Skip to content
Opens in a new window

[1] ദൈവമേ, രാജാവിന് അങ്ങയുടെ ന്യായവും രാജകുമാരന് അങ്ങയുടെ നീതിനിഷ്ഠയും കൽപ്പിച്ചുനൽകണമേ.

[2] അദ്ദേഹം അവിടത്തെ ജനത്തെ നീതിയോടും പീഡിതരെ ന്യായത്തോടുംകൂടെ ന്യായപാലനംചെയ്യട്ടെ.

[3] പർവതങ്ങൾ ജനത്തിനു സമൃദ്ധിയും കുന്നുകൾ നീതിയുടെ ഫലങ്ങളും നൽകട്ടെ.

[4] ജനത്തിലെ പീഡിതർക്ക് അദ്ദേഹം പ്രതിരോധം തീർക്കും ദരിദ്രരുടെ മക്കളെ മോചിപ്പിക്കും; പീഡകരെ അദ്ദേഹം തകർക്കും

[5] സൂര്യനും ചന്ദ്രനുമുള്ള കാലത്തോളം എല്ലാ തലമുറകളിലുമുള്ള ജനം അദ്ദേഹത്തെ ഭയപ്പെടട്ടെ.

[6] അദ്ദേഹം വെട്ടിയൊതുക്കിയ പുൽപ്പുറങ്ങളിൽ പെയ്യുന്ന മഴപോലെയും ഭൂമിയെ നനയ്ക്കുന്ന വർഷംപോലെയും ആയിരിക്കട്ടെ.

[7] അദ്ദേഹത്തിന്റെ ദിനങ്ങളിൽ നീതിനിഷ്ഠർ അഭിവൃദ്ധിപ്രാപിക്കും ചന്ദ്രൻ ഉള്ളകാലത്തോളം ഐശ്വര്യസമൃദ്ധിയുണ്ടാകും.

[8] സമുദ്രംമുതൽ സമുദ്രംവരെയും യൂഫ്രട്ടീസ് നദിമുതൽ ഭൂമിയുടെ അറ്റത്തോളവും അദ്ദേഹം ഭരണംനടത്തട്ടെ.

[9] മരുഭൂവാസികൾ അദ്ദേഹത്തിന്റെമുമ്പിൽ വണങ്ങുകയും അദ്ദേഹത്തിന്റെ ശത്രുക്കൾ പൊടി നക്കുകയുംചെയ്യട്ടെ.

[10] തർശീശിലെയും വിദൂരതീരങ്ങളിലെയും ആളുകൾ അദ്ദേഹത്തിന്റെമുമ്പിൽ കപ്പംകൊണ്ടുവരട്ടെ. ശേബയിലെയും സേബയിലെയും രാജാക്കന്മാർ ഉപഹാരങ്ങൾ കൊണ്ടുവരട്ടെ.

[11] എല്ലാ രാജാക്കന്മാരും അദ്ദേഹത്തിന്റെമുമ്പിൽ താണുവണങ്ങുകയും സകലരാഷ്ട്രങ്ങളും അദ്ദേഹത്തെ സേവിക്കുകയുംചെയ്യട്ടെ.

[12] കാരണം തന്നോടു നിലവിളിക്കുന്ന ദരിദ്രരെയും ആശ്രയമറ്റ പീഡിതരെയും അദ്ദേഹം മോചിപ്പിക്കും.

[13] ബലഹീനരോടും ദരിദ്രരോടും അദ്ദേഹം കരുണകാണിക്കും അദ്ദേഹം ദരിദ്രരെ മരണത്തിൽനിന്നു രക്ഷിക്കുകയും ചെയ്യും.

[14] പീഡനത്തിൽനിന്നും അക്രമത്തിൽനിന്നും അദ്ദേഹം അവരെ മോചിപ്പിക്കും, അവരുടെ രക്തം അദ്ദേഹത്തിന്റെ ദൃഷ്ടിയിൽ വിലപ്പെട്ടതായിരിക്കും.

[15] രാജാവ് നീണാൾ വാഴട്ടെ! ശേബയിലെ സ്വർണം അദ്ദേഹത്തിന് കാഴ്ചയായി അർപ്പിക്കപ്പെടട്ടെ. ജനം അദ്ദേഹത്തിനുവേണ്ടി നിരന്തരം പ്രാർഥിക്കുകയും ദിവസം മുഴുവൻ അദ്ദേഹത്തെ അനുഗ്രഹിക്കുകയും ചെയ്യട്ടെ.

[16] ദേശത്തുടനീളം ധാന്യം സുലഭമായി വിളയട്ടെ; കുന്നിൻമുകളിൽ അവ ആലോലമാടട്ടെ. ലെബാനോൻപോലെ അതു ഫലസമൃദ്ധമാകട്ടെ നഗരവാസികൾ വയലിലെ പുല്ലുപോലെ തഴച്ചുവളരട്ടെ.

[17] അദ്ദേഹത്തിന്റെ നാമം എന്നെന്നേക്കും നിലനിൽക്കട്ടെ; സൂര്യൻ നിലനിൽക്കുന്നകാലത്തോളം അതു സുദീർഘമായിരിക്കട്ടെ. അങ്ങനെ സകലരാഷ്ട്രങ്ങളും അദ്ദേഹത്തിലൂടെ അനുഗ്രഹിക്കപ്പെടട്ടെ, അദ്ദേഹത്തെ അനുഗൃഹീതൻ എന്ന് അവർ വാഴ്ത്തിപ്പാടട്ടെ.

[18] ദൈവം, ഇസ്രായേലിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെടട്ടെ, അവിടന്നുമാത്രം ആണല്ലോ അത്ഭുതങ്ങൾ പ്രവർത്തിക്കുന്നത്.

[19] അവിടത്തെ മഹത്ത്വമാർന്ന നാമം എന്നെന്നേക്കും വാഴ്ത്തപ്പെടട്ടെ; സർവഭൂമിയും അവിടത്തെ മഹത്ത്വത്താൽ നിറയട്ടെ. ആമേൻ, ആമേൻ.

[20] യിശ്ശായിയുടെ പുത്രനായ ദാവീദിന്റെ പ്രാർഥനകൾ സമാപ്തം.

സങ്കീർത്തനങ്ങൾ — Chapters