[1] ഭൂമിയും അതിലുള്ള സകലതും യഹോവയ്ക്കുള്ളത്, ഭൂലോകവും അതിൽ അധിവസിക്കുന്ന സകലരും;
[2] കാരണം, സമുദ്രത്തിന്മേൽ അവിടന്ന് അതിന് അടിസ്ഥാനമിടുകയും ജലവിതാനങ്ങൾക്കുമേൽ അത് സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു.
[3] യഹോവയുടെ പർവതത്തിൽ ആരാണ് കയറിച്ചെല്ലുക? അവിടത്തെ വിശുദ്ധസ്ഥാനത്ത് ആരാണ് നിൽക്കുക?
[4] വെടിപ്പുള്ള കൈകളും നിർമലഹൃദയവുമുള്ളവർ, വിഗ്രഹത്തിൽ ആശ്രയിക്കാതെയും വ്യാജശപഥം ചെയ്യാതെയുമിരിക്കുന്നവർതന്നെ.
[5] അവർ യഹോവയിൽനിന്നുള്ള അനുഗ്രഹം ആസ്വദിക്കുകയും അവരുടെ രക്ഷകനായ ദൈവത്തിൽനിന്നു കുറ്റവിമുക്തി പ്രാപിക്കുകയും ചെയ്യും.
[6] ഇങ്ങനെയുള്ളവരാകുന്നു അങ്ങയെ അന്വേഷിക്കുന്നവരുടെ തലമുറ, യാക്കോബിന്റെ ദൈവമേ, തിരുമുഖം തേടുന്നവർ ഇവർതന്നെ. സേലാ.
[7] കവാടങ്ങളേ, നിങ്ങളുടെ ശിരസ്സ് ഉയർത്തുക; പുരാതന കവാടങ്ങളേ, ഉയരുക, മഹത്ത്വത്തിന്റെ രാജാവ് പ്രവേശിക്കട്ടെ.
[8] മഹത്ത്വത്തിന്റെ രാജാവ് ആരാണ്? ശക്തനും വീരനുമായ യഹോവ, യുദ്ധവീരനായ യഹോവതന്നെ.
[9] കവാടങ്ങളേ, നിങ്ങളുടെ ശിരസ്സ് ഉയർത്തുക; പുരാതന കവാടങ്ങളേ, ഉയരുക, മഹത്ത്വത്തിന്റെ രാജാവ് പ്രവേശിക്കട്ടെ.
[10] മഹത്ത്വത്തിന്റെ രാജാവ് ആരാണ്? സൈന്യങ്ങളുടെ യഹോവ— അവിടന്നാണ് മഹത്ത്വത്തിന്റെ രാജാവ്. സേലാ.