[1] യഹോവ എന്റെ പ്രകാശവും എന്റെ രക്ഷയും ആകുന്നു— ഞാൻ ആരെ ഭയപ്പെടും? യഹോവ എന്റെ ജീവന്റെ അഭയസ്ഥാനം— ഞാൻ ആരെ പേടിക്കും?
[2] എന്നെ വിഴുങ്ങുന്നതിനായി ദുഷ്ടർ എനിക്കെതിരേ പാഞ്ഞടുക്കുമ്പോൾ, എന്റെ ശത്രുക്കളും വിരോധികളും എന്നെ ആക്രമിക്കുമ്പോൾ അവരാണ് കാലിടറി നിലംപൊത്തുന്നത്!
[3] ഒരു സൈന്യം എനിക്കെതിരേ ഉപരോധം തീർക്കുമ്പോൾ എന്റെ ഹൃദയം ഭയരഹിതമായിരിക്കും, എനിക്കെതിരേ ഒരു യുദ്ധം പൊട്ടിപ്പുറപ്പെട്ടാലും ഞാൻ ചഞ്ചലചിത്തനാകുകയില്ല.
[4] യഹോവയോട് ഞാൻ ഒരു കാര്യം അപേക്ഷിക്കുന്നു; ഇതുതന്നെയാണെന്റെ ആഗ്രഹവും: യഹോവയുടെ മനോഹാരിത ദർശിക്കുന്നതിനും അവിടത്തെ ആലയത്തിൽ ധ്യാനിക്കുന്നതിനുമായി എന്റെ ജീവിതകാലംമുഴുവൻ യഹോവയുടെ ആലയത്തിൽ അധിവസിക്കുന്നതിനുതന്നെ.
[5] അനർഥദിവസത്തിൽ അവിടന്ന് തന്റെ തിരുനിവാസത്തിൽ എനിക്കു സംരക്ഷണം നൽകും; അവിടന്ന് തന്റെ കൂടാരത്തിൽ എന്നെ ഒളിപ്പിക്കും ഒരു പാറമേൽ എന്നെ ഉയർത്തിനിർത്തും.
[6] അപ്പോൾ എന്റെ ശിരസ്സ് എന്നെ വലയംചെയ്യുന്ന ശത്രുക്കൾക്കുമീതേ ഉയർന്നുനിൽക്കും; ആനന്ദഘോഷത്തോടുകൂടി അവിടത്തെ കൂടാരത്തിൽ ഞാൻ യാഗം അർപ്പിക്കും; ഞാൻ വാദ്യഘോഷത്തോടെ യഹോവയ്ക്ക് പാടും.
[7] യഹോവേ, ഞാൻ വിളിച്ചപേക്ഷിക്കുമ്പോൾ എന്റെ ശബ്ദം കേൾക്കണമേ; എന്നോടു കരുണതോന്നി എനിക്കുത്തരമരുളണമേ.
[8] “അങ്ങയുടെ മുഖമന്വേഷിക്കുക!” എന്റെ ഹൃദയം അങ്ങയെപ്പറ്റി എന്നോട് മന്ത്രിക്കുന്നു. യഹോവേ, തിരുമുഖം ഞാൻ അന്വേഷിക്കും.
[9] അങ്ങയുടെ മുഖം എന്നിൽനിന്നും മറയ്ക്കരുതേ, കോപത്തോടെ അങ്ങയുടെ ദാസനെ തള്ളിക്കളയരുതേ; അവിടന്നാണല്ലോ എന്റെ സഹായകൻ. എന്റെ രക്ഷകനായ ദൈവമേ, എന്നെ കൈവിടുകയോ ഉപേക്ഷിക്കുകയോ ചെയ്യരുതേ.
[10] എന്റെ മാതാവും പിതാവും എന്നെ ഉപേക്ഷിച്ചാലും യഹോവ എന്നെ ചേർത്തണയ്ക്കും.
[11] യഹോവേ, അവിടത്തെ വഴി എന്നെ പഠിപ്പിക്കണമേ; എനിക്കായ് പതിയിരിക്കുന്നവർനിമിത്തം എന്നെ നേർപാതകളിൽ നടത്തണമേ.
[12] എന്റെ ശത്രുക്കളുടെ ആഗ്രഹത്തിന് എന്നെ ഏൽപ്പിച്ചുകൊടുക്കരുതേ, കാരണം എനിക്കെതിരേ കള്ളസാക്ഷികൾ എഴുന്നേറ്റിരിക്കുന്നു, അവർ എനിക്കെതിരേ ക്രൂരത നിശ്വസിക്കുന്നു.
[13] ഒരു കാര്യത്തിലെനിക്ക് ഉത്തമ വിശ്വാസമുണ്ട്: ജീവനുള്ളവരുടെ ദേശത്ത് യഹോവയുടെ നന്മ ഞാൻ ദർശിക്കും.
[14] യഹോവയ്ക്കായി കാത്തിരിക്കുക; ശക്തരായിരിക്കുക, സുധീരരായിരിക്കുക യഹോവയ്ക്കായി കാത്തിരിക്കുക.