Skip to content
Opens in a new window
Listen to this chapter • 2:45

[1] ദൈവമേ, മിണ്ടാതെയിരിക്കരുതേ; ദൈവമേ, മൗനമായും സ്വസ്ഥമായും ഇരിക്കരുതേ.

[2] ഇതാ, നിന്റെ ശത്രുക്കൾ കലഹിക്കുന്നു; നിന്നെ പകെക്കുന്നവർ തല ഉയർത്തുന്നു.

[3] അവർ നിന്റെ ജനത്തിന്റെ നേരെ ഉപായം വിചാരിക്കയും നിന്റെ ഗുപ്തന്മാരുടെ നേരെ ദുരാലോചന കഴിക്കയും ചെയ്യുന്നു.

[4] വരുവിൻ, യിസ്രായേൽ ഒരു ജാതിയായിരിക്കാതവണ്ണം നാം അവരെ മുടിച്ചുകളക. അവരുടെ പേർ ഇനി ആരും ഓർക്കരുതു എന്നു അവർ പറഞ്ഞു.

[5] അവർ ഇങ്ങനെ ഐകമത്യത്തോടെ ആലോചിച്ചു, നിനക്കു വിരോധമായി സഖ്യത ചെയ്യുന്നു.

[6] ഏദോമ്യരുടെയും യിശ്മായേല്യരുടെയും കൂടാരങ്ങളും മോവാബ്യരും ഹഗര്യരും കൂടെ,

[7] ഗെബാലും അമ്മോനും അമാലേക്കും, ഫെലിസ്ത്യദേശവും സോർനിവാസികളും;

[8] അശ്ശൂരും അവരോടു യോജിച്ചു; അവർ ലോത്തിന്റെ മക്കൾക്കു സഹായമായിരുന്നു സേലാ.

[9] മിദ്യാന്യരോടു ചെയ്തതുപോലെ അവരോടു ചെയ്യേണമേ; കീശോൻതോട്ടിങ്കൽവെച്ചു സീസരയോടും യാബീനോടും ചെയ്തതുപോലെ തന്നേ.

[10] അവർ എൻദോരിൽവെച്ചു നശിച്ചുപോയി; അവർ നിലത്തിന്നു വളമായി തീർന്നു.

[11] അവരുടെ കുലീനന്മാരെ ഓരേബ്, സേബ് എന്നവരെപ്പോലെയും അവരുടെ സകലപ്രഭുക്കന്മാരെയും സേബഹ്, സല്മൂന്നാ എന്നവരെപ്പോലെയും ആക്കേണമേ.

[12] നാം ദൈവത്തിന്റെ നിവാസങ്ങളെ നമുക്കു അവകാശമാക്കിക്കൊള്ളുക എന്നു അവർ പറഞ്ഞുവല്ലോ.

[13] എന്റെ ദൈവമേ, അവരെ ചുഴലിക്കാറ്റത്തെ പൊടിപോലെയും കാറ്റത്തു പാറുന്ന പതിർപോലെയും ആക്കേണമേ.

[14] വനത്തെ ദഹിപ്പിക്കുന്ന തീപോലെയും പർവ്വതങ്ങളെ ചുട്ടുകളയുന്ന അഗ്നിജ്വാലപോലെയും

[15] നിന്റെ കൊടുങ്കാറ്റുകൊണ്ടു അവരെ പിന്തുടരേണമേ; നിന്റെ ചുഴലിക്കാറ്റുകൊണ്ടു അവരെ ഭ്രമിപ്പിക്കേണമേ.

[16] യഹോവേ, അവർ തിരുനാമത്തെ അന്വേഷിക്കേണ്ടതിന്നു നീ അവരുടെ മുഖത്തെ ലജ്ജാപൂർണ്ണമാക്കേണമേ.

[17] അവർ എന്നേക്കും ലജ്ജിച്ചു ഭ്രമിക്കയും നാണിച്ചു നശിച്ചുപോകയും ചെയ്യട്ടെ.

[18] അങ്ങനെ അവർ യഹോവ എന്നു നാമമുള്ള നീ മാത്രം സർവ്വഭൂമിക്കുംമീതെ അത്യുന്നതൻ എന്നു അറിയും.

സങ്കീർത്തനങ്ങൾ — Chapters