[1] യഹോവേ, ദാവീദിനെയും അദ്ദേഹം അനുഭവിച്ച എല്ലാ കഷ്ടതകളും ഓർക്കണമേ.
[2] അദ്ദേഹം യഹോവയോട് ഒരു ശപഥംചെയ്തിരിക്കുന്നു, യാക്കോബിന്റെ ശക്തനായവനോട് ഒരു നേർച്ച നേർന്നിരിക്കുന്നു:
[3] “യഹോവയ്ക്കു ഞാൻ ഒരു നിവാസസ്ഥാനം ഒരുക്കുംവരെ, യാക്കോബിന്റെ ശക്തനായവന് ഒരു വാസസ്ഥാനം കണ്ടെത്തുന്നതുവരെ,
[4] ഞാൻ എന്റെ ഭവനത്തിൽ പ്രവേശിക്കുകയോ എന്റെ കിടക്കയിൽ വിശ്രമിക്കുകയോ ചെയ്യുകയില്ല;
[5] ഞാൻ എന്റെ കണ്ണുകൾക്ക് ഉറക്കം കൊടുക്കുകയോ കൺപോളകളെ മയങ്ങാൻ അനുവദിക്കുകയോ ചെയ്യുകയില്ല.”
[6] എഫ്രാത്തയിൽ നാം അതേപ്പറ്റി കേട്ടു, യായീരിന്റെ വയലുകളിൽ നാം അതിനെ കണ്ടെത്തി:
[7] “നമുക്കു തിരുനിവാസത്തിലേക്കു പോകാം അവിടത്തെ പാദപീഠത്തിൽ നമുക്ക് ആരാധിക്കാം,
[8] ‘യഹോവേ, എഴുന്നേൽക്കണമേ! അവിടത്തെ വിശ്രമസ്ഥാനത്തേക്ക് എഴുന്നള്ളണമേ, അങ്ങും അങ്ങയുടെ ശക്തിയുടെ പ്രതീകമായ ഉടമ്പടിയുടെ പേടകവും.
[9] അങ്ങയുടെ പുരോഹിതവൃന്ദം നീതിയിൻവസ്ത്രം അണിയട്ടെ; അങ്ങയുടെ വിശ്വസ്തർ ആനന്ദഗാനം ആലപിക്കട്ടെ.’ ”
[10] അങ്ങയുടെ ദാസനായ ദാവീദിനെയോർത്ത്, അവിടത്തെ അഭിഷിക്തനെ തിരസ്കരിക്കരുതേ.
[11] യഹോവ ദാവീദിനോടൊരു ശപഥംചെയ്തു, അവിടന്ന് അതിൽനിന്നൊരിക്കലും പിന്തിരിയുകയില്ല: “നിന്റെ പിൻതലമുറക്കാരിൽ ഒരുവനെ ഞാൻ നിന്റെ സിംഹാസനത്തിൽ അവരോധിക്കും.
[12] നിന്റെ മക്കൾ എന്റെ ഉടമ്പടി പാലിക്കുകയും ഞാൻ അഭ്യസിപ്പിച്ച എന്റെ നിയമം പിൻതുടരുകയും ചെയ്താൽ, അവരുടെ മക്കളും നിന്റെ സിംഹാസനത്തിൽ എന്നുമെന്നും വാഴും.”
[13] കാരണം യഹോവ സീയോനെ തെരഞ്ഞെടുത്തിരിക്കുന്നു, അതു തന്റെ നിവാസസ്ഥാനമാക്കാൻ അവിടന്ന് ആഗ്രഹിച്ചു,
[14] “ഇതാണ് എന്നെന്നേക്കും എന്റെ വിശ്രമസ്ഥാനം; ഇവിടെ ഞാൻ സിംഹാസനസ്ഥനായിരിക്കും, കാരണം ഞാനതാഗ്രഹിച്ചു.
[15] അവൾക്ക് ആവശ്യമായ വിഭവങ്ങളെല്ലാം ഞാൻ സമൃദ്ധമായി നൽകും; അവളുടെ ദരിദ്രരെ ഞാൻ ഭക്ഷണം നൽകി സംതൃപ്തരാക്കും.
[16] അവളുടെ പുരോഹിതവൃന്ദത്തെ ഞാൻ രക്ഷ ധരിപ്പിക്കും, അവളുടെ വിശ്വസ്തർ സദാ ആനന്ദഗാനം ആലപിക്കും.
[17] “ഇവിടെ ഞാൻ ദാവീദിന് ഒരു കൊമ്പു മുളപ്പിക്കും എന്റെ അഭിഷിക്തന് ഞാൻ ഒരു വിളക്ക് ഒരുക്കിയിരിക്കുന്നു.
[18] അദ്ദേഹത്തിന്റെ ശത്രുക്കളെ ഞാൻ ലജ്ജകൊണ്ടു പൊതിയും, എന്നാൽ അദ്ദേഹത്തിന്റെ ശിരസ്സ് തേജോമയമായ കിരീടത്താൽ അലംകൃതമായിരിക്കും.”