Skip to content
Opens in a new window
Listen to this chapter • 3:18

[1] ഞാൻ എന്റെ ശബ്ദം ഉയർത്തി ദൈവത്തോടു, എന്റെ ശബ്ദം ഉയർത്തി ദൈവത്തോടു തന്നേ നിലവിളിക്കും; അവൻ എനിക്കു ചെവിതരും.

[2] കഷ്ടദിവസത്തിൽ ഞാൻ യഹോവയെ അന്വേഷിച്ചു, രാത്രിയിൽ എന്റെ കൈ തളരാതെ മലർത്തിയിരുന്നു; എന്റെ ഉള്ളം ആശ്വാസം നിരസിച്ചു.

[3] ഞാൻ ദൈവത്തെ ഓർത്തു വ്യാകുലപ്പെടുന്നു; ഞാൻ ധ്യാനിച്ചു, എന്റെ ആത്മാവു വിഷാദിക്കുന്നു. സേലാ.

[4] നീ എന്റെ കണ്ണിന്നു ഉറക്കം തടുത്തിരിക്കുന്നു; സംസാരിപ്പാൻ കഴിയാതവണ്ണം ഞാൻ വ്യാകുലപ്പെട്ടിരിക്കുന്നു.

[5] ഞാൻ പൂർവ്വദിവസങ്ങളെയും പണ്ടത്തെ സംവത്സരങ്ങളെയും വിചാരിക്കുന്നു.

[6] രാത്രിയിൽ ഞാൻ എന്റെ സംഗീതം ഓർക്കുന്നു; എന്റെ ഹൃദയംകൊണ്ടു ഞാൻ ധ്യാനിക്കുന്നു; എന്റെ ആത്മാവും ശോധന കഴിക്കുന്നു.

[7] കർത്താവു എന്നേക്കും തള്ളിക്കളയുമോ? അവൻ ഇനി ഒരിക്കലും അനുകൂലമായിരിക്കയില്ലയോ?

[8] അവന്റെ ദയ സദാകാലത്തേക്കും പൊയ്പോയോ? അവന്റെ വാഗ്ദാനം തലമുറതലമുറയോളം ഇല്ലാതെയായ്പോയോ?

[9] ദൈവം കൃപ കാണിപ്പാൻ മറന്നിരിക്കുന്നുവോ? അവൻ കോപത്തിൽ തന്റെ കരുണ അടെച്ചുകളഞ്ഞിരിക്കുന്നുവോ? സേലാ.

[10] എന്നാൽ അതു എന്റെ കഷ്ടതയാകുന്നു; അത്യുന്നതന്റെ വലങ്കൈ വരുത്തിയ സംവത്സരങ്ങൾ തന്നേ എന്നു ഞാൻ പറഞ്ഞു.

[11] ഞാൻ യഹോവയുടെ പ്രവൃത്തികളെ വർണ്ണിക്കും; നിന്റെ പണ്ടത്തെ അത്ഭുതങ്ങളെ ഞാൻ ഓർക്കും.

[12] ഞാൻ നിന്റെ സകലപ്രവൃത്തിയെയും കുറിച്ചു ധ്യാനിക്കും; നിന്റെ ക്രിയകളെക്കുറിച്ചു ഞാൻ ചിന്തിക്കും.

[13] ദൈവമേ, നിന്റെ വഴി വിശുദ്ധമാകുന്നു; നമ്മുടെ ദൈവത്തെപ്പോലെ വലിയ ദൈവം ആരുള്ളു?

[14] നീ അത്ഭുതം പ്രവർത്തിക്കുന്ന ദൈവം ആകുന്നു; നിന്റെ ബലത്തെ നീ ജാതികളുടെ ഇടയിൽ വെളിപ്പെടുത്തിയിരിക്കുന്നു.

[15] തൃക്കൈകൊണ്ടു നീ നിന്റെ ജനത്തെ വീണ്ടെടുത്തിരിക്കുന്നു; യാക്കോബിന്റെയും യോസേഫിന്റെയും മക്കളെ തന്നേ. സേലാ.

[16] ദൈവമേ, വെള്ളങ്ങൾ നിന്നെ കണ്ടു, വെള്ളങ്ങൾ നിന്നെ കണ്ടു ഭ്രമിച്ചു, ആഴികളും വിറെച്ചുപോയി.

[17] മേഘങ്ങൾ വെള്ളം ചൊരിഞ്ഞു; ആകാശം നാദം മുഴക്കി; നിന്റെ അസ്ത്രങ്ങൾ പരക്കെ പറന്നു.

[18] നിന്റെ ഇടിമുഴക്കം ചുഴലിക്കാറ്റിൽ മുഴങ്ങി; മിന്നലുകൾ ഭൂതലത്തെ പ്രകാശിപ്പിച്ചു; ഭൂമി കുലുങ്ങി നടുങ്ങിപ്പോയി.

[19] നിന്റെ വഴി സമുദ്രത്തിലും നിന്റെ പാതകൾ പെരുവെള്ളത്തിലും ആയിരുന്നു; നിന്റെ കാൽചുവടുകളെ അറിയാതെയുമിരുന്നു.

[20] മോശെയുടെയും അഹരോന്റെയും കയ്യാൽ നീ നിന്റെ ജനത്തെ ഒരു ആട്ടിൻകൂട്ടത്തെ പോലെ നടത്തി.

സങ്കീർത്തനങ്ങൾ — Chapters