Skip to content
Opens in a new window
Listen to this chapter • 3:19

[1] യഹോവേ, ക്രോധത്തോടെ എന്നെ ശിക്ഷിക്കരുതേ. ഉഗ്രനീരസത്തോടെ എന്നെ ദണ്ഡിപ്പിക്കയുമരുതേ.

[2] നിന്റെ അസ്ത്രങ്ങൾ എന്നിൽ തറെച്ചിരിക്കുന്നു; നിന്റെ കൈ എന്റെമേൽ ഭാരമായിരിക്കുന്നു.

[3] നിന്റെ നീരസം ഹേതുവായി എന്റെ ദേഹത്തിൽ സൗഖ്യമില്ല; എന്റെ പാപം ഹേതുവായി എന്റെ അസ്ഥികളിൽ സ്വസ്ഥതയുമില്ല.

[4] എന്റെ അകൃത്യങ്ങൾ എന്റെ തലെക്കുമീതെ കവിഞ്ഞിരിക്കുന്നു; ഭാരമുള്ള ചുമടുപോലെ അവ എനിക്കു അതിഘനമായിരിക്കുന്നു.

[5] എന്റെ ഭോഷത്വംഹേതുവായി എന്റെ വ്രണങ്ങൾ ചീഞ്ഞുനാറുന്നു.

[6] ഞാൻ കുനിഞ്ഞു ഏറ്റവും കൂനിയിരിക്കുന്നു; ഞാൻ ഇടവിടാതെ ദുഃഖിച്ചുനടക്കുന്നു.

[7] എന്റെ അരയിൽ വരൾച നിറഞ്ഞിരിക്കുന്നു; എന്റെ ദേഹത്തിൽ സൗഖ്യമില്ല.

[8] ഞാൻ ക്ഷീണിച്ചു അത്യന്തം തകർന്നിരിക്കുന്നു; എന്റെ ഹൃദയത്തിലെ ഞരക്കംനിമിത്തം ഞാൻ അലറുന്നു.

[9] കർത്താവേ, എന്റെ ആഗ്രഹം ഒക്കെയും നിന്റെ മുമ്പിൽ ഇരിക്കുന്നു. എന്റെ ഞരക്കം നിനക്കു മറഞ്ഞിരിക്കുന്നതുമില്ല.

[10] എന്റെ നെഞ്ചിടിക്കുന്നു; ഞാൻ വശംകെട്ടിരിക്കുന്നു; എന്റെ കണ്ണിന്റെ വെളിച്ചവും എനിക്കില്ലാതെയായി.

[11] എന്റെ സ്നേഹിതന്മാരും കൂട്ടുകാരും എന്റെ ബാധ കണ്ടു മാറിനില്ക്കുന്നു; എന്റെ ചാർച്ചക്കാരും അകന്നുനില്ക്കുന്നു.

[12] എനിക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്നവർ കണിവെക്കുന്നു; എനിക്കു അനർത്ഥം അന്വേഷിക്കുന്നവർ വേണ്ടാതനം സംസാരിക്കുന്നു; അവർ ഇടവിടാതെ ചതിവു ചിന്തിക്കുന്നു.

[13] എങ്കിലും ഞാൻ ചെകിടനെപ്പോലെ കേൾക്കാതെ ഇരുന്നു; വായ്തുറക്കാതെ ഊമനെപ്പോലെ ആയിരുന്നു.

[14] ഞാൻ, കേൾക്കാത്ത മനുഷ്യനെപ്പോലെയും വായിൽ പ്രതിവാദമില്ലാത്തവനെപ്പോലെയും ആയിരുന്നു.

[15] യഹോവേ, നിങ്കൽ ഞാൻ പ്രത്യാശ വെച്ചിരിക്കുന്നു; എന്റെ ദൈവമായ കർത്താവേ, നീ ഉത്തരം അരുളും.

[16] അവർ എന്നെച്ചൊല്ലി സന്തോഷിക്കരുതേ എന്നു ഞാൻ പറഞ്ഞു; എന്റെ കാൽ വഴുതുമ്പോൾ അവർ എന്റെ നേരെ വമ്പു പറയുമല്ലോ.

[17] ഞാൻ ഇടറി വീഴുമാറായിരിക്കുന്നു; എന്റെ ദുഃഖം എപ്പോഴും എന്റെ മുമ്പിൽ ഇരിക്കുന്നു.

[18] ഞാൻ എന്റെ അകൃത്യത്തെ ഏറ്റുപറയുന്നു; എന്റെ പാപത്തെക്കുറിച്ചു ദുഃഖിക്കുന്നു.

[19] എന്റെ ശത്രുക്കളോ ജീവനും ബലവുമുള്ളവർ, എന്നെ വെറുതെ പകെക്കുന്നവർ പെരുകിയിരിക്കുന്നു.

[20] ഞാൻ നന്മ പിന്തുടരുകയാൽ അവർ എനിക്കു വിരോധികളായി നന്മെക്കു പകരം തിന്മ ചെയ്യുന്നു.

[21] യഹോവേ, എന്നെ കൈവിടരുതേ; എന്റെ ദൈവമേ, എന്നോടകന്നിരിക്കരുതേ.

[22] എന്റെ രക്ഷയാകുന്ന കർത്താവേ, എന്റെ സഹായത്തിന്നു വേഗം വരേണമേ.

സങ്കീർത്തനങ്ങൾ — Chapters