Skip to content
Opens in a new window

[1] അവിടന്ന് എന്നെ കേട്ടിരിക്കയാൽ, ഞാൻ യഹോവയെ സ്നേഹിക്കുന്നു; കരുണയ്ക്കായുള്ള എന്റെ യാചനയും അവിടന്ന് കേട്ടല്ലോ.

[2] അവിടത്തെ ചെവി എന്നിലേക്കു ചായ്ച്ചതുകൊണ്ട്, എന്റെ ജീവിതകാലമൊക്കെയും ഞാൻ അവിടത്തെ വിളിച്ചപേക്ഷിക്കും.

[3] മരണപാശങ്ങൾ എന്നെ ചുറ്റി, പാതാളവേദനകൾ എന്നെ പിടികൂടി; കഷ്ടവും സങ്കടവും എനിക്കു നേരിട്ടു.

[4] അപ്പോൾ “യഹോവേ, എന്നെ രക്ഷിക്കണമേ!” എന്നു ഞാൻ യഹോവയുടെ നാമം വിളിച്ചപേക്ഷിച്ചു.

[5] യഹോവ കൃപയും നീതിയുമുള്ളവൻ ആകുന്നു; നമ്മുടെ ദൈവം ദയാപൂർണൻതന്നെ.

[6] യഹോവ ലളിതമാനസരെ സംരക്ഷിക്കുന്നു; ഞാൻ ഞെരുക്കത്തിൽ ആയിരുന്നപ്പോൾ അവിടന്ന് എന്നെ രക്ഷിച്ചു.

[7] എൻ മനമേ, നിന്റെ സ്വസ്ഥതയിലേക്കു മടങ്ങിവരിക; യഹോവ നിനക്ക് നല്ലവനായിരിക്കുന്നല്ലോ.

[8] യഹോവേ, അവിടന്ന് എന്റെ ജീവനെ മരണത്തിൽനിന്നും എന്റെ കണ്ണുകളെ കണ്ണുനീരിൽനിന്നും എന്റെ കാലുകളെ വീഴ്ചയിൽനിന്നും വിടുവിച്ചിരിക്കുന്നു.

[9] ഞാൻ ജീവനുള്ളവരുടെ ദേശത്ത് യഹോവയുടെമുമ്പാകെ നടക്കേണ്ടതിനുതന്നെ.

[10] ഞാൻ അങ്ങയിൽ വിശ്വസിച്ചു; അതുകൊണ്ട് ഞാൻ പറഞ്ഞു, “ഞാൻ ഏറ്റവും പീഡിതൻ ആയിരിക്കുന്നു;”

[11] എന്റെ പരിഭ്രാന്തിയിൽ ഞാൻ പറഞ്ഞു, “എല്ലാ മനുഷ്യരും വ്യാജംപറയുന്നു.”

[12] യഹോവ എനിക്കു ചെയ്ത സകലനന്മകൾക്കും ഞാൻ അങ്ങേക്ക് എന്തു പകരംനൽകും?

[13] ഞാൻ രക്ഷയുടെ പാനപാത്രം എടുത്ത് യഹോവയുടെ നാമം വിളിച്ചപേക്ഷിക്കും.

[14] അവിടത്തെ ജനങ്ങളുടെയെല്ലാം സാന്നിധ്യത്തിൽ ഞാൻ എന്റെ നേർച്ചകൾ യഹോവയ്ക്ക് അർപ്പിക്കും.

[15] തന്റെ വിശ്വസ്തസേവകരുടെ മരണം യഹോവയുടെ ദൃഷ്ടിയിൽ വിലയേറിയതാകുന്നു.

[16] യഹോവേ, ഞാൻ അങ്ങയുടെ സേവകൻ ആകുന്നു. ഞാൻ അങ്ങയുടെ സേവകൻതന്നെ; അങ്ങയുടെ ദാസിയുടെ പുത്രൻതന്നെ; അങ്ങ് എന്റെ ബന്ധനങ്ങൾ അഴിച്ചിരിക്കുന്നു.

[17] ഞാൻ അങ്ങേക്ക് സ്തോത്രയാഗം അർപ്പിച്ച് യഹോവയുടെ നാമം വിളിച്ചപേക്ഷിക്കും.

[18] അവിടത്തെ ജനങ്ങളുടെയെല്ലാം സാന്നിധ്യത്തിൽ ഞാൻ എന്റെ നേർച്ചകൾ യഹോവയ്ക്ക് അർപ്പിക്കും,

[19] യഹോവയുടെ ആലയത്തിന്റെ അങ്കണത്തിലും— ജെറുശലേമേ, നിന്റെ മധ്യത്തിലുംതന്നെ. യഹോവയെ വാഴ്ത്തുക.

സങ്കീർത്തനങ്ങൾ — Chapters