[1] സർവജനതകളുമേ, നിങ്ങൾ ഇതു കേൾക്കുക; ഈ ഭൂമിയിൽ അധിവസിക്കുന്ന സകലരുമേ, ഇതു ശ്രദ്ധിക്കുക,
[2] താഴ്ന്നവരും ഉന്നതരും ധനികരും ദരിദ്രരും ഒരുപോലെ കേൾക്കുക:
[3] എന്റെ വായ് ജ്ഞാനം സംസാരിക്കും; എന്റെ ഹൃദയത്തിലെ ധ്യാനം വിവേകം മന്ത്രിക്കും.
[4] സുഭാഷിതത്തിനു ഞാൻ എന്റെ ചെവിചായ്‌ക്കും; കിന്നരവാദ്യത്തോടെ ഞാൻ കടങ്കഥയ്ക്ക് ഉത്തരം പറയും:
[5] വഞ്ചകരായ ദുഷ്ടർ എന്നെ വലയംചെയ്യുകയും കഷ്ടതയുടെദിനങ്ങൾ വരികയുംചെയ്യുമ്പോൾ ഞാൻ എന്തിനു ഭയപ്പെടണം?
[6] അവർ അവരുടെ ധനത്തിൽ ആശ്രയിക്കുകയും തങ്ങളുടെ മഹത്തായ സമ്പത്തിൽ ഊറ്റംകൊള്ളുകയും ചെയ്യുന്നവരാണ്.
[7] മറ്റൊരാളുടെ ജീവൻ വീണ്ടെടുക്കുന്നതിനോ അയാളുടെ വീണ്ടെടുപ്പുവില ദൈവത്തിനു നൽകുന്നതിനോ ആരാലും സാധ്യമല്ല—
[8] ഒരാൾ സദാ ജീവിച്ചിരിക്കുന്നതിനും ജീർണത കാണാതിരിക്കുന്നതിനുമായി എന്തു നൽകിയാലും മതിയാകുകയില്ല— ജീവന്റെ മോചനദ്രവ്യം വിലയേറിയതല്ലോ.
[10] ജ്ഞാനികൾ മരണത്തിനു കീഴടങ്ങുന്നതും ഭോഷരും വിവേകമില്ലാത്തവരും നശിക്കുന്നതും അവരുടെ സമ്പാദ്യം മറ്റുള്ളവർക്കായി വിട്ടിട്ടുപോകുന്നതും എല്ലാവരും കാണുന്നു.
[11] ദേശങ്ങൾക്ക് അവർ സ്വന്തം പേരിട്ടുവിളിച്ചാലും, ശവകുടീരങ്ങളായിരിക്കും അവരുടെ ശാശ്വതഭവനം, അനന്തര തലമുറകളിലും അതുതന്നെയാണവരുടെ വിശ്രമസ്ഥാനം.
[12] മനുഷ്യർ എത്ര പ്രതാപശാലികൾ ആയിരുന്നാലും അവർക്ക് അമരത്വം ലഭിക്കുകയില്ല; അവർ നശിച്ചുപോകുന്ന മൃഗത്തിനു തുല്യർ.
[13] സ്വയത്തിലാശ്രയിക്കുന്നവരുടെ വിധിനിർണയം ഇതായിരിക്കും, അവരുടെ വാക്കുകൾ കേട്ട് അവരെ അനുഗമിക്കുന്നവരുടെയും ഗതി ഇതുതന്നെ. സേലാ.
[14] അവർ ആടുകളെപ്പോലെ മൃതലോകത്തിനായി വിധിക്കപ്പെട്ടിരിക്കുന്നു; മരണം അവരുടെ ഇടയനായിരിക്കും എന്നാൽ പ്രഭാതത്തിൽ പരമാർഥതയുള്ളവർ അവരെ നയിക്കും. അവരുടെ രാജകീയ മണിമാളികകളിൽനിന്ന് ദൂരെയുള്ള ശ്മശാനത്തിൽ അവരുടെ ശരീരങ്ങൾ അഴുകിച്ചേരും.
[15] എന്നാൽ ദൈവം എന്റെ ജീവനെ പാതാളത്തിന്റെ അധീനതയിൽനിന്നു വീണ്ടെടുക്കും; അവിടന്നെന്നെ സ്വീകരിക്കും, നിശ്ചയം. സേലാ.
[16] മറ്റുള്ളവരുടെ ധനം വർധിക്കുകയോ അവരുടെ ഭവനത്തിന്റെ മഹത്ത്വം വർധിക്കുകയോ ചെയ്യുമ്പോൾ നീ ഭയപ്പെടേണ്ടതില്ല;
[17] കാരണം, മരിക്കുമ്പോൾ ഒന്നുംതന്നെ അവർ കൊണ്ടുപോകുകയില്ല, അവരുടെ ധനമാഹാത്മ്യം അവരെ പിൻചെല്ലുകയുമില്ല.
[18] ജീവിച്ചിരുന്നപ്പോൾ അവർ സ്വയം അനുഗ്രഹിക്കപ്പെട്ടവർ എന്നു കരുതിവന്നിരുന്നെങ്കിലും— അവരുടെ അഭിവൃദ്ധിയിൽ ജനം അവരെ പുകഴ്ത്തിവന്നെങ്കിലും—
[19] അവർ തങ്ങൾക്കു മുമ്പുണ്ടായിരുന്നവരെപ്പോലെ മരണമടയുന്നു, അവർ ഇനിയൊരിക്കലും വെളിച്ചം കാണുകയില്ല.
[20] സമ്പന്നരെങ്കിലും വിവേകമില്ലാത്തവർ നശിച്ചുപോകുന്ന മൃഗങ്ങൾക്കു സമരായിരിക്കും.