Skip to content
Opens in a new window
Listen to this chapter • 5:37

[1] യഹോവെക്കു സ്തോത്രം ചെയ്‌വിൻ; അവൻ നല്ലവനല്ലോ അവന്റെ ദയ എന്നേക്കുമുള്ളതു!

[2] യഹോവ വൈരിയുടെ കയ്യിൽനിന്നു വീണ്ടെടുക്കയും കിഴക്കും പടിഞ്ഞാറും വടക്കും കടലിലും ഉള്ള

[3] ദേശങ്ങളിൽനിന്നു കൂട്ടിച്ചേർക്കയും ചെയ്തവരായ അവന്റെ വിമുക്തന്മാർ അങ്ങനെ പറയട്ടെ.

[4] അവർ മരുഭൂമിയിൽ ജനസഞ്ചാരമില്ലാത്ത വഴിയിൽ ഉഴന്നുനടന്നു; പാർപ്പാൻ ഒരു പട്ടണവും അവർ കണ്ടെത്തിയില്ല.

[5] അവർ വിശന്നും ദാഹിച്ചും ഇരുന്നു; അവരുടെ പ്രാണൻ അവരുടെ ഉള്ളിൽ തളർന്നു.

[6] അവർ തങ്ങളുടെ കഷ്ടതയിൽ യഹോവയോടു നിലവിളിച്ചു; അവൻ അവരെ അവരുടെ ഞെരുക്കങ്ങളിൽ നിന്നു വിടുവിച്ചു.

[7] അവർ പാർപ്പാൻ തക്ക പട്ടണത്തിൽ ചെല്ലേണ്ടതിന്നു അവൻ അവരെ ചൊവ്വെയുള്ള വഴിയിൽ നടത്തി.

[8] അവർ യഹോവയെ അവന്റെ നന്മയെചൊല്ലിയും മനുഷ്യപുത്രന്മാരിൽ ചെയ്ത അത്ഭുതങ്ങളെ ചൊല്ലിയും സ്തുതിക്കട്ടെ.

[9] അവൻ ആർത്തിയുള്ളവന്നു തൃപ്തിവരുത്തുകയും വിശപ്പുള്ളവനെ നന്മകൊണ്ടു നിറെക്കുകയും ചെയ്യുന്നു.

[10] ദൈവത്തിന്റെ വചനങ്ങളോടു മത്സരിക്കയും അത്യുന്നതന്റെ ആലോചനയെ നിരസിക്കയും ചെയ്തിട്ടു ഇരുളിലും അന്ധതമസ്സിലും ഇരുന്നു

[11] അരിഷ്ടതയാലും ഇരുമ്പുചങ്ങലയാലും ബന്ധിക്കപ്പെട്ടവർ -

[12] അവരുടെ ഹൃദയത്തെ അവൻ കഷ്ടതകൊണ്ടു താഴ്ത്തി; അവർ ഇടറിവീണു; സഹായിപ്പാൻ ആരുമുണ്ടായിരുന്നില്ല.

[13] അവർ തങ്ങളുടെ കഷ്ടതയിൽ യഹോവയോടു നിലവിളിച്ചു; അവൻ അവരുടെ ഞെരുക്കങ്ങളിൽനിന്നു അവരെ രക്ഷിച്ചു.

[14] അവൻ അവരെ ഇരുട്ടിൽനിന്നും അന്ധതമസ്സിൽനിന്നും പുറപ്പെടുവിച്ചു; അവരുടെ ബന്ധനങ്ങളെ അറുത്തുകളഞ്ഞു.

[15] അവർ യഹോവയെ, അവന്റെ നന്മയെ ചൊല്ലിയും മനുഷ്യപുത്രന്മാരിൽ ചെയ്ത അത്ഭുതങ്ങളെ ചൊല്ലിയും സ്തുതിക്കട്ടെ.

[16] അവൻ താമ്രകതകുകളെ തകർത്തു, ഇരിമ്പോടാമ്പലുകളെ മുറിച്ചുകളഞ്ഞിരിക്കുന്നു.

[17] ഭോഷന്മാർ തങ്ങളുടെ ലംഘനങ്ങൾ ഹേതുവായും തങ്ങളുടെ അകൃത്യങ്ങൾനിമിത്തവും കഷ്ടപ്പെട്ടു.

[18] അവർക്കു സകലവിധ ഭക്ഷണത്തോടും വെറുപ്പുതോന്നി; അവർ മരണവാതിലുകളോടു സമീപിച്ചിരുന്നു.

[19] അവർ തങ്ങളുടെ കഷ്ടതയിൽ യഹോവയോടു നിലവിളിച്ചു; അവൻ അവരെ അവരുടെ ഞെരുക്കങ്ങളിൽനിന്നു രക്ഷിച്ചു.

[20] അവൻ തന്റെ വചനത്തെ അയച്ചു അവരെ സൗഖ്യമാക്കി; അവരുടെ കുഴികളിൽനിന്നു അവരെ വിടുവിച്ചു.

[21] അവർ യഹോവയെ അവന്റെ നന്മയെചൊല്ലിയും മനുഷ്യപുത്രന്മാരിൽ ചെയ്ത അത്ഭുതങ്ങളെ ചൊല്ലിയും സ്തുതിക്കട്ടെ.

[22] അവർ സ്തോത്രയാഗങ്ങളെ കഴിക്കയും സംഗീതത്തോടുകൂടെ അവന്റെ പ്രവൃത്തികളെ വർണ്ണിക്കയും ചെയ്യട്ടെ.

[23] കപ്പൽ കയറി സമുദ്രത്തിൽ ഓടിയവർ, പെരുവെള്ളങ്ങളിൽ വ്യാപാരം ചെയ്തവർ,

[24] അവർ യഹോവയുടെ പ്രവൃത്തികളെയും ആഴിയിൽ അവന്റെ അത്ഭുതങ്ങളെയും കണ്ടു.

[25] അവൻ കല്പിച്ചു കൊടുങ്കാറ്റു അടിപ്പിച്ചു, അതു അതിലെ തിരകളെ പൊങ്ങുമാറാക്കി.

[26] അവർ ആകാശത്തിലേക്കു ഉയർന്നു, വീണ്ടും ആഴത്തിലേക്കു താണു, അവരുടെ പ്രാണൻ കഷ്ടത്താൽ ഉരുകിപ്പോയി.

[27] അവർ മത്തനെപ്പോലെ തുള്ളി ചാഞ്ചാടിനടന്നു; അവരുടെ ബുദ്ധി പൊയ്പോയിരുന്നു.

[28] അവർ തങ്ങളുടെ കഷ്ടതയിൽ യഹോവയോടു നിലവിളിച്ചു; അവൻ അവരെ അവരുടെ ഞെരുക്കങ്ങളിൽ നിന്നു വിടുവിച്ചു.

[29] അവൻ കൊടുങ്കാറ്റിനെ ശാന്തമാക്കി; തിരമാലകൾ അടങ്ങി.

[30] ശാന്തത വന്നതുകൊണ്ടു അവർ സന്തോഷിച്ചു; അവർ ആഗ്രഹിച്ച തുറമുഖത്തു അവൻ അവരെ എത്തിച്ചു.

[31] അവർ യഹോവയെ അവന്റെ നന്മയെ ചൊല്ലിയും മനുഷ്യപുത്രന്മാരിൽ ചെയ്ത അത്ഭുതങ്ങളെ ചൊല്ലിയും സ്തുതിക്കട്ടെ.

[32] അവർ ജനത്തിന്റെ സഭയിൽ അവനെ പുകഴ്ത്തുകയും മൂപ്പന്മാരുടെ സംഘത്തിൽ അവനെ സ്തുതിക്കയും ചെയ്യട്ടെ.

[33] നിവാസികളുടെ ദുഷ്ടതനിമിത്തം അവൻ നദികളെ മരുഭൂമിയും

[34] നീരുറവുകളെ വരണ്ട നിലവും ഫലപ്രദമായ ഭൂമിയെ ഉവർന്നിലവും ആക്കി.

[35] അവൻ മരുഭൂമിയെ ജലതടാകവും വരണ്ട നിലത്തെ നീരുറവുകളും ആക്കി.

[36] വിശന്നവരെ അവൻ അവിടെ പാർപ്പിച്ചു; അവർ പാർപ്പാൻ പട്ടണം ഉണ്ടാക്കുകയും നിലം വിതെക്കയും

[37] മുന്തിരിത്തോട്ടം നട്ടുണ്ടാക്കുകയും സമൃദ്ധിയായി ഫലങ്ങളെ അനുഭവിക്കയും ചെയ്തു.

[38] അവൻ അനുഗ്രഹിച്ചിട്ടു അവർ അത്യന്തം പെരുകി; അവരുടെ കന്നുകാലികൾ കുറഞ്ഞുപോകുവാൻ അവൻ ഇടവരുത്തിയില്ല.

[39] പീഡനവും കഷ്ടതയും സങ്കടവും ഹേതുവായി അവർ പിന്നെയും കുറഞ്ഞു താണുപോയി.

[40] അവൻ പ്രഭുക്കന്മാരുടെമേൽ നിന്ദ പകരുകയും വഴിയില്ലാത്ത ശൂന്യപ്രദേശത്തു അവരെ ഉഴലുമാറാക്കുകയും ചെയ്യുന്നു.

[41] അവൻ ദരിദ്രനെ പീഡയിൽനിന്നു ഉയർത്തി അവന്റെ കുലങ്ങളെ ആട്ടിൻ കൂട്ടംപോലെ ആക്കി.

[42] നേരുള്ളവർ ഇതു കണ്ടു സന്തോഷിക്കും; നീതികെട്ടവർ ഒക്കെയും വായ്പൊത്തും.

[43] ജ്ഞാനമുള്ളവർ ഇവയെ ശ്രദ്ധിക്കും; അവർ യഹോവയുടെ കൃപകളെ ചിന്തിക്കും.

സങ്കീർത്തനങ്ങൾ — Chapters