Skip to content
Opens in a new window
Listen to this chapter • 3:26

[1] വീഞ്ഞ് പരിഹാസിയും മദ്യം കലഹക്കാരനും ആകുന്നു; അവയാൽ ചാഞ്ചാടി നടക്കുന്ന ആരും ജ്ഞാനിയാകുകയില്ല.

[2] രാജാവിന്റെ ക്രോധം സിംഹഗർജ്ജനംപോലെ; അവനെ കോപിപ്പിക്കുന്നവൻ തന്റെ പ്രാണനോട് ദ്രോഹം ചെയ്യുന്നു.

[3] കലഹം ഒഴിഞ്ഞിരിക്കുന്നത് പുരുഷന് മാനം; എന്നാൽ ഏത് ഭോഷനും ശണ്ഠ കൂടും.

[4] മടിയൻ ശീതം നിമിത്തം നിലം ഉഴുന്നില്ല; കൊയ്ത്തുകാലത്ത് അവൻ ഇരക്കും; ഒന്നും കിട്ടുകയുമില്ല.

[5] മനുഷ്യന്റെ ഹൃദയത്തിലെ ആലോചന ആഴമുള്ള വെള്ളം; വിവേകമുള്ള പുരുഷൻ അത് കോരി എടുക്കും.

[6] മിക്ക മനുഷ്യരും തങ്ങളോട് ദയാലുവായ ഒരുവനെ കാണും; എന്നാൽ വിശ്വസ്തനായ ഒരുവനെ ആർക്ക് കണ്ടെത്താനാകും?

[7] പരമാർത്ഥതയിൽ നടക്കുന്നവൻ നീതിമാൻ; അവന്റെ ശേഷം, അവന്റെ മക്കളും ഭാഗ്യവാന്മാർ.

[8] ന്യായാസനത്തിൽ ഇരിക്കുന്ന രാജാവ് തന്റെ കണ്ണുകൊണ്ട് സകലദോഷത്തെയും പാറ്റിക്കളയുന്നു.

[9] ഞാൻ എന്റെ ഹൃദയത്തെ ശുദ്ധീകരിച്ച് പാപം ഒഴിഞ്ഞ് നിർമ്മലനായിരിക്കുന്നു എന്ന് ആർക്ക് പറയാം?

[10] രണ്ടുതരം തൂക്കവും രണ്ടുതരം അളവും രണ്ടും ഒരുപോലെ യഹോവയ്ക്ക് വെറുപ്പ്.

[11] ബാല്യത്തിലെ ക്രിയകളാൽ തന്നെ ഒരുവന്റെ പ്രവൃത്തി വെടിപ്പും നേരുമുള്ളതും ആകുമോ എന്ന് അറിയാം.

[12] കേൾക്കുന്ന ചെവി, കാണുന്ന കണ്ണ്, ഇവ രണ്ടും യഹോവ ഉണ്ടാക്കി.

[13] ദരിദ്രനാകാതെയിരിക്കേണ്ടതിന് നിദ്രാപ്രിയനാകരുത്; നീ കണ്ണ് തുറക്കുക; നിനക്ക് വേണ്ടുവോളം ആഹാരം ഉണ്ടാകും.

[14] വിലയ്ക്കു വാങ്ങുന്നവൻ ചീത്തചീത്ത എന്ന് പറയുന്നു; വാങ്ങി തന്റെ വഴിക്ക് പോകുമ്പോൾ അവൻ പ്രശംസിക്കുന്നു.

[15] പൊന്നും അനവധി മുത്തുകളും ഉണ്ടല്ലോ; പരിജ്ഞാനമുള്ള അധരങ്ങൾ വിലയേറിയ ആഭരണം.

[16] അന്യനുവേണ്ടി ജാമ്യം നില്‍ക്കുന്നവന്‍റെ വസ്ത്രം എടുത്തുകൊൾക; അന്യജാതിക്കാരനുവേണ്ടി ഉത്തരവാദി ആകുന്നവനോട് പണയം വാങ്ങുക.

[17] വ്യാജത്താൽ നേടിയ ആഹാരം മനുഷ്യന് മധുരം; പിന്നത്തേതിൽ അവന്റെ വായിൽ ചരൽ നിറയും.

[18] പദ്ധതികൾ ആലോചനകൊണ്ട് സാധിക്കുന്നു; ആകയാൽ ഭരണസാമർത്ഥ്യത്തോടെ യുദ്ധം ചെയ്യുക.

[19] നുണയനായി നടക്കുന്നവൻ രഹസ്യം വെളിപ്പെടുത്തുന്നു; ആകയാൽ വിടുവായനോട് ഇടപെടരുത്.

[20] ആരെങ്കിലും അപ്പനെയോ അമ്മയെയോ ദുഷിച്ചാൽ അവന്റെ വിളക്ക് കൂരിരുട്ടിൽ കെട്ടുപോകും.

[21] ആദിയിൽ ഒരു അവകാശം ബദ്ധപ്പെട്ട് കൈവശമാക്കാം; അതിന്റെ അവസാനമോ അനുഗ്രഹിക്കപ്പെടുകയില്ല.

[22] ഞാൻ ദോഷത്തിന് പ്രതികാരം ചെയ്യുമെന്ന് നീ പറയരുത്; യഹോവയെ കാത്തിരിക്കുക; അവിടുന്ന് നിന്നെ രക്ഷിക്കും.

[23] രണ്ടുതരം തൂക്കം യഹോവയ്ക്ക് വെറുപ്പ്; കള്ളത്തുലാസും നല്ലതല്ല.

[24] മനുഷ്യന്റെ പാതകൾ യഹോവയാൽ നിയമിക്കപ്പെടുന്നു; പിന്നെ മനുഷ്യന് തന്റെ വഴി എങ്ങനെ ഗ്രഹിക്കാം?

[25] “ഇത് നിവേദിതം” എന്ന് തിടുക്കത്തിൽ നേരുന്നതും നേർന്നശേഷം പുനർചിന്തനം നടത്തുന്നതും മനുഷ്യന് ഒരു കെണി.

[26] ജ്ഞാനമുള്ള രാജാവ് ദുഷ്ടന്മാരെ പാറ്റിക്കളയുന്നു; അവരുടെ മേൽ അവൻ മെതിവണ്ടി ഉരുട്ടുന്നു.

[27] മനുഷ്യന്റെ ആത്മാവ് യഹോവയുടെ ദീപം; അത് അവന്റെ അന്തരംഗത്തെയെല്ലാം ശോധനചെയ്യുന്നു.

[28] ദയയും വിശ്വസ്തതയും രാജാവിനെ കാക്കുന്നു; ദയകൊണ്ട് അവൻ തന്റെ സിംഹാസനത്തെ ഉറപ്പിക്കുന്നു.

[29] യൗവനക്കാരുടെ ശക്തി അവരുടെ പ്രശംസ; വൃദ്ധന്മാരുടെ നര അവരുടെ ഭൂഷണം.

[30] ഹൃദയത്തിന്റെ ഉള്ളിലേക്ക് ചെല്ലുന്ന തല്ലും പൊട്ടിപ്പോകത്തക്ക അടിയും ദോഷത്തെ അടിച്ചുവാരിക്കളയുന്നു.

സദൃശവാക്യങ്ങൾ — Chapters