Skip to content
Opens in a new window
Listen to this chapter • 2:53

[1] എന്റെ ദൈവമായ രാജാവേ, ഞാൻ നിന്നെ പുകഴ്ത്തും; ഞാൻ നിന്റെ നാമത്തെ എന്നെന്നേക്കും വാഴ്ത്തും.

[2] നാൾതോറും ഞാൻ നിന്നെ വാഴ്ത്തും; ഞാൻ നിന്റെ നാമത്തെ എന്നെന്നേക്കും സ്തുതിക്കും.

[3] യഹോവ വലിയവനും അത്യന്തം സ്തുത്യനും ആകുന്നു; അവന്റെ മഹിമ അഗോചരമത്രേ.

[4] തലമുറതലമുറയോടു നിന്റെ ക്രിയകളെ പുകഴ്ത്തി നിന്റെ വീര്യപ്രവൃത്തികളെ പ്രസ്താവിക്കും.

[5] നിന്റെ പ്രതാപത്തിന്റെ തേജസ്സുള്ള മഹത്വത്തെയും നിന്റെ അത്ഭുതകാര്യങ്ങളെയും ഞാൻ ധ്യാനിക്കും.

[6] മനുഷ്യർ നിന്റെ ഭയങ്കരപ്രവൃത്തികളുടെ ബലം പ്രസ്താവിക്കും; ഞാൻ നിന്റെ മഹിമയെ വർണ്ണിക്കും.

[7] അവർ നിന്റെ വലിയ നന്മയുടെ ഓർമ്മയെ പ്രസിദ്ധമാക്കും; നിന്റെ നീതിയെക്കുറിച്ചു ഘോഷിച്ചുല്ലസിക്കും.

[8] യഹോവ കൃപയും കരുണയും ദീർഘക്ഷമയും മഹാദയയും ഉള്ളവൻ.

[9] യഹോവ എല്ലാവർക്കും നല്ലവൻ; തന്റെ സകലപ്രവൃത്തികളോടും അവന്നു കരുണ തോന്നുന്നു.

[10] യഹോവേ, നിന്റെ സകലപ്രവൃത്തികളും നിനക്കു സ്തോത്രം ചെയ്യും; നിന്റെ ഭക്തന്മാർ നിന്നെ വാഴ്ത്തും.

[11] മനുഷ്യപുത്രന്മാരോടു അവന്റെ വീര്യപ്രവൃത്തികളും അവന്റെ രാജത്വത്തിൻതേജസ്സുള്ള മഹത്വവും പ്രസ്താവിക്കേണ്ടതിന്നു

[12] അവർ നിന്റെ രാജത്വത്തിന്റെ മഹത്ത്വം പ്രസിദ്ധമാക്കി നിന്റെ ശക്തിയെക്കുറിച്ചു സംസാരിക്കും.

[13] നിന്റെ രാജത്വം നിത്യരാജത്വം ആകുന്നു; നിന്റെ ആധിപത്യം തലമുറതലമുറയായി ഇരിക്കുന്നു.

[14] വീഴുന്നവരെ ഒക്കെയും യഹോവ താങ്ങുന്നു; കുനിഞ്ഞിരിക്കുന്നവരെ ഒക്കെയും അവൻ നിവിർത്തുന്നു.

[15] എല്ലാവരുടെയും കണ്ണു നിന്നെ നോക്കി കാത്തിരിക്കുന്നു; നീ തത്സമയത്തു അവർക്കു ഭക്ഷണം കൊടുക്കുന്നു.

[16] നീ തൃക്കൈ തുറന്നു ജീവനുള്ളതിന്നൊക്കെയും പ്രസാദംകൊണ്ടു തൃപ്തിവരുത്തുന്നു.

[17] യഹോവ തന്റെ സകലവഴികളിലും നീതിമാനും തന്റെ സകലപ്രവൃത്തികളിലും ദയാലുവും ആകുന്നു.

[18] യഹോവ, തന്നേ വിളിച്ചപേക്ഷിക്കുന്ന ഏവർക്കും, സത്യമായി തന്നേ വിളിച്ചപേക്ഷിക്കുന്ന ഏവർക്കും സമീപസ്ഥനാകുന്നു.

[19] തന്റെ ഭക്തന്മാരുടെ ആഗ്രഹം അവൻ സാധിപ്പിക്കും; അവരുടെ നിലവിളി കേട്ടു അവരെ രക്ഷിക്കും.

[20] യഹോവ തന്നേ സ്നേഹിക്കുന്ന ഏവരേയും പരിപാലിക്കുന്നു; എന്നാൽ സകല ദുഷ്ടന്മാരെയും അവൻ നശിപ്പിക്കും;

[21] എന്റെ വായ് യഹോവയുടെ സ്തുതിയെ പ്രസ്താവിക്കും; സകല ജഡവും അവന്റെ വിശുദ്ധനാമത്തെ എന്നെന്നേക്കും വാഴ്ത്തട്ടെ.

സങ്കീർത്തനങ്ങൾ — Chapters