Skip to content
Opens in a new window
Listen to this chapter • 3:49

[1] ദൈവമേ, നീ ഞങ്ങളെ സദാകാലത്തേക്കും തള്ളിക്കളഞ്ഞതു എന്തു? നിന്റെ മേച്ചല്പുറത്തെ ആടുകളുടെ നേരെ നിന്റെ കോപം പുകയുന്നതു എന്തു?

[2] നീ പണ്ടുപണ്ടേ സമ്പാദിച്ച നിന്റെ സഭയെയും നീ വീണ്ടെടുത്ത നിന്റെ അവകാശഗോത്രത്തെയും നീ വസിച്ചുപോന്ന സീയോൻ പർവ്വതത്തെയും ഓർക്കേണമേ.

[3] നിത്യശൂന്യങ്ങളിലേക്കു നിന്റെ കാലടി വെക്കേണമേ; ശത്രു വിശുദ്ധമന്ദിരത്തിൽ സകലവും നശിപ്പിച്ചിരിക്കുന്നു.

[4] നിന്റെ വൈരികൾ നിന്റെ സമാഗമന സ്ഥലത്തിന്റെ നടുവിൽ അലറുന്നു; തങ്ങളുടെ കൊടികളെ അവർ അടയാളങ്ങളായി നാട്ടിയിരിക്കുന്നു.

[5] അവർ മരക്കൂട്ടത്തിന്മേൽ കോടാലി ഓങ്ങുന്നതുപോലെ തോന്നി.

[6] ഇതാ, അവർ മഴുകൊണ്ടും ചുറ്റിക കൊണ്ടും അതിന്റെ ചിത്രപ്പണികളെ ആകപ്പാടെ തകർത്തുകളയുന്നു.

[7] അവർ നിന്റെ വിശുദ്ധമന്ദിരത്തിന്നു തീവെച്ചു; തിരുനാമത്തിന്റെ നിവാസത്തെ അവർ ഇടിച്ചുനിരത്തി അശുദ്ധമാക്കി.

[8] നാം അവരെ നശിപ്പിച്ചുകളക എന്നു അവർ ഉള്ളംകൊണ്ടു പറഞ്ഞു, ദേശത്തിൽ ദൈവത്തിന്റെ എല്ലാപള്ളികളെയും ചുട്ടുകളഞ്ഞു.

[9] ഞങ്ങൾ ഞങ്ങളുടെ അടയാളങ്ങളെ കാണുന്നില്ല; യാതൊരു പ്രവാചകനും ശേഷിച്ചിട്ടില്ല; ഇതു എത്രത്തോളം എന്നറിയുന്നവൻ ആരും ഞങ്ങളുടെ ഇടയിൽ ഇല്ല.

[10] ദൈവമേ, വൈരി എത്രത്തോളം നിന്ദിക്കും? ശത്രു നിന്റെ നാമത്തെ എന്നേക്കും ദുഷിക്കുമോ?

[11] നിന്റെ കൈ, നിന്റെ വലങ്കൈ നീ വലിച്ചുകളയുന്നതു എന്തു? നിന്റെ മടിയിൽനിന്നു അതു എടുത്തു അവരെ മുടിക്കേണമേ.

[12] ദൈവം പുരാതനമേ എന്റെ രാജാവാകുന്നു; ഭൂമിയുടെ മദ്ധ്യേ അവൻ രക്ഷ പ്രവർത്തിക്കുന്നു.

[13] നിന്റെ ശക്തികൊണ്ടു നീ സമുദ്രത്തെ വിഭാഗിച്ചു; വെള്ളത്തിലുള്ള തിമിംഗലങ്ങളുടെ തലകളെ ഉടെച്ചുകളഞ്ഞു.

[14] ലിവ്യാഥാന്റെ തലകളെ നീ തകർത്തു; മരുവാസികളായ ജനത്തിന്നു അതിനെ ആഹാരമായി കൊടുത്തു.

[15] നീ ഉറവും ഒഴുക്കും തുറന്നുവിട്ടു, മഹാനദികളെ നീ വറ്റിച്ചുകളഞ്ഞു.

[16] പകൽ നിനക്കുള്ളതു; രാവും നിനക്കുള്ളതു; വെളിച്ചത്തെയും സൂര്യനെയും നീ ചമെച്ചിരിക്കുന്നു.

[17] ഭൂസീമകളെ ഒക്കെയും നീ സ്ഥാപിച്ചു; നീ ഉഷ്ണകാലവും ശീതകാലവും നിയമിച്ചു.

[18] യഹോവേ, ശത്രു നിന്ദിച്ചിരിക്കുന്നതും മൂഢജാതി തിരുനാമത്തെ ദുഷിച്ചിരിക്കുന്നതും ഓർക്കേണമേ.

[19] നിന്റെ കുറുപ്രാവിനെ ദുഷ്ടമൃഗത്തിന്നു ഏല്പിക്കരുതേ; നിന്റെ എളിയവരുടെ ജീവനെ എന്നേക്കും മറക്കരുതേ.

[20] നിന്റെ നിയമത്തെ കടാക്ഷിക്കേണമേ; ഭൂമിയിലെ അന്ധകാരസ്ഥലങ്ങൾ സാഹസനിവാസങ്ങൾകൊണ്ടു നിറഞ്ഞിരിക്കുന്നു.

[21] പീഡിതൻ ലജ്ജിച്ചു പിന്തിരിയരുതേ; എളിയവനും ദരിദ്രനും നിന്റെ നാമത്തെ സ്തുതിക്കട്ടെ.

[22] ദൈവമേ, എഴുന്നേറ്റു നിന്റെ വ്യവഹാരം നടത്തേണമേ; മൂഢൻ ഇടവിടാതെ നിന്നെ നിന്ദിക്കുന്നതു ഓർക്കേണമേ.

[23] നിന്റെ വൈരികളുടെ ആരവം മറക്കരുതേ; നിന്റെ എതിരാളികളുടെ കലഹം എപ്പോഴും പൊങ്ങിക്കൊണ്ടിരിക്കുന്നു.

സങ്കീർത്തനങ്ങൾ — Chapters