Skip to content
Opens in a new window

[1] യഹോവേ, എന്നെ കുറ്റവിമുക്തനാക്കണമേ, ഞാൻ നിഷ്കളങ്കജീവിതം നയിക്കുന്നു; യഹോവേ, ഞാൻ അങ്ങയിൽ വിശ്വാസം അർപ്പിച്ചിരിക്കുന്നു യാതൊരു ചാഞ്ചല്യവുമില്ല.

[2] യഹോവേ, എന്നെ പരീക്ഷിക്കുകയും പരിശോധിക്കുകയും ചെയ്യണമേ, എന്റെ ഹൃദയവും എന്റെ അന്തരംഗവും പരിശോധിക്കണമേ;

[3] അവിടത്തെ അചഞ്ചലസ്നേഹം എപ്പോഴും എന്റെ മുമ്പിലുണ്ട് അവിടത്തെ സത്യാനുസാരം ഞാൻ ജീവിച്ചുമിരിക്കുന്നു.

[4] വഞ്ചകരോടുകൂടെ ഞാൻ ഇരിക്കുകയോ കപടഭക്തരോട് ഞാൻ സഹകരിക്കുകയോ ചെയ്യുന്നില്ല.

[5] അധർമം പ്രവർത്തിക്കുന്നവരുടെ സംഘത്തെ ഞാൻ വെറുക്കുന്നു ദുഷ്ടരോടൊപ്പം ഞാൻ ഇരിക്കുകയുമില്ല.

[6] നിഷ്കളങ്കതയിൽ ഞാൻ എന്റെ കൈകൾ കഴുകുന്നു, യഹോവേ, അങ്ങയുടെ യാഗപീഠത്തെ ഞാൻ വലയംവെക്കുന്നു,

[7] അങ്ങയുടെ സ്തുതി ഞാൻ ഉച്ചത്തിൽ ഉദ്ഘോഷിക്കുകയും അവിടത്തെ അത്ഭുതപ്രവൃത്തികളെല്ലാം വർണിക്കുകയും ചെയ്യുന്നു.

[8] യഹോവേ, അങ്ങ് അധിവസിക്കുന്ന ആലയവും അവിടത്തെ മഹത്ത്വത്തിന്റെ നിവാസസ്ഥാനവും ഞാൻ ഇഷ്ടപ്പെടുന്നു.

[9] പാപികളോടൊപ്പം എന്റെ പ്രാണനെയും രക്തദാഹികളോടൊപ്പം എന്റെ ജീവനെയും എടുത്തുകളയരുതേ,

[10] അവരുടെപക്കൽ കുതന്ത്രങ്ങളുണ്ട്, അവരുടെ വലതുകരം കോഴകൊണ്ട് നിറഞ്ഞിരിക്കുന്നു.

[11] എന്നാൽ ഞാൻ സത്യസന്ധമായ ഒരു ജീവിതം പിൻതുടരുന്നു; എന്നെ വീണ്ടെടുക്കണമേ, എന്നോട് കരുണയുണ്ടാകണമേ.

[12] എന്റെ പാദങ്ങൾ സമനിലത്ത് ഉറച്ചുനിൽക്കുന്നു; മഹാസഭയിൽ ഞാൻ യഹോവയെ വാഴ്ത്തും.

സങ്കീർത്തനങ്ങൾ — Chapters