Skip to content
Opens in a new window

[1] ബാബേൽ നദികളുടെ തീരത്ത് ഞങ്ങളിരുന്നു സീയോനെ ഓർത്തപ്പോൾ ഞങ്ങൾ കരഞ്ഞുപോയി.

[2] അവിടെ അലരിവൃക്ഷങ്ങളിൽ ഞങ്ങൾ ഞങ്ങളുടെ കിന്നരങ്ങൾ തൂക്കിയിട്ടു,

[3] കാരണം ഞങ്ങളെ ബന്ദികളാക്കിയവർ ഞങ്ങളോടൊരു ഗാനം ആവശ്യപ്പെട്ടു, “സീയോൻഗീതങ്ങളിലൊന്ന് ഞങ്ങൾക്കായി ആലപിക്കുക, ആനന്ദഗാനങ്ങളിൽ ഒന്നുതന്നെ,” ഞങ്ങളുടെ പീഡകർ ആജ്ഞാപിച്ചു.

[4] ഒരു അന്യദേശത്ത് ആയിരിക്കുമ്പോൾ യഹോവയുടെ ഗാനങ്ങൾ ഞങ്ങൾക്ക് ആലപിക്കാൻ കഴിയുന്നതെങ്ങനെ?

[5] ജെറുശലേമേ, നിന്നെ ഞാൻ മറക്കുന്നെങ്കിൽ, എന്റെ വലതുകരം അതിന്റെ വൈദഗ്ദ്ധ്യം മറന്നുപോകട്ടെ.

[6] ഞാൻ നിന്നെ ഓർക്കാതെപോയാൽ, എന്റെ പരമാനന്ദമായ ജെറുശലേമിനെ കരുതാതെപോയാൽ എന്റെ നാവ് മേലണ്ണാക്കിനോട് ഒട്ടിച്ചേരട്ടെ.

[7] യഹോവേ, ജെറുശലേമിന്റെ പതനദിവസത്തിൽ, ഏദോമ്യർ ചെയ്തത് എന്താണെന്നോർക്കണമേ. “ഇടിച്ചുനിരത്തുക,” അവർ ആക്രോശിച്ചു, “അതിന്റെ അടിത്തറവരെയും തോണ്ടിയെടുക്കുക!”

[8] ബാബേൽപുത്രീ, നശിപ്പിക്കപ്പെടാൻ പോകുന്നവളേ, നീ ഞങ്ങളോടു ചെയ്തതിനൊക്കെ പകരം വീട്ടുന്നവർ ധന്യർ.

[9] നിന്റെ കുഞ്ഞുങ്ങളെ അപഹരിക്കുന്നവർ ധന്യർ; അവരെ പാറമേൽ ആഞ്ഞടിക്കുന്നവരും!

സങ്കീർത്തനങ്ങൾ — Chapters