Skip to content
Opens in a new window
Listen to this chapter • 2:00

[1] ജ്ഞാനമായവൾ തനിക്ക് ഒരു വീട് പണിതു; അതിന് ഏഴ് തൂണുകൾ തീർത്തു.

[2] അവൾ മൃഗങ്ങളെ അറുത്ത്, വീഞ്ഞ് കലക്കി, തന്റെ മേശ ഒരുക്കിയിരിക്കുന്നു.

[3] അവൾ തന്റെ ദാസികളെ അയച്ച് പട്ടണത്തിലെ ഉന്നതസ്ഥലങ്ങളിൽ നിന്ന് വിളിച്ച് പറയിക്കുന്നത്:

[4] “അല്പബുദ്ധിയായവൻ ഇങ്ങോട്ട് വരട്ടെ;” ബുദ്ധിഹീനനോട് അവൾ പറയിക്കുന്നത്;

[5] “വരുവിൻ, എന്റെ അപ്പം തിന്നുകയും ഞാൻ കലക്കിയ വീഞ്ഞ് കുടിക്കുകയും ചെയ്യുവിൻ!

[6] ബുദ്ധിഹീനരേ, ബുദ്ധിഹീനത വിട്ട് ജീവിക്കുവിൻ! വിവേകത്തിന്റെ മാർഗ്ഗത്തിൽ നടന്നുകൊള്ളുവിൻ”.

[7] പരിഹാസിയെ ശാസിക്കുന്നവൻ ലജ്ജ സമ്പാദിക്കുന്നു; ദുഷ്ടനെ ഭർത്സിക്കുന്നവന് ഉപദ്രവം ഉണ്ടാകുന്നു.

[8] പരിഹാസി നിന്നെ പകക്കാതിരിക്കേണ്ടതിന് അവനെ ശാസിക്കരുത്; ജ്ഞാനിയെ ശാസിക്കുക; അവൻ നിന്നെ സ്നേഹിക്കും.

[9] ജ്ഞാനിയെ പ്രബോധിപ്പിക്കുക, അവന്റെ ജ്ഞാനം വർദ്ധിക്കും; നീതിമാനെ ഉപദേശിക്കുക, അവൻ വിദ്യാഭിവൃദ്ധി പ്രാപിക്കും.

[10] യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭവും പരിശുദ്ധ ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനം വിവേകവും ആകുന്നു.

[11] ഞാൻ മുഖാന്തരം നിന്റെ ആയുസിന്റെ നാളുകൾ പെരുകും; നിനക്ക് ദീർഘായുസ്സ് ഉണ്ടാകും.

[12] നീ ജ്ഞാനിയാകുന്നുവെങ്കിൽ നിനക്കുവേണ്ടി തന്നെ ജ്ഞാനിയായിരിക്കും; പരിഹസിക്കുന്നു എങ്കിലോ, നീ തന്നെ സഹിക്കേണ്ടിവരും”.

[13] ഭോഷത്വമായവൾ മോഹപരവശയായിരിക്കുന്നു; അവൾ ബുദ്ധിഹീന തന്നെ, ഒന്നും അറിയുന്നതുമില്ല.

[14] തങ്ങളുടെ പാതയിൽ നേരെ നടക്കുന്നവരായി, കടന്നുപോകുന്നവരെ വിളിക്കേണ്ടതിന്

[15] അവൾ പട്ടണത്തിലെ ഉന്നതസ്ഥാനങ്ങളിൽ തന്റെ വീട്ടുവാതില്‍ക്കൽ ഒരു പീഠത്തിന്മേൽ ഇരിക്കുന്നു.

[16] “അല്പബുദ്ധിയായവൻ ഇങ്ങോട്ട് വരട്ടെ;” ബുദ്ധിഹീനനോട് അവൾ പറയുന്നത്;

[17] “മോഷ്ടിച്ച വെള്ളം മധുരവും ഒളിച്ചുതിന്നുന്ന അപ്പം രുചികരവും ആകുന്നു”.

[18] എങ്കിലും മൃതന്മാർ അവിടെ ഉണ്ടെന്നും അവളുടെ വിരുന്നുകാർ പാതാളത്തിന്റെ ആഴത്തിൽ ഇരിക്കുന്നു എന്നും അവൻ അറിയുന്നില്ല.

സദൃശവാക്യങ്ങൾ — Chapters