Skip to content
Opens in a new window
Listen to this chapter • 2:49

[1] എന്റെ പാറയാകുന്ന യഹോവ വാഴ്ത്തപ്പെട്ടവൻ; അവൻ യുദ്ധത്തിന്നു എന്റെ കൈകളെയും പോരിന്നു എന്റെ വിരലുകളെയും അഭ്യസിപ്പിക്കുന്നു.

[2] എന്റെ ദയയും എന്റെ കോട്ടയും എന്റെ ഗോപുരവും എന്റെ രക്ഷകനും എന്റെ പരിചയും ഞാൻ ശരണമാക്കിയവനും എന്റെ ജനത്തെ എനിക്കു കീഴാക്കിത്തരുന്നവനും അവൻ തന്നേ.

[3] യഹോവേ, മനുഷ്യനെ നീ ഗണ്യമാക്കുവാൻ അവൻ എന്തു? മർത്യപുത്രനെ നീ വിചാരിപ്പാൻ അവൻ എന്തുമാത്രം?

[4] മനുഷ്യൻ ഒരു ശ്വാസത്തിന്നു തുല്യമത്രെ. അവന്റെ ആയുഷ്കാലം കടന്നുപോകുന്ന നിഴൽപോലെയാകുന്നു.

[5] യഹോവേ, ആകാശം ചായിച്ചു ഇറങ്ങിവരേണമേ; പർവ്വതങ്ങൾ പുകയുവാൻ തക്കവണ്ണം അവയെ തൊടേണമേ.

[6] മിന്നലിനെ അയച്ചു അവരെ ചിതറിക്കേണമേ; നിന്റെ അസ്ത്രങ്ങൾ എയ്തു അവരെ തോല്പിക്കേണമേ.

[7] ഉയരത്തിൽനിന്നു തൃക്കൈ നീട്ടി എന്നെ വിടുവിക്കേണമേ; പെരുവെള്ളത്തിൽനിന്നും അന്യജാതിക്കാരുടെ കയ്യിൽനിന്നും എന്നെ രക്ഷിക്കേണമേ!

[8] അവരുടെ വായ് ഭോഷ്കു സംസാരിക്കുന്നു; അവരുടെ വലങ്കൈ വ്യാജമുള്ള വലങ്കയ്യാകുന്നു.

[9] ദൈവമേ, ഞാൻ നിനക്കു പുതിയോരു പാട്ടുപാടും; പത്തു കമ്പിയുള്ള വീണകൊണ്ടു ഞാൻ നിനക്കു കീർത്തനം ചെയ്യും.

[10] നീ രാജാക്കന്മാർക്കു ജയം നല്കുകയും നിന്റെ ദാസനായ ദാവീദിനെ ദോഷകരമായ വാളിങ്കൽനിന്നു രക്ഷിക്കയും ചെയ്യുന്നുവല്ലോ.

[11] അന്യജാതിക്കാരുടെ കയ്യിൽനിന്നു എന്നെ വിടുവിച്ചു രക്ഷിക്കേണമേ; അവരുടെ വായ് ഭോഷ്കു സംസാരിക്കുന്നു; അവരുടെ വലങ്കൈ വ്യാജമുള്ള വലങ്കയ്യാകുന്നു.

[12] ഞങ്ങളുടെ പുത്രന്മാർ ബാല്യത്തിൽ തഴെച്ചു വളരുന്ന തൈകൾപോലെയും ഞങ്ങളുടെ പുത്രിമാർ അരമനയുടെ മാതിരിയായി കൊത്തിയ മൂലത്തൂണുകൾപോലെയും ഇരിക്കട്ടെ.

[13] ഞങ്ങളുടെ കളപ്പുരകൾ വിവിധധാന്യം നല്കുവാന്തക്കവണ്ണം നിറഞ്ഞിരിക്കട്ടെ. ഞങ്ങളുടെ ആടുകൾ ഞങ്ങളുടെ പുല്പുറങ്ങളിൽ ആയിരമായും പതിനായിരമായും പെറ്റുപെരുകട്ടെ.

[14] ഞങ്ങളുടെ കാളകൾ ചുമടു ചുമക്കട്ടെ; മതിൽ തകർക്കുന്നതും പടെക്കു പുറപ്പെടുന്നതും ഞങ്ങളുടെ വീഥികളിൽ നിലവിളിയും ഇല്ലാതിരിക്കട്ടെ.

[15] ഈ സ്ഥിതിയിൽ ഇരിക്കുന്ന ജനം ഭാഗ്യമുള്ളതു; യഹോവ ദൈവമായിരിക്കുന്ന ജനം ഭാഗ്യമുള്ളതു തന്നേ.

സങ്കീർത്തനങ്ങൾ — Chapters