Skip to content
Opens in a new window
Listen to this chapter • 3:24

[1] മകനേ, എന്റെ ഉപദേശം മറക്കരുത്; നിന്റെ ഹൃദയം എന്റെ കല്പനകൾ കാത്തുകൊള്ളട്ടെ.

[2] അവ ദീർഘായുസ്സും ജീവകാലവും സമാധാനവും നിനക്ക് വർദ്ധിപ്പിച്ചുതരും.

[3] ദയയും വിശ്വസ്തതയും നിന്നെ വിട്ടുപോകരുത്; അവയെ നിന്റെ കഴുത്തിൽ കെട്ടിക്കൊള്ളുക; നിന്റെ ഹൃദയത്തിന്റെ പലകയിൽ എഴുതിക്കൊള്ളുക.

[4] അങ്ങനെ നീ ദൈവത്തിന്റെയും മനുഷ്യരുടെയും ദൃഷ്ടിയിൽ ലാവണ്യവും സൽബുദ്ധിയും പ്രാപിക്കും.

[5] പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്കുക; സ്വന്ത വിവേകത്തിൽ ആശ്രയിക്കരുത്.

[6] നിന്റെ എല്ലാ വഴികളിലും അവിടുത്തെ അംഗീകരിച്ചുകൊള്ളുക; അവിടുന്ന് നിന്റെ പാതകളെ നേരെയാക്കും;

[7] നിനക്ക് തന്നെ നീ ജ്ഞാനിയായി തോന്നരുത്; യഹോവയെ ഭയപ്പെട്ട് ദോഷം വിട്ടകലുക.

[8] അത് നിന്റെ നാഭിക്ക് ആരോഗ്യവും അസ്ഥികൾക്ക് തണുപ്പും ആയിരിക്കും.

[9] യഹോവയെ നിന്റെ ധനംകൊണ്ടും എല്ലാ വിളവിന്റെയും ആദ്യഫലംകൊണ്ടും ബഹുമാനിക്കുക.

[10] അങ്ങനെ നിന്റെ കളപ്പുരകൾ സമൃദ്ധിയായി നിറയും; നിന്റെ ചക്കുകളിൽ വീഞ്ഞ് കവിഞ്ഞൊഴുകും.

[11] മകനേ, യഹോവയുടെ ശിക്ഷ നിരസിക്കരുത്; അവിടുത്തെ ശാസനയിൽ മുഷിയുകയും അരുത്.

[12] അപ്പൻ ഇഷ്ടപുത്രനോട് ചെയ്യുന്നതുപോലെ യഹോവ താൻ സ്നേഹിക്കുന്നവനെ ശിക്ഷിക്കുന്നു.

[13] ജ്ഞാനം പ്രാപിക്കുന്ന മനുഷ്യനും വിവേകം ലഭിക്കുന്ന മനുഷ്യനും ഭാഗ്യവാൻ.

[14] അതിന്റെ ആദായം വെള്ളിയെക്കാളും അതിന്റെ ലാഭം തങ്കത്തെക്കാളും നല്ലത്.

[15] അത് മുത്തുകളിലും വിലയേറിയത്; നിന്റെ മനോഹരവസ്തുക്കൾ ഒന്നും അതിന് തുല്യമാകുകയില്ല.

[16] അതിന്റെ വലങ്കയ്യിൽ ദീർഘായുസ്സും ഇടങ്കയ്യിൽ ധനവും മാനവും ഇരിക്കുന്നു.

[17] അതിന്റെ വഴികൾ സന്തുഷ്ടവും അതിന്റെ പാതകളെല്ലാം സമാധാനവും ആകുന്നു.

[18] അതിനെ പിടിച്ചുകൊള്ളുന്നവർക്ക് അത് ജീവവൃക്ഷം; അതിനെ കരസ്ഥമാക്കുന്നവർ ഭാഗ്യവാന്മാർ.

[19] ജ്ഞാനത്താൽ യഹോവ ഭൂമിയെ സ്ഥാപിച്ചു; വിവേകത്താൽ അവിടുന്ന് ആകാശത്തെ ഉറപ്പിച്ചു.

[20] അവിടുത്തെ പരിജ്ഞാനത്താൽ ആഴങ്ങൾ പിളർന്നു; മേഘങ്ങൾ മഞ്ഞ് പൊഴിക്കുന്നു.

[21] മകനേ, ജ്ഞാനവും വകതിരിവും കാത്തുകൊള്ളുക; അവ നിന്റെ ദൃഷ്ടിയിൽനിന്ന് മാറിപ്പോകരുത്.

[22] അവ നിനക്ക് ജീവനും നിന്റെ കഴുത്തിന് അലങ്കാരവും ആയിരിക്കും.

[23] അങ്ങനെ നീ നിർഭയമായി വഴിയിൽ നടക്കും; നിന്റെ കാൽ ഇടറുകയുമില്ല.

[24] നീ കിടക്കുവാൻ പോകുമ്പോൾ നിനക്ക് പേടി ഉണ്ടാകുകയില്ല; കിടക്കുമ്പോൾ നിന്റെ ഉറക്കം സുഖകരമായിരിക്കും.

[25] പെട്ടെന്നുള്ള വിപത്ത് ഹേതുവായും ദുഷ്ടന്മാർക്ക് വരുന്ന നാശംനിമിത്തവും നീ ഭയപ്പെടുകയില്ല.

[26] യഹോവ നിന്റെ ആശ്രയമായിരിക്കും; അവിടുന്ന് നിന്റെ കാൽ കെണിയിൽപ്പെടാതെ കാക്കും.

[27] നന്മ ചെയ്യുവാൻ നിനക്ക് പ്രാപ്തിയുള്ളപ്പോൾ അതിന് യോഗ്യന്മാരായിരിക്കുന്നവർക്ക് ചെയ്യാതിരിക്കരുത്.

[28] നിന്റെ കയ്യിൽ ഉള്ളപ്പോൾ കൂട്ടുകാരനോട്: “പോയിവരുക, നാളെത്തരാം” എന്ന് പറയരുത്.

[29] കൂട്ടുകാരൻ സമീപത്ത് നിർഭയം വസിക്കുമ്പോൾ, അവന്റെനേരെ ദോഷം നിരൂപിക്കരുത്.

[30] നിനക്ക് ഒരു ദോഷവും ചെയ്യാത്ത മനുഷ്യനോട് നീ വെറുതെ കലഹിക്കരുത്.

[31] സാഹസക്കാരനോട് നീ അസൂയപ്പെടരുത്; അവന്റെ വഴികൾ ഒന്നും തിരഞ്ഞെടുക്കുകയുമരുത്.

[32] വക്രതയുള്ളവൻ യഹോവയ്ക്ക് വെറുപ്പാകുന്നു; നീതിമാന്മാരോട് അവിടുത്തേയ്ക്ക് സഖ്യത ഉണ്ട്.

[33] യഹോവയുടെ ശാപം ദുഷ്ടന്റെ വീട്ടിൽ ഉണ്ട്; നീതിമാന്മാരുടെ വാസസ്ഥലത്തെയോ അവിടുന്ന് അനുഗ്രഹിക്കുന്നു.

[34] പരിഹാസികളെ അവിടുന്ന് പരിഹസിക്കുന്നു; എളിയവർക്കോ അവിടുന്ന് കൃപ നല്കുന്നു.

[35] ജ്ഞാനികൾ ബഹുമാനത്തെ അവകാശമാക്കും; ഭോഷന്മാരുടെ ഉയർച്ചയോ അപമാനം തന്നേ.

സദൃശവാക്യങ്ങൾ — Chapters