Skip to content
Opens in a new window

[1] യഹോവേ, പ്രതികാരത്തിന്റെ ദൈവമേ, പ്രതികാരത്തിന്റെ ദൈവമേ, പ്രകാശം പരത്തണമേ.

[2] ഭൂമിയുടെ ന്യായാധിപതിയേ, എഴുന്നേൽക്കണമേ; അഹങ്കാരികൾക്ക് അവർ അർഹിക്കുന്ന ശിക്ഷനൽകണമേ.

[3] ദുഷ്ടർ ഇനിയും എത്രനാൾ, യഹോവേ, ദുഷ്ടർ എത്രനാൾ തിമിർത്താഹ്ലാദിക്കും?

[4] അഹന്തനിറഞ്ഞ വാക്കുകൾ അവർ ഉരുവിടുന്നു; അധർമികൾ എല്ലാവരും വമ്പുപറയുന്നു.

[5] യഹോവേ, അവിടത്തെ ജനത്തെ അവർ ഞെരിച്ചമർത്തുന്നു; അങ്ങയുടെ അവകാശത്തെ അവർ പീഡിപ്പിക്കുന്നു.

[6] വിധവകളെയും പ്രവാസികളെയും അവർ കൊന്നൊടുക്കുന്നു; അനാഥരെ അവർ വധിക്കുന്നു.

[7] അവർ ഇപ്രകാരം പറയുന്നു, “യഹോവ കാണുന്നില്ല; യാക്കോബിന്റെ ദൈവം ഗൗനിക്കുന്നില്ല.”

[8] ജനങ്ങൾക്കിടയിലെ വിവേകശൂന്യരായ മനുഷ്യാ, കരുതിയിരിക്കുക; ഭോഷരേ, നിങ്ങൾക്കിനി എന്നാണ് ജ്ഞാനമുദിക്കുക?

[9] കാതുകൾ വെച്ചുപിടിപ്പിച്ചവൻ കേൾക്കാതിരിക്കുമോ? കണ്ണുകൾ രൂപപ്പെടുത്തിയവൻ കാണാതെവരുമോ?

[10] രാഷ്ട്രങ്ങളെ വരുതിയിൽ നിറുത്തിയവൻ ശിക്ഷിക്കാതിരിക്കുമോ? മനുഷ്യവംശത്തെ അഭ്യസിപ്പിക്കുന്നവന് പരിജ്ഞാനം കുറവെന്നുവരുമോ?

[11] മനുഷ്യരുടെ വിചാരങ്ങളെല്ലാം യഹോവ അറിയുന്നു; അവ വ്യർഥമെന്ന് അവിടന്ന് അറിയുന്നു.

[12] യഹോവേ, അവിടന്ന് ശിക്ഷിക്കുന്നവർ അനുഗൃഹീതർ, അങ്ങയുടെ ന്യായപ്രമാണത്തിൽനിന്ന് അവിടന്ന് പഠിപ്പിക്കുന്നവർതന്നെ.

[13] അവിടന്ന് അവർക്ക് ദുരിതദിനങ്ങളിൽ സ്വസ്ഥത നൽകുന്നു, ദുഷ്ടർക്കുവേണ്ടി ഒരു കുഴി കുഴിക്കപ്പെടുന്നതുവരെ.

[14] കാരണം യഹോവ തന്റെ ജനത്തെ തള്ളിക്കളയുകയില്ല; അവിടന്ന് തന്റെ അവകാശത്തെ ഉപേക്ഷിക്കുകയുമില്ല.

[15] ന്യായവിധി വീണ്ടും നീതിയിൽ അധിഷ്ഠിതമായിരിക്കും ഹൃദയപരമാർഥികൾ എല്ലാവരും അത് പിൻതുടരും.

[16] ദുഷ്ടരെ നേരിടുന്നതിനായി ആരാണ് എനിക്കുവേണ്ടി എഴുന്നേൽക്കുന്നത്? ആര് എനിക്കുവേണ്ടി അധർമികളോട് എതിർത്തുനിൽക്കും?

[17] യഹോവ എനിക്ക് സഹായി ആയിരുന്നില്ലെങ്കിൽ, ഞാൻ അതിവേഗത്തിൽ മരണത്തിന്റെ നിശ്ശബ്ദതയിൽ പാർക്കുമായിരുന്നു.

[18] “എന്റെ കാൽ വഴുതുന്നു,” എന്നു ഞാൻ പറഞ്ഞപ്പോൾ, യഹോവേ, അവിടത്തെ അചഞ്ചലസ്നേഹം എനിക്ക് തുണയായിരുന്നു.

[19] എന്റെയുള്ളിൽ ആകുലതകൾ വർധിച്ചപ്പോൾ, അവിടത്തെ സാന്ത്വനം എന്റെ പ്രാണന് ആനന്ദം നൽകി.

[20] അഴിമതിനിറഞ്ഞ സിംഹാസനവുമായി അങ്ങേക്ക് സഖ്യമുണ്ടാകുമോ— ഉത്തരവുകളിലൂടെ ദുരന്തം വരുത്തുന്ന സിംഹാസനത്തോടുതന്നെ?

[21] അവർ നീതിനിഷ്ഠർക്കെതിരേ ഒത്തുചേർന്ന് നിരപരാധികളെ മരണത്തിന് വിധിക്കുന്നു.

[22] എന്നാൽ യഹോവ എന്റെ ഉറപ്പുള്ള കോട്ടയായിത്തീർന്നിരിക്കുന്നു, അവിടന്ന് എന്റെ ദൈവം, ഞാൻ അഭയംതേടുന്ന പാറയും.

[23] അവിടന്ന് അവരുടെ പാപങ്ങൾക്കു തക്ക പ്രതികാരംചെയ്യും അവരുടെ ദുഷ്‌പ്രവൃത്തികൾമൂലം അവരെ നശിപ്പിക്കും; നമ്മുടെ ദൈവമായ യഹോവ അവരെ തകർത്തുകളയും.

സങ്കീർത്തനങ്ങൾ — Chapters