Skip to content
Opens in a new window

[1] ദൈവമേ, അവിടത്തെ അചഞ്ചലസ്നേഹത്തിന് അനുയോജ്യമായവിധത്തിൽ, അടിയനോടു കരുണയുണ്ടാകണമേ; അങ്ങയുടെ മഹാകാരുണ്യംനിമിത്തം എന്റെ ലംഘനങ്ങൾ മായിച്ചുകളയണമേ.

[2] എന്റെ എല്ലാവിധ അകൃത്യങ്ങളും കഴുകിക്കളഞ്ഞ് എന്റെ പാപത്തിൽനിന്ന് എന്നെ ശുദ്ധീകരിക്കണമേ.

[3] എന്റെ അതിക്രമങ്ങൾ ഞാനറിയുന്നു, എന്റെ പാപം എപ്പോഴും എന്റെ കൺമുമ്പിലുണ്ട്.

[4] അവിടത്തേക്കെതിരായി, അവിടത്തോടുമാത്രം ഞാൻ പാപംചെയ്തിരിക്കുന്നു അവിടത്തെ ദൃഷ്ടിയിൽ ഞാൻ തിന്മ പ്രവർത്തിച്ചിരിക്കുന്നു; ആകയാൽ അവിടത്തെ ന്യായത്തീർപ്പുകൾ നീതിയുക്തവും അവിടത്തെ വിധിന്യായം ന്യായയുക്തവുമാകുന്നു.

[5] ഇതാ ഞാൻ പിറന്നത് പാപിയായിട്ടാണ്, എന്റെ അമ്മ എന്നെ ഗർഭംധരിച്ചപ്പോൾത്തന്നെ ഞാൻ പാപിയാണ്.

[6] അന്തരാത്മാവിലെ സത്യമാണല്ലോ അവിടന്ന് അഭിലഷിക്കുന്നത്; ഹൃദയാന്തർഭാഗത്തിലും എന്നെ ജ്ഞാനം അഭ്യസിപ്പിച്ചു.

[7] ഈസോപ്പുകൊണ്ട് എന്നെ ശുദ്ധീകരിക്കണമേ, അപ്പോൾ ഞാൻ നിർമലനാകും; എന്നെ കഴുകണമേ, അപ്പോൾ ഞാൻ ഹിമത്തെക്കാൾ വെണ്മയുള്ളവനാകും.

[8] ആനന്ദവും ആഹ്ലാദവും എന്നെ കേൾപ്പിക്കണമേ; അവിടന്ന് തകർത്ത അസ്ഥികൾ ഉല്ലസിക്കട്ടെ.

[9] എന്റെ പാപങ്ങളിൽനിന്നും തിരുമുഖം മറയ്ക്കണമേ എന്റെ അകൃത്യങ്ങളെല്ലാം മായിച്ചുകളയണമേ.

[10] ദൈവമേ, നിർമലമായൊരു ഹൃദയം എന്നിൽ സൃഷ്ടിക്കണമേ, അചഞ്ചലമായ ഒരാത്മാവിനെ എന്നിൽ പുതുക്കണമേ.

[11] അവിടത്തെ സന്നിധാനത്തിൽനിന്ന് എന്നെ പുറന്തള്ളുകയോ അവിടത്തെ പരിശുദ്ധാത്മാവിനെ എന്നിൽനിന്ന് എടുത്തുകളയുകയോ അരുതേ.

[12] അവിടത്തെ രക്ഷയുടെ സന്തോഷത്തിലേക്ക് എന്നെ മടക്കിവരുത്തണമേ, അനുസരിക്കാൻ ഒരുക്കമുള്ള ഒരു ആത്മാവിനെ അനുവദിച്ചുനൽകി എന്നെ താങ്ങിനിർത്തണമേ.

[13] അപ്പോൾ ഞാൻ അതിക്രമികൾക്ക് അവിടത്തെ വഴികൾ അഭ്യസിപ്പിച്ചുകൊടുക്കും, അങ്ങനെ പാപികൾ തിരുസന്നിധിയിലേക്ക് മടങ്ങിവരികയും ചെയ്യും.

[14] ദൈവമേ, എന്റെ രക്ഷയുടെ ദൈവമേ, രക്തംചൊരിഞ്ഞ കുറ്റത്തിൽനിന്ന് എന്നെ വിടുവിക്കണമേ, അപ്പോൾ എന്റെ നാവ് അവിടത്തെ നീതിയെപ്പറ്റി പാടും.

[15] കർത്താവേ, എന്റെ അധരങ്ങളെ തുറക്കണമേ; എന്റെ നാവ് അവിടത്തെ സ്തുതിഗാനമാലപിക്കട്ടെ.

[16] അവിടന്ന് യാഗം അഭിലഷിക്കുന്നില്ലല്ലോ, അങ്ങനെയായിരുന്നെങ്കിൽ ഞാനത് അർപ്പിക്കുമായിരുന്നു. ദഹനയാഗങ്ങളിൽ അവിടന്ന് പ്രസാദിക്കുന്നതുമില്ല.

[17] ദൈവത്തിന് ഹിതകരമായ യാഗം തകർന്ന മനസ്സല്ലോ; പശ്ചാത്താപത്താൽ തകർന്ന ഹൃദയത്തെ ദൈവമേ, അവിടന്നൊരിക്കലും നിരസിക്കുകയില്ലല്ലോ.

[18] അവിടത്തെ പ്രസാദംമൂലം സീയോനെ അഭിവൃദ്ധിപ്പെടുത്തണമേ, ജെറുശലേമിന്റെ മതിലുകളെ പണിയണമേ.

[19] അപ്പോൾ നീതിമാന്റെ അർപ്പണങ്ങൾ; ദഹനയാഗങ്ങൾ, അവിടത്തേക്ക് പ്രസാദകരമായ സമ്പൂർണദഹനയാഗങ്ങൾതന്നെ അർപ്പിക്കപ്പെടും; അപ്പോൾ അവിടത്തെ യാഗപീഠത്തിൽ കാളകൾ അർപ്പിക്കപ്പെടും. സംഗീതസംവിധായകന്.

സങ്കീർത്തനങ്ങൾ — Chapters