Skip to content
Opens in a new window

[1] യഹോവ വാഴുന്നു, ഭൂമി ഉല്ലസിക്കട്ടെ; വിദൂരതീരങ്ങൾ ആഹ്ലാദിക്കട്ടെ;

[2] മേഘവും അന്ധതമസ്സും അവിടത്തെ വലയംചെയ്തിരിക്കുന്നു; നീതിയും ന്യായവും അവിടത്തെ സിംഹാസനത്തിന്റെ അടിസ്ഥാനം ആകുന്നു.

[3] അഗ്നി അങ്ങേക്കുമുമ്പേ പുറപ്പെടുന്നു ചുറ്റുമുള്ള തന്റെ എതിരാളികളെ ദഹിപ്പിക്കുന്നു.

[4] അവിടത്തെ മിന്നൽപ്പിണരുകൾ പ്രപഞ്ചത്തെ പ്രകാശിപ്പിക്കുന്നു; ഭൂമി അതു കാണുകയും പ്രകമ്പനംകൊള്ളുകയുംചെയ്യുന്നു.

[5] പർവതങ്ങൾ യഹോവയുടെമുമ്പിൽ മെഴുകുപോലെ ഉരുകുന്നു, സർവഭൂമിയുടെയും കർത്താവിന്റെ മുമ്പിൽത്തന്നെ.

[6] ആകാശം അവിടത്തെ നീതി പ്രഖ്യാപിക്കുകയും ജനതകൾ അവിടത്തെ മഹത്ത്വം ദർശിക്കുകയുംചെയ്യുന്നു.

[7] പ്രതിമകളെ ആരാധിക്കുന്ന എല്ലാവരും ലജ്ജിതരായിത്തീരും, വിഗ്രഹങ്ങളിൽ പ്രശംസിക്കുന്നവരും അങ്ങനെതന്നെ— സകലദേവതകളുമേ, യഹോവയെ നമസ്കരിക്കുക!

[8] യഹോവേ, അവിടത്തെ ന്യായവിധികൾനിമിത്തം സീയോൻ കേൾക്കുകയും ആനന്ദിക്കുകയും യെഹൂദാപുത്രിമാർ ആഹ്ലാദിക്കുകയും ചെയ്യുന്നു.

[9] കാരണം യഹോവേ, അങ്ങാണല്ലോ സർവഭൂമിക്കുംമീതേ അത്യുന്നതൻ; അവിടന്ന് സകലദേവന്മാരെക്കാളും അത്യന്തം ഉന്നതൻതന്നെ.

[10] യഹോവയെ സ്നേഹിക്കുന്നവർ തിന്മ വെറുക്കട്ടെ, കാരണം അവിടന്ന് തന്റെ വിശ്വസ്തരുടെ പ്രാണനെ കാക്കുന്നു അവരെ ദുഷ്ടരുടെ കൈകളിൽനിന്നു മോചിപ്പിക്കുന്നു.

[11] നീതിനിഷ്ഠരുടെമേൽ പ്രകാശം ഉദിക്കുന്നു; ഹൃദയപരമാർഥികളുടെമേൽ ആനന്ദവും.

[12] നീതിനിഷ്ഠരേ, യഹോവയിൽ ആനന്ദിക്കുകയും അവിടത്തെ വിശുദ്ധനാമത്തെ പുകഴ്ത്തുകയും ചെയ്യുക.

സങ്കീർത്തനങ്ങൾ — Chapters