Skip to content
Opens in a new window
Listen to this chapter • 3:15

[1] പ്രതികാരത്തിന്റെ ദൈവമായ യഹോവേ, പ്രതികാരത്തിന്റെ ദൈവമേ, പ്രകാശിക്കേണമേ.

[2] ഭൂമിയുടെ ന്യായാധിപതിയേ എഴുന്നേല്ക്കേണമേ; ഡംഭികൾക്കു നീ പ്രതികാരം ചെയ്യേണമേ.

[3] യഹോവേ, ദുഷ്ടന്മാർ എത്രത്തോളം, ദുഷ്ടന്മാർ എത്രത്തോളം ഘോഷിച്ചുല്ലസിക്കും?

[4] അവർ ശകാരിച്ചു ധാർഷ്ട്യം സംസാരിക്കുന്നു; നീതികേടു പ്രവർത്തിക്കുന്ന ഏവരും വമ്പു പറയുന്നു.

[5] യഹോവേ, അവർ നിന്റെ ജനത്തെ തകർത്തുകളയുന്നു; നിന്റെ അവകാശത്തെ പീഡിപ്പിക്കുന്നു.

[6] അവർ വിധവയെയും പരദേശിയെയും കൊല്ലുന്നു; അനാഥന്മാരെ അവർ ഹിംസിക്കുന്നു.

[7] യഹോവ കാണുകയില്ല എന്നും യാക്കോബിന്റെ ദൈവം ഗ്രഹിക്കയില്ലെന്നും അവർ പറയുന്നു.

[8] ജനത്തിൽ മൃഗപ്രായരായവരേ, ചിന്തിച്ചുകൊൾവിൻ; ഭോഷന്മാരേ, നിങ്ങൾക്കു എപ്പോൾ ബുദ്ധിവരും?

[9] ചെവിയെ നട്ടവൻ കേൾക്കയില്ലയോ? കണ്ണിനെ നിർമ്മിച്ചവൻ കാണുകയില്ലയോ?

[10] ജാതികളെ ശിക്ഷിക്കുന്നവൻ ശാസിക്കയില്ലയോ? അവൻ മനുഷ്യർക്കു ജ്ഞാനം ഉപദേശിച്ചുകൊടുക്കുന്നില്ലയോ?

[11] മനുഷ്യരുടെ വിചാരങ്ങളെ മായ എന്നു യഹോവ അറിയുന്നു.

[12] യഹോവേ, ദുഷ്ടന്നു കുഴി കുഴിക്കുവോളം അനർത്ഥദിവസത്തിൽ നീ അവനെ വിശ്രമിപ്പിക്കേണ്ടതിന്നു

[13] നീ ശിക്ഷിക്കയും നിന്റെ ന്യായപ്രമാണം നീ ഉപദേശിക്കയും ചെയ്യുന്ന മനുഷ്യൻ ഭാഗ്യവാൻ.

[14] യഹോവ തന്റെ ജനത്തെ തള്ളിക്കളകയില്ല; തന്റെ അവകാശത്തെ കൈവിടുകയുമില്ല.

[15] ന്യായവിധി നീതിയിലേക്കു തിരിഞ്ഞുവരും; പരമാർത്ഥഹൃദയമുള്ളവരൊക്കെയും അതിനോടു യോജിക്കും.

[16] ദുഷ്കർമ്മികളുടെ നേരെ ആർ എനിക്കു വേണ്ടി എഴുന്നേല്ക്കും? നീതികേടു പ്രവർത്തിക്കുന്നവരോടു ആർ എനിക്കു വേണ്ടി എതിർത്തുനില്ക്കും?

[17] യഹോവ എനിക്കു സഹായമായിരുന്നില്ലെങ്കിൽ എന്റെ പ്രാണൻ വേഗം മൗനവാസം ചെയ്യുമായിരുന്നു.

[18] എന്റെ കാൽ വഴുതുന്നു എന്നു ഞാൻ പറഞ്ഞപ്പോൾ യഹോവേ, നിന്റെ ദയ എന്നെ താങ്ങി.

[19] എന്റെ ഉള്ളിലെ വിചാരങ്ങളുടെ ബഹുത്വത്തിൽ നിന്റെ ആശ്വാസങ്ങൾ എന്റെ പ്രാണനെ തണുപ്പിക്കുന്നു.

[20] നിയമത്തിന്നു വിരോധമായി കഷ്ടത നിർമ്മിക്കുന്ന ദുഷ്ടസിംഹാസനത്തിന്നു നിന്നോടു സഖ്യത ഉണ്ടാകുമോ?

[21] നീതിമാന്റെ പ്രാണന്നു വിരോധമായി അവർ കൂട്ടംകൂടുന്നു; കുറ്റമില്ലാത്ത രക്തത്തെ അവർ ശിക്ഷെക്കു വിധിക്കുന്നു.

[22] എങ്കിലും യഹോവ എനിക്കു ഗോപുരവും എന്റെ ശരണശൈലമായ എന്റെ ദൈവവും ആകുന്നു.

[23] അവൻ അവരുടെ നീതികേടു അവരുടെമേൽ തന്നേ വരുത്തും; അവരുടെ ദുഷ്ടതയിൽ തന്നേ അവരെ സംഹരിക്കും; നമ്മുടെ ദൈവമായ യഹോവ അവരെ സംഹരിച്ചുകളയും.

സങ്കീർത്തനങ്ങൾ — Chapters