടുകൊടുത്തു; അവിടന്ന് തന്റെ അവകാശത്തോട് രോഷാകുലനായി.

[63] അവരുടെ യുവാക്കന്മാരെ അഗ്നി വിഴുങ്ങിക്കളഞ്ഞു, അവരുടെ യുവതികൾക്ക് വിവാഹഗീതങ്ങൾ ഉണ്ടായതുമില്ല;

[64] അവരുടെ പുരോഹിതന്മാർ വാളിനിരയായി, അവരുടെ വിധവമാർക്കു വിലപിക്കാൻ കഴിഞ്ഞതുമില്ല.

[65] അപ്പോൾ കർത്താവ് തന്റെ നിദ്രവിട്ടുണർന്നു, മദ്യലഹരിവിട്ട് ഒരു യോദ്ധാവ് ഉണരുന്നതുപോലെതന്നെ.

[66] അവിടന്ന് തന്റെ ശത്രുക്കൾക്ക് തിരിച്ചടിനൽകി; അവരെ എന്നെന്നേക്കുമായി ലജ്ജയിലേക്കു തള്ളിവിട്ടു.

[67] എന്നാൽ അവിടന്ന് യോസേഫിന്റെ കൂടാരത്തെ ഉപേക്ഷിച്ചു, എഫ്രയീംഗോത്രത്തെ തെരഞ്ഞെടുത്തതുമില്ല;

[68] എന്നാൽ അവിടന്ന് യെഹൂദാഗോത്രത്തെ, താൻ സ്നേഹിക്കുന്ന സീയോൻപർവതത്തെ തെരഞ്ഞെടുത്തു.

[69] അവിടന്ന് തന്റെ തിരുനിവാസം അത്യുന്നതങ്ങളെപ്പോലെ സ്ഥാപിച്ചു, താൻ എന്നേക്കുമായി സ്ഥാപിച്ച ഭൂമിയെ എന്നപോലെതന്നെ.

[70] അവിടന്ന് തന്റെ ദാസനായ ദാവീദിനെ തെരഞ്ഞെടുത്തു, ആട്ടിൻതൊഴുത്തിൽനിന്നുതന്നെ അദ്ദേഹത്തെ എടുത്തു;

[71] ആടുകളെ വളർത്തുന്നതിൽനിന്ന് അദ്ദേഹത്തെ കൂട്ടിക്കൊണ്ടുവന്നു, തന്റെ ജനമായ യാക്കോബിന്, തന്റെ അവകാശമായ ഇസ്രായേലിന് ഇടയനായിരിക്കുന്നതിനുവേണ്ടിത്തന്നെ.

[72] ഹൃദയപരമാർഥതയോടെ അദ്ദേഹം അവരെ മേയിച്ചു; കരവിരുതോടെ അദ്ദേഹം അവരെ നയിച്ചു.

സങ്കീർത്തനങ്ങൾ — Chapters