[1] യഹോവയ്ക്കു സ്തോത്രംചെയ്യുക, അവിടത്തെ നാമം വിളിച്ചപേക്ഷിക്കുക; അവിടത്തെ പ്രവൃത്തി ജനതകൾക്കിടയിൽ വിളംബരംചെയ്യുക.
[2] അവിടത്തേക്ക് പാടുക, അവിടത്തേക്ക് സ്തോത്രഗീതങ്ങൾ ആലപിക്കുക; അവിടത്തെ അത്ഭുതപ്രവൃത്തികൾ വർണിക്കുക.
[3] അവിടത്തെ വിശുദ്ധനാമത്തിൽ അഭിമാനംകൊള്ളുക; യഹോവയെ അന്വേഷിക്കുന്നവരുടെ ഹൃദയം ആനന്ദിക്കട്ടെ.
[4] യഹോവയെയും അവിടത്തെ ശക്തിയെയും അന്വേഷിക്കുക; എപ്പോഴും അവിടത്തെ മുഖവും.
[5] യഹോവയുടെ ദാസനായ അബ്രാഹാമിന്റെ സന്തതികളേ, അവിടന്ന് തെരഞ്ഞെടുത്ത യാക്കോബിന്റെ മക്കളേ, അവിടന്നു ചെയ്ത അത്ഭുതപ്രവൃത്തികൾ ഓർക്കുക, അവിടത്തെ അത്ഭുതങ്ങളും ന്യായവിധികളും സ്മരിക്കുക.
[7] അവിടന്ന് നമ്മുടെ ദൈവമായ യഹോവ ആകുന്നു; അവിടത്തെ ന്യായവിധികൾ ഭൂതലത്തിലെല്ലാം ഉണ്ട്.
[8] അവിടന്നു തന്റെ ഉടമ്പടി എന്നേക്കും ഓർക്കുന്നു, അവിടത്തെ വാഗ്ദത്തം ഒരായിരം തലമുറകൾവരെയും
[9] അവിടന്ന് അബ്രാഹാമിനോടു ചെയ്ത ഉടമ്പടിയും യിസ്ഹാക്കിനോടു ചെയ്ത ശപഥവുംതന്നെ.
[10] അവിടന്ന് അത് യാക്കോബിന് ഒരു പ്രമാണമായും ഇസ്രായേലിന് ഒരു ശാശ്വത ഉടമ്പടിയായും ഉറപ്പിച്ചുനൽകി:
[11] “നിങ്ങളുടെ അവകാശത്തിന്റെ ഓഹരിയായി, ഞാൻ നിങ്ങൾക്ക് കനാൻദേശം നൽകും.”
[12] അന്ന് അവർ എണ്ണത്തിൽ കുറവായിരുന്നപ്പോൾ, ചെറിയൊരുകൂട്ടവും പ്രവാസികളും ആയിരുന്നപ്പോൾ,
[13] അവർ രാഷ്ട്രങ്ങളിൽനിന്ന് രാഷ്ട്രങ്ങളിലേക്കും ഒരു രാജ്യത്തുനിന്ന് മറ്റൊന്നിലേക്കും അലഞ്ഞുതിരിഞ്ഞു.
[14] അവരെ പീഡിപ്പിക്കുന്നതിന് അവിടന്ന് ആരെയും അനുവദിച്ചില്ല; അവർക്കുവേണ്ടി അവിടന്ന് രാജാക്കന്മാരെ ശാസിച്ചു:
[15] “എന്റെ അഭിഷിക്തരെ സ്പർശിക്കരുത്; എന്റെ പ്രവാചകർക്ക് ഒരു ദ്രോഹവും ചെയ്യരുത്.”
[16] അവിടന്ന് ദേശത്ത് ക്ഷാമം വരുത്തുകയും അവർക്ക് ഭക്ഷണം ലഭിക്കുന്നതിനുള്ള മാർഗം ഇല്ലാതാക്കുകയും ചെയ്തു;
[17] അവിടന്ന് ഒരു പുരുഷനെ അവർക്കുമുമ്പായി അയച്ചു— അടിമയായി വിൽക്കപ്പെട്ട യോസേഫിനെത്തന്നെ.
[18] അവർ ചങ്ങലയാൽ അദ്ദേഹത്തിന്റെ പാദങ്ങളിൽ മുറിവേൽപ്പിച്ചു, അദ്ദേഹത്തിന്റെ കഴുത്ത് ഇരുമ്പുപട്ടകൾക്കകത്തായിരുന്നു;
[19] അദ്ദേഹത്തിന്റെ പ്രവചനം യാഥാർഥ്യമാകുന്നതുവരെ, അതേ, യഹോവയുടെ വചനം അദ്ദേഹം സത്യവാനെന്നു തെളിയിക്കുന്നതുവരെത്തന്നെ.
[20] രാജാവ് ആളയച്ച് അദ്ദേഹത്തെ മോചിപ്പിച്ചു, ആ ജനതയുടെ ഭരണാധിപൻ അദ്ദേഹത്തെ സ്വതന്ത്രനാക്കി.
[21] രാജാവ് അദ്ദേഹത്തെ തന്റെ ഭവനത്തിന്റെ അധിപതിയാക്കി, തനിക്കുള്ള സകലസമ്പത്തിന്റെയും ഭരണാധിപനും;
[22] തന്റെ പ്രഭുക്കന്മാർക്ക് യോസേഫിന്റെ ഹിതപ്രകാരം ശിക്ഷണം നൽകുന്നതിനും തന്റെ പ്രമുഖരെ ജ്ഞാനം അഭ്യസിപ്പിക്കുന്നതിനുംതന്നെ.
[23] അതിനുശേഷം ഇസ്രായേൽ ഈജിപ്റ്റിലേക്കു പ്രവേശിച്ചു; ഹാമിന്റെ ദേശത്ത് യാക്കോബ് ഒരു പ്രവാസിയായി താമസിച്ചു.
[24] യഹോവ തന്റെ ജനത്തെ അത്യധികമായി വർധിപ്പിച്ചു; അവരെ അവരുടെ ശത്രുക്കളെക്കാളും അതിശക്തരാക്കി,
[25] അവിടന്ന് അവരുടെ ഹൃദയം തന്റെ ജനത്തെ വെറുക്കുന്നതിനായി തിരിച്ചുവിട്ടു, യഹോവയുടെ സേവകർക്കെതിരേ ഗൂഢാലോചന നടത്തുന്നതിനായിത്തന്നെ.
[26] അവിടന്ന് തന്റെ ദാസനായ മോശയെ അയച്ചു, താൻ തെരഞ്ഞെടുത്ത അഹരോനെയും.
[27] അവർ ഈജിപ്റ്റുകാർക്കിടയിൽ അങ്ങയുടെ ചിഹ്നങ്ങളും ഹാമിന്റെ ദേശത്ത് അത്ഭുതങ്ങളും പ്രവർത്തിച്ചു.
[28] അവിടന്ന് ഇരുൾ അയച്ച് ദേശത്തെ അന്ധകാരമാക്കി; അവർ അവിടത്തെ ഉത്തരവുകൾ പാലിക്കാതിരുന്നതിനാൽത്തന്നെ.
[29] അവിടന്ന് അവരുടെ വെള്ളം മുഴുവനും രക്തമാക്കി; അവരുടെ മത്സ്യങ്ങളെ കൊന്നുകളഞ്ഞു.
[30] അവരുടെ ദേശത്ത് തവളകൾ തിങ്ങിനിറഞ്ഞു, അവ ഭരണാധിപന്മാരുടെ കിടപ്പുമുറികളിൽപോലും എത്തിച്ചേർന്നു.
[31] അവിടന്ന് ആജ്ഞാപിച്ചു, ഈച്ചകൾ കൂട്ടമായി വന്നണഞ്ഞു, അവരുടെ ദേശത്തെല്ലാം പേനും പെരുകി.
[32] മഴയ്ക്കുപകരമായി അവിടന്നവർക്ക് കന്മഴനൽകി, ദേശത്തിലുടനീളം മിന്നൽപ്പിണരുകൾ വീശിയടിച്ചു;
[33] അവിടന്ന് അവരുടെ മുന്തിരിവള്ളികളും അത്തിമരങ്ങളും രാജ്യത്തുടനീളമുള്ള സകലവൃക്ഷങ്ങളും തകർത്തുകളഞ്ഞു.
[34] അവിടന്ന് ഉത്തരവുനൽകി, വെട്ടുക്കിളി പറന്നുവന്നു, പുൽച്ചാടികളുടെ എണ്ണം അസംഖ്യമായിരുന്നു;
[35] അവ ദേശത്തെ പച്ചിലകൾ സകലതും തിന്നൊടുക്കി, നിലത്തിലെ സകലവിളവും അവ തിന്നുതീർത്തു.
[36] അതിനുശേഷം ദേശത്തിലെ സകല ആദ്യജാതന്മാരെയും അവിടന്ന് സംഹരിച്ചു, അവരുടെ പൗരുഷത്തിന്റെ ആദ്യഫലങ്ങളെത്തന്നെ.
[37] അവിടന്ന് ഇസ്രായേലിനെ വെള്ളിയോടും സ്വർണത്തോടുംകൂടെ പുറപ്പെടുവിച്ചു, ഇസ്രായേൽഗോത്രങ്ങളിൽ ആരുടെയും അടിപതറിയില്ല.
[38] അവർ പുറപ്പെട്ടപ്പോൾ ഈജിപ്റ്റ് ആഹ്ലാദിച്ചു; ഇസ്രായേലിനെപ്പറ്റിയുള്ള ഭീതി അവരുടെമേൽ വീണിരുന്നതിനാൽത്തന്നെ.
[39] അവർക്കുമീതേ ആവരണമായി അവിടന്ന് ഒരു മേഘത്തെ വിരിച്ചു, രാത്രി പ്രകാശത്തിനായി അഗ്നിയും അവർക്കു നൽകി.
[40] അവർ ചോദിച്ചു, അപ്പോൾ അങ്ങ് അവർക്ക് കാടപ്പക്ഷികളെ നൽകി; ആകാശത്തുനിന്നുള്ള അപ്പംകൊണ്ട് അവരെ തൃപ്തരാക്കി.
[41] അവിടന്ന് പാറയെ പിളർന്നു, വെള്ളം പൊട്ടിപ്പുറപ്പെട്ടു; മരുഭൂമിയിലതൊരു നദിപോലെ ഒഴുകി.
[42] അവിടന്ന് തന്റെ ദാസനായ അബ്രാഹാമിനു നൽകിയ വിശുദ്ധ വാഗ്ദാനത്തെ ഓർത്തതിനാൽത്തന്നെ.
[43] അവിടന്ന് തന്റെ ജനത്തെ ആനന്ദത്തോടും തന്റെ തെരഞ്ഞെടുക്കപ്പെട്ടവരെ ആഹ്ലാദാരവത്തോടുംകൂടെ ആനയിച്ചു.
[44] അവിടന്ന് അവർക്ക് ഇതര രാഷ്ട്രങ്ങളുടെ ഭൂപ്രദേശം നൽകി, അങ്ങനെ അന്യരുടെ അധ്വാനഫലം അവർ അവകാശമായി അനുഭവിച്ചു—
[45] അവർ അവിടത്തെ പ്രമാണങ്ങൾ പാലിക്കേണ്ടതിനും അവിടത്തെ നിയമങ്ങൾ അനുസരിക്കേണ്ടതിനുംതന്നെ. യഹോവയെ വാഴ്ത്തുക.