Skip to content
Opens in a new window
Listen to this chapter • 6:27

[1] യഹോവയെ സ്തുതിപ്പിൻ; യഹോവെക്കു സ്തോത്രം ചെയ്‌വിൻ; അവൻ നല്ലവനല്ലോ; അവന്റെ ദയ എന്നേക്കും ഉള്ളതു.

[2] യഹോവയുടെ വീര്യപ്രവൃത്തികളെ ആർ വർണ്ണിക്കും? അവന്റെ സ്തുതിയെ ഒക്കെയും ആർ വിവരിക്കും?

[3] ന്യായത്തെ പ്രമാണിക്കുന്നവരും എല്ലായ്പോഴും നീതി പ്രവർത്തിക്കുന്നവനും ഭാഗ്യവാന്മാർ.

[4] യഹോവേ, നീ തിരഞ്ഞെടുത്തവരുടെ നന്മ ഞാൻ കാണേണ്ടതിന്നും നിന്റെ ജനത്തിന്റെ സന്തോഷത്തിൽ സന്തോഷിക്കേണ്ടതിന്നും നിന്റെ അവകാശത്തോടുകൂടെ പുകഴേണ്ടതിന്നും

[5] നിന്റെ ജനത്തോടുള്ള കടാക്ഷപ്രകാരം എന്നെ ഓർത്തു, നിന്റെ രക്ഷകൊണ്ടു എന്നെ സന്ദർശിക്കേണമേ.

[6] ഞങ്ങൾ ഞങ്ങളുടെ പിതാക്കന്മാരെപ്പോലെ പാപം ചെയ്തു; ഞങ്ങൾ അകൃത്യവും ദുഷ്ടതയും പ്രവർത്തിച്ചു.

[7] ഞങ്ങളുടെ പിതാക്കന്മാർ മിസ്രയീമിൽവെച്ചു നിന്റെ അത്ഭുതങ്ങളെ ഗ്രഹിക്കാതെയും നിന്റെ മഹാദയയെ ഓർക്കാതെയും കടല്ക്കരയിൽ, ചെങ്കടല്ക്കരയിൽവെച്ചു തന്നേ മത്സരിച്ചു.

[8] എന്നിട്ടും അവൻ തന്റെ മഹാശക്തി വെളിപ്പെടുത്തേണ്ടതിന്നു തന്റെ നാമംനിമിത്തം അവരെ രക്ഷിച്ചു.

[9] അവൻ ചെങ്കടലിനെ ശാസിച്ചു, അതു ഉണങ്ങിപ്പോയി; അവൻ അവരെ മരുഭൂമിയിൽകൂടി എന്നപോലെ ആഴിയിൽകൂടി നടത്തി.

[10] അവൻ പകയന്റെ കയ്യിൽനിന്നു അവരെ രക്ഷിച്ചു; ശത്രുവിന്റെ കയ്യിൽനിന്നു അവരെ വീണ്ടെടുത്തു.

[11] വെള്ളം അവരുടെ വൈരികളെ മൂടിക്കളഞ്ഞു; അവരിൽ ഒരുത്തനും ശേഷിച്ചില്ല.

[12] അവർ അവന്റെ വചനങ്ങളെ വിശ്വസിച്ചു; അവന്നു സ്തുതിപാടുകയും ചെയ്തു.

[13] എങ്കിലും അവർ വേഗത്തിൽ അവന്റെ പ്രവൃത്തികളെ മറന്നു; അവന്റെ ആലോചനെക്കു കാത്തിരുന്നതുമില്ല.

[14] മരുഭൂമിയിൽവെച്ചു അവർ ഏറ്റവും മോഹിച്ചു; നിർജ്ജനപ്രദേശത്തു അവർ ദൈവത്തെ പരീക്ഷിച്ചു.

[15] അവർ അപേക്ഷിച്ചതു അവൻ അവർക്കുകൊടുത്തു; എങ്കിലും അവരുടെ പ്രാണന്നു ക്ഷയം അയച്ചു.

[16] പാളയത്തിൽവെച്ചു അവർ മോശെയോടും യഹോവയുടെ വിശുദ്ധനായ അഹരോനോടും അസൂയപ്പെട്ടു.

[17] ഭൂമി പിളർന്നു ദാഥാനെ വിഴുങ്ങി; അബീരാമിന്റെ കൂട്ടത്തെയും മൂടിക്കളഞ്ഞു.

[18] അവരുടെ കൂട്ടത്തിൽ തീ കത്തി; അഗ്നിജ്വാല ദുഷ്ടന്മാരെ ദഹിപ്പിച്ചുകളഞ്ഞു.

[19] അവർ ഹോരേബിൽവെച്ചു ഒരു കാളക്കുട്ടിയെ ഉണ്ടാക്കി; വാർത്തുണ്ടാക്കിയ വിഗ്രഹത്തെ നമസ്കരിച്ചു.

[20] ഇങ്ങനെ അവർ തങ്ങളുടെ മഹത്വമായവനെ പുല്ലു തിന്നുന്ന കാളയോടു സദ്രശനാക്കി തീർത്തു.

[21] മിസ്രയീമിൽ വലിയ കാര്യങ്ങളും ഹാമിന്റെ ദേശത്തു അത്ഭുതപ്രവൃത്തികളും

[22] ചെങ്കടലിങ്കൽ ഭയങ്കരകാര്യങ്ങളും ചെയ്തവനായി തങ്ങളുടെ രക്ഷിതാവായ ദൈവത്തെ അവർ മറന്നുകളഞ്ഞു.

[23] ആകയാൽ അവരെ നശിപ്പിക്കുമെന്നു അവൻ അരുളിച്ചെയ്തു; അവന്റെ വൃതനായ മോശെ കോപത്തെ ശമിപ്പിപ്പാൻ അവന്റെ സന്നിധിയിൽ പിളർപ്പിൽ നിന്നില്ലെങ്കിൽ അവൻ അവരെ നശിപ്പിച്ചുകളയുമായിരുന്നു.

[24] അവർ മനോഹരദേശത്തെ നിരസിച്ചു; അവന്റെ വചനത്തെ വിശ്വസിച്ചതുമില്ല.

[25] അവർ തങ്ങളുടെ കൂടാരങ്ങളിൽവെച്ചു പിറുപിറുത്തു; യഹോവയുടെ വചനം കേൾക്കാതെയിരുന്നു.

[26] അതുകൊണ്ടു അവൻ: മരുഭൂമിയിൽ അവരെ വീഴിക്കുമെന്നും അവരുടെ സന്തതിയെ ജാതികളുടെ ഇടയിൽ നശിപ്പിക്കുമെന്നും

[27] അവരെ ദേശങ്ങളിൽ ചിതറിച്ചുകളയുമെന്നും അവർക്കു വിരോധമായി തന്റെ കൈ ഉയർത്തി സത്യംചെയ്തു.

[28] അനന്തരം അവർ ബാൽപെയോരിനോടു ചേർന്നു; പ്രേതങ്ങൾക്കുള്ള ബലികളെ തിന്നു.

[29] ഇങ്ങനെ അവർ തങ്ങളുടെ ക്രിയകളാൽ അവനെ കോപിപ്പിച്ചു; പെട്ടെന്നു ഒരു ബാധ അവർക്കു തട്ടി.

[30] അപ്പോൾ ഫീനെഹാസ് എഴുന്നേറ്റു ശിക്ഷ നടത്തി; ബാധ നിർത്തലാകയും ചെയ്തു.

[31] അതു എന്നേക്കും തലമുറതലമുറയായി അവന്നു നീതിയായിഎണ്ണിയിരിക്കുന്നു.

[32] മെരീബാവെള്ളത്തിങ്കലും അവർ അവനെ കോപിപ്പിച്ചു; അവരുടെനിമിത്തം മോശെക്കും ദോഷം ഭവിച്ചു.

[33] അവർ അവന്റെ മനസ്സിനെ കോപിപ്പിച്ചതുകൊണ്ടു അവൻ അധരങ്ങളാൽ അവിവേകം സംസാരിച്ചുപോയി.

[34] യഹോവ തങ്ങളോടു നശിപ്പിപ്പാൻ കല്പിച്ചതുപോലെ അവർ ജാതികളെ നശിപ്പിച്ചില്ല.

[35] അവർ ജാതികളോടു ഇടകലർന്നു അവരുടെ പ്രവൃത്തികളെ പഠിച്ചു.

[36] അവരുടെ വിഗ്രഹങ്ങളെയും സേവിച്ചു; അവ അവർക്കൊരു കണിയായി തീർന്നു.

[37] തങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും അവർ ഭൂതങ്ങൾക്കു ബലികഴിച്ചു.

[38] അവർ കുറ്റമില്ലാത്ത രക്തം, പുത്രീപുത്രന്മാരുടെ രക്തം തന്നേ ചൊരിഞ്ഞു; അവരെ അവർ കനാന്യവിഗ്രഹങ്ങൾക്കു ബലികഴിച്ചു, ദേശം രക്തപാതകംകൊണ്ടു അശുദ്ധമായ്തീർന്നു.

[39] ഇങ്ങനെ അവർ തങ്ങളുടെ ക്രിയകളാൽ മലിനപ്പെട്ടു, തങ്ങളുടെ കർമ്മങ്ങളാൽ പരസംഗം ചെയ്തു.

[40] അതുകൊണ്ടു യഹോവയുടെ കോപം തന്റെ ജനത്തിന്റെ നേരെ ജ്വലിച്ചു; അവൻ തന്റെ അവകാശത്തെ വെറുത്തു.

[41] അവൻ അവരെ ജാതികളുടെ കയ്യിൽ ഏല്പിച്ചു; അവരെ പകെച്ചവർ അവരെ ഭരിച്ചു.

[42] അവരുടെ ശത്രുക്കൾ അവരെ ഞെരുക്കി; അവർ അവർക്കു കീഴടങ്ങേണ്ടിവന്നു.

[43] പലപ്പോഴും അവൻ അവരെ വിടുവിച്ചു; എങ്കിലും അവർ തങ്ങളുടെ ആലോചനയാൽ അവനോടു മത്സരിച്ചു; തങ്ങളുടെ അകൃത്യംനിമിത്തം അധോഗതി പ്രാപിച്ചു.

[44] എന്നാൽ അവരുടെ നിലവിളി കേട്ടപ്പോൾ അവൻ അവരുടെ കഷ്ടതയെ കടാക്ഷിച്ചു.

[45] അവൻ അവർക്കായി തന്റെ നിയമത്തെ ഓർത്തു; തന്റെ മഹാദയപ്രകാരം അനുതപിച്ചു.

[46] അവരെ ബദ്ധരാക്കി കൊണ്ടുപോയവർക്കെല്ലാം അവരോടു കനിവു തോന്നുമാറാക്കി.

[47] ഞങ്ങളുടെ ദൈവമായ യഹോവേ, ഞങ്ങളെ രക്ഷിക്കേണമേ; നിന്റെ വിശുദ്ധനാമത്തിന്നു സ്തോത്രം ചെയ്‌വാനും നിന്റെ സ്തുതിയിൽ പ്രശംസിപ്പാനും ജാതികളുടെ ഇടയിൽനിന്നു ഞങ്ങളെ ശേഖരിക്കേണമേ.

[48] യിസ്രായേലിന്റെ ദൈവമായ യഹോവ എന്നും എന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ; ജനമെല്ലാം ആമേൻ എന്നു പറയട്ടെ. യഹോവയെ സ്തുതിപ്പിൻ.

സങ്കീർത്തനങ്ങൾ — Chapters