Skip to content
Opens in a new window

[1] യഹോവേ, എന്റെ പ്രാർഥന കേൾക്കണമേ; സഹായത്തിനായുള്ള എന്റെ നിലവിളി തിരുമുമ്പാകെ എത്തട്ടെ.

[2] എന്റെ ദുരിതദിനങ്ങളിൽ അങ്ങയുടെ മുഖം എന്നിൽനിന്നും മറയ്ക്കരുതേ. അങ്ങയുടെ ചെവി എന്നിലേക്കു ചായ്‌ക്കണമേ; ഞാൻ വിളിച്ചപേക്ഷിക്കുമ്പോൾ, വേഗത്തിൽ എനിക്ക് ഉത്തരമരുളണമേ.

[3] എന്റെ ദിനങ്ങൾ പുകപടലംപോലെ പാറിപ്പോകുന്നു; എന്റെ അസ്ഥികൾ കൽക്കരിക്കനൽപോലെ കത്തിയെരിയുന്നു.

[4] എന്റെ ഹൃദയം പുല്ലുപോലെ നശിച്ചുണങ്ങിയിരിക്കുന്നു; ഭക്ഷണം കഴിക്കാൻ ഞാൻ മറന്നുപോകുന്നു.

[5] ഉച്ചത്തിലുള്ള എന്റെ ഞരക്കംമൂലം, ഞാൻ എല്ലുംതോലും ആയിത്തീർന്നിരിക്കുന്നു.

[6] ഞാൻ മരുഭൂമിയിലെ മൂങ്ങപോലെ ആയിരിക്കുന്നു; അവശിഷ്ടങ്ങൾക്കിടയിലെ മൂങ്ങപോലെതന്നെ.

[7] എനിക്ക് ഉറക്കമില്ലാതായിത്തീർന്നിരിക്കുന്നു; പുരമുകളിൽ തനിച്ചിരിക്കുന്ന ഒരു പക്ഷിയെപ്പോലെതന്നെ.

[8] ദിവസംമുഴുവനും എന്റെ ശത്രുക്കൾ എന്നെ അധിക്ഷേപിക്കുന്നു; എന്നെ പരിഹസിക്കുന്നവർ എന്റെ പേരുതന്നെ ഒരു ശാപവാക്കായി ഉപയോഗിക്കുന്നു.

[9] ആഹാരംപോലെ ഞാൻ ചാരം ഭക്ഷിക്കുന്നു എന്റെ പാനീയത്തിൽ ഞാൻ കണ്ണുനീർ കലർത്തുന്നു

[10] അങ്ങയുടെ ഉഗ്രകോപമാണ് ഇതിനെല്ലാം കാരണം; അവിടന്ന് എന്നെ വലിച്ചെടുത്ത് ദൂരേക്ക് എറിഞ്ഞുകളഞ്ഞല്ലോ.

[11] എന്റെ ദിനങ്ങളെല്ലാം സായാഹ്നനിഴൽപോലെ കഴിഞ്ഞുപോകുന്നു; പുല്ലുപോലെ ഞാൻ ഉണങ്ങിപ്പോകുന്നു.

[12] എന്നാൽ യഹോവേ, അവിടന്ന് എന്നേക്കും സിംഹാസനസ്ഥനായിരിക്കുന്നു; അങ്ങയുടെ ഔന്നത്യം എല്ലാ തലമുറകളിലും നിലനിൽക്കുന്നു.

[13] അവിടന്ന് എഴുന്നേൽക്കും, സീയോനോട് കരുണകാണിക്കും; അവളോട് കരുണ കാണിക്കുന്നതിനുള്ള സമയമാണിത്; നിശ്ചയിക്കപ്പെട്ട സമയം വന്നുചേർന്നല്ലോ.

[14] അങ്ങയുടെ സേവകർക്ക് അവളിലെ കല്ലുകളോടു പ്രിയംതോന്നുന്നു; അവളുടെ ധൂളിപോലും അവരിൽ അനുകമ്പ ഉയർത്തുന്നു.

[15] രാഷ്ട്രങ്ങൾ യഹോവയുടെ നാമത്തെ ഭയപ്പെടും, ഭൂമിയിലെ സകലരാജാക്കന്മാരും അവിടത്തെ മഹത്ത്വത്തെ ആദരിക്കും.

[16] കാരണം യഹോവ സീയോനെ പുനർനിർമിക്കുകയും അവിടന്ന് തന്റെ മഹത്ത്വത്തിൽ പ്രത്യക്ഷനാകുകയും ചെയ്യും.

[17] അവിടന്ന് അനാഥരുടെ പ്രാർഥന കേൾക്കും അവരുടെ യാചന അവിടന്ന് നിരാകരിക്കുകയില്ല.

[18] ഇത് വരുംതലമുറകൾക്കുവേണ്ടി രേഖപ്പെടുത്തട്ടെ, അങ്ങനെ നാളിതുവരെ സൃഷ്ടിക്കപ്പെട്ടിട്ടില്ലാത്തവരും യഹോവയെ വാഴ്ത്തട്ടെ:

[19] “തടവുകാരുടെ ഞരക്കം കേൾക്കുന്നതിനും വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവരെ മോചിപ്പിക്കുന്നതിനുംവേണ്ടി; യഹോവ ഉന്നതത്തിലുള്ള തന്റെ വിശുദ്ധമന്ദിരത്തിൽനിന്ന് താഴോട്ടു നോക്കി സ്വർഗത്തിൽനിന്ന് അവിടന്ന് ഭൂമിയെ വീക്ഷിച്ചു.”

[21] ജനതകളും രാജ്യങ്ങളും യഹോവയെ ആരാധിക്കാൻ ഒത്തുചേരുമ്പോൾ,

[22] യഹോവയുടെ നാമം സീയോനിലും അവിടത്തെ സ്തുതി ജെറുശലേമിലും വിളംബരംചെയ്യപ്പെടും.

[23] എന്റെ ജീവിതയാത്ര പൂർത്തിയാകുന്നതിനുമുമ്പേതന്നെ അവിടന്ന് എന്റെ ബലം ക്ഷയിപ്പിച്ചു; അവിടന്ന് എന്റെ നാളുകൾ വെട്ടിച്ചുരുക്കിയിരിക്കുന്നു.

[24] അതിനാൽ ഞാൻ പറഞ്ഞു: “എന്റെ ദൈവമേ, എന്റെ ആയുസ്സിന്റെ മധ്യത്തിൽവെച്ച് എന്നെ എടുക്കരുതേ; അവിടത്തെ സംവത്സരങ്ങൾ തലമുറതലമുറയായി തുടരുന്നുവല്ലോ.

[25] ആദിയിൽ അവിടന്ന് ഭൂമിക്ക് അടിസ്ഥാനമിട്ടു, ആകാശവും അവിടത്തെ കൈകളുടെ പ്രവൃത്തിതന്നെ.

[26] അവ നശിച്ചുപോകും. എന്നാൽ, അങ്ങ് നിലനിൽക്കും; അവയെല്ലാം ഒരു വസ്ത്രംപോലെതന്നെ പിഞ്ചിപ്പോകും. വസ്ത്രം മാറുന്നതുപോലെ അങ്ങ് അവയെ മാറ്റിക്കളയും അവ പുറന്തള്ളപ്പെടും.

[27] എന്നാൽ അങ്ങ് സുസ്ഥിരനായി നിലകൊള്ളും; അങ്ങയുടെ സംവത്സരങ്ങൾ ഒരിക്കലും അവസാനിക്കുകയുമില്ല.

[28] അവിടത്തെ സേവകരുടെ മക്കൾ അങ്ങയുടെ സന്നിധിയിൽ സുരക്ഷിതരായി ജീവിക്കും; അവരുടെ പിൻതലമുറ തിരുമുമ്പാകെ നിലനിൽക്കും.”

സങ്കീർത്തനങ്ങൾ — Chapters