Skip to content
Opens in a new window
Listen to this chapter • 2:28

[1] യഹോവ എന്റെ പ്രാർത്ഥനയും യാചനകളും കേട്ടതുകൊണ്ടു ഞാൻ അവനെ സ്നേഹിക്കുന്നു.

[2] അവൻ തന്റെ ചെവി എങ്കലേക്കു ചായിച്ചതുകൊണ്ടു ഞാൻ ജീവകാലമൊക്കെയും അവനെ വിളിച്ചപേക്ഷിക്കും

[3] മരണപാശങ്ങൾ എന്നെ ചുറ്റി, പാതാള വേദനകൾ എന്നെ പിടിച്ചു; ഞാൻ കഷ്ടവും സങ്കടവും അനുഭവിച്ചു.

[4] അയ്യോ, യഹോവേ, എന്റെ പ്രാണനെ രക്ഷിക്കേണമേ എന്നു ഞാൻ യഹോവയുടെ നാമം വിളിച്ചപേക്ഷിച്ചു.

[5] യഹോവ കൃപയും നീതിയും ഉള്ളവൻ; നമ്മുടെ ദൈവം കരുണയുള്ളവൻ തന്നേ.

[6] യഹോവ അല്പബുദ്ധികളെ പാലിക്കുന്നു; ഞാൻ എളിമപ്പെട്ടു, അവൻ എന്നെ രക്ഷിച്ചു.

[7] എൻ മനമേ, നീ വീണ്ടും സ്വസ്ഥമായിരിക്ക; യഹോവ നിനക്കു ഉപകാരം ചെയ്തിരിക്കുന്നു.

[8] നീ എന്റെ പ്രാണനെ മരണത്തിൽനിന്നും എന്റെ കണ്ണിനെ കണ്ണുനീരിൽനിന്നും എന്റെ കാലിനെ വീഴ്ചയിൽനിന്നും രക്ഷിച്ചിരിക്കുന്നു.

[9] ഞാൻ ജീവനുള്ളവരുടെ ദേശത്തു യഹോവയുടെ മുമ്പാകെ നടക്കും.

[10] ഞാൻ വലിയ കഷ്ടതയിൽ ആയി എന്നു പറഞ്ഞപ്പോൾ ഞാൻ വിശ്വസിച്ചു.

[11] സകലമനുഷ്യരും ഭോഷ്കുപറയുന്നു എന്നു ഞാൻ എന്റെ പരിഭ്രമത്തിൽ പറഞ്ഞു.

[12] യഹോവ എനിക്കു ചെയ്ത സകലഉപകാരങ്ങൾക്കും ഞാൻ അവന്നു എന്തു പകരം കൊടുക്കും?

[13] ഞാൻ രക്ഷയുടെ പാനപാത്രം എടുത്തു യഹോവയുടെ നാമം വിളിച്ചപേക്ഷിക്കും.

[14] യഹോവെക്കു ഞാൻ എന്റെ നേർച്ചകളെ അവന്റെ സകലജനവും കാൺകെ കഴിക്കും.

[15] തന്റെ ഭക്തന്മാരുടെ മരണം യഹോവെക്കു വിലയേറിയതാകുന്നു.

[16] യഹോവേ, ഞാൻ നിന്റെ ദാസൻ ആകുന്നു; നിന്റെ ദാസനും നിന്റെ ദാസിയുടെ മകനും തന്നേ; നീ എന്റെ ബന്ധനങ്ങളെ അഴിച്ചിരിക്കുന്നു.

[17] ഞാൻ നിനക്കു സ്തോത്രയാഗം കഴിച്ചു യഹോവയുടെ നാമം വിളിച്ചപേക്ഷിക്കും.

[18] യഹോവയുടെ ആലയത്തിന്റെ പ്രാകാരങ്ങളിലും യെരൂശലേമേ, നിന്റെ നടുവിലും

[19] ഞാൻ യഹോവെക്കു എന്റെ നേർച്ചകളെ അവന്റെ സകലജനവും കാൺകെ കഴിക്കും. യഹോവയെ സ്തുതിപ്പിൻ.

സങ്കീർത്തനങ്ങൾ — Chapters