Skip to content
Opens in a new window
Listen to this chapter • 1:58

[1] ദൈവപുത്രന്മാരേ, യഹോവെക്കു കൊടുപ്പിൻ, യഹോവെക്കു മഹത്വവും ശക്തിയും കൊടുപ്പിൻ.

[2] യഹോവെക്കു അവന്റെ നാമത്തിന്റെ മഹത്ത്വം കൊടുപ്പിൻ; വിശുദ്ധാലങ്കാരം ധരിച്ചു യഹോവയെ നമസ്കരിപ്പിൻ.

[3] യഹോവയുടെ ശബ്ദം വെള്ളത്തിൻമീതെ മുഴങ്ങുന്നു; പെരുവെള്ളത്തിൻമീതെ യഹോവ, മഹത്വത്തിന്റെ ദൈവം തന്നേ, ഇടിമുഴക്കുന്നു.

[4] യഹോവയുടെ ശബ്ദം ശക്തിയോടെ മുഴങ്ങുന്നു; യഹോവയുടെ ശബ്ദം മഹിമയോടെ മുഴങ്ങുന്നു.

[5] യഹോവയുടെ ശബ്ദം ദേവദാരുക്കളെ തകർക്കുന്നു; യഹോവ ലെബാനോനിലെ ദേവദാരുക്കളെ തകർക്കുന്നു.

[6] അവൻ അവയെ കാളക്കുട്ടിയെപ്പോലെയും ലെബാനോനെയും സിര്യോനെയും കാട്ടുപോത്തിൻ കുട്ടിയെപ്പോലെയും തുള്ളിക്കുന്നു.

[7] യഹോവയുടെ ശബ്ദം അഗ്നിജ്വാലകളെ ചിന്നിക്കുന്നു.

[8] യഹോവയുടെ ശബ്ദം മരുഭൂമിയെ നടുക്കുന്നു; യഹോവ കാദേശ് മരുവിനെ നടുക്കുന്നു.

[9] യഹോവയുടെ ശബ്ദം മാൻപേടകളെ പ്രസവിക്കുമാറാക്കുന്നു; അതു വനങ്ങളെ തോലുരിക്കുന്നു; അവന്റെ മന്ദിരത്തിൽ സകലവും മഹത്ത്വം എന്നു ചൊല്ലുന്നു.

[10] യഹോവ ജലപ്രളയത്തിന്മീതെ ഇരുന്നു; യഹോവ എന്നേക്കും രാജാവായി ഇരിക്കുന്നു.

[11] യഹോവ തന്റെ ജനത്തിന്നു ശക്തി നല്കും; യഹോവ തന്റെ ജനത്തെ സമാധാനം നല്കി അനുഗ്രഹിക്കും.

സങ്കീർത്തനങ്ങൾ — Chapters