[1] ജ്ഞാനമായവൾ വിളിച്ചുപറയുന്നില്ലയോ? ബുദ്ധിയായവൾ തന്റെ സ്വരം ഉയർത്തുന്നില്ലയോ?
[2] അവൾ വഴിയരികിൽ കുന്നുകളുടെ മുകളിൽ, പാതകൾ കൂടുന്നേടത്ത് നില്ക്കുന്നു.
[3] അവൾ പടിവാതിലുകളുടെ അരികത്തും പട്ടണവാതില്‍ക്കലും ഗോപുരദ്വാരത്തിങ്കലും ഘോഷിക്കുന്നത്:
[4] “പുരുഷന്മാരേ, ഞാൻ നിങ്ങളോട് വിളിച്ചു പറയുന്നു; എന്റെ സ്വരം മനുഷ്യപുത്രന്മാരുടെ അടുക്കലേക്ക് വരുന്നു.
[5] അല്പബുദ്ധികളേ, സൂക്ഷ്മബുദ്ധി ഗ്രഹിച്ചുകൊള്ളുവിൻ; മൂഢന്മാരേ, വിവേകഹൃദയന്മാരാകുവിൻ.
[6] കേൾക്കുവിൻ, ഞാൻ ഉൽകൃഷ്ടമായത് സംസാരിക്കും; എന്റെ അധരങ്ങൾ തുറക്കുന്നത് നേരിന് ആയിരിക്കും.
[7] എന്റെ വായ് സത്യം സംസാരിക്കും; ദുഷ്ടത എന്റെ അധരങ്ങൾക്ക് അറപ്പാകുന്നു.
[8] എന്റെ വായിലെ മൊഴി സകലവും നീതിയാകുന്നു; അവയിൽ വക്രവും വികടവുമായത് ഒന്നുമില്ല.
[9] അവയെല്ലാം ബുദ്ധിമാന് തെളിവും പരിജ്ഞാനം ലഭിച്ചവർക്ക് നേരും ആകുന്നു.
[10] വെള്ളിയെക്കാൾ എന്റെ പ്രബോധനവും മേൽത്തരമായ പൊന്നിനെക്കാൾ പരിജ്ഞാനവും കൈക്കൊള്ളുവിൻ.
[11] ജ്ഞാനം മുത്തുകളെക്കാൾ നല്ലതാകുന്നു; മനോഹരമായതൊന്നും അതിന്നു തുല്യമാകയില്ല.
[12] ജ്ഞാനം എന്ന ഞാൻ സൂക്ഷ്മബുദ്ധിയോടൊപ്പം വസിക്കുന്നു; പരിജ്ഞാനവും വകതിരിവും ഞാൻ കണ്ടെത്തുന്നു.
[13] യഹോവാഭക്തി ദോഷത്തെ വെറുക്കുന്നതാകുന്നു; ഡംഭം, അഹങ്കാരം, ദുർമാർഗ്ഗം, വക്രതയുള്ള വായ് എന്നിവ ഞാൻ പകക്കുന്നു.
[14] ആലോചനയും പരിജ്ഞാനവും എനിക്കുള്ളത്; ഞാൻ തന്നെ വിവേകം; എനിക്ക് വീര്യബലം ഉണ്ട്.
[15] ഞാൻ മുഖാന്തരം രാജാക്കന്മാർ വാഴുന്നു; പ്രഭുക്കന്മാർ നീതി നടത്തുന്നു.
[16] ഞാൻ മുഖാന്തരം അധിപതിമാരും പ്രധാനികളും ഭൂമിയിലെ ന്യായാധിപന്മാരൊക്കെയും ആധിപത്യം നടത്തുന്നു.
[17] എന്നെ സ്നേഹിക്കുന്നവരെ ഞാൻ സ്നേഹിക്കുന്നു; എന്നെ ജാഗ്രതയോടെ അന്വേഷിക്കുന്നവർ എന്നെ കണ്ടെത്തും.
[18] എന്റെ പക്കൽ ധനവും മാനവും പുരാതനസമ്പത്തും നീതിയും ഉണ്ട്.
[19] എന്റെ ഫലം പൊന്നിലും തങ്കത്തിലും എന്റെ ആദായം മേല്ത്തരമായ വെള്ളിയിലും നല്ലത്.
[20] എന്നെ സ്നേഹിക്കുന്നവർക്ക് വസ്തുവക അവകാശമാക്കിക്കൊടുക്കുകയും അവരുടെ ഭണ്ഡാരങ്ങളെ നിറയ്ക്കുകയും ചെയ്യേണ്ടതിന്
[21] ഞാൻ നീതിയുടെ മാർഗ്ഗത്തിലും ന്യായത്തിന്റെ പാതകളിലും നടക്കുന്നു.
[22] യഹോവ പണ്ടുപണ്ടേ തന്റെ വഴിയുടെ ആരംഭമായി, തന്റെ പ്രവൃത്തികളുടെ ആദ്യമായി എന്നെ ഉളവാക്കി.
[23] ഞാൻ പുരാതനമേ, ആദിയിൽ തന്നെ, ഭൂമിയുടെ ഉല്പത്തിക്ക് മുമ്പ് നിയമിക്കപ്പെട്ടിരിക്കുന്നു.
[24] ആഴങ്ങൾ ഇല്ലാതിരുന്നപ്പോൾ ഞാൻ ജനിച്ചിരിക്കുന്നു; വെള്ളം നിറഞ്ഞ ഉറവുകൾ ഇല്ലാതിരുന്നപ്പോൾ തന്നെ.
[25] പർവ്വതങ്ങൾ സ്ഥാപിച്ചതിനു മുമ്പെയും കുന്നുകൾക്കു മുമ്പെയും ഞാൻ ജനിച്ചിരിക്കുന്നു.
[26] അവിടുന്ന് ഭൂമിയെയും വയലുകളെയും ഭൂതലത്തിന്റെ പൊടിയുടെ തുകയെയും ഉണ്ടാക്കിയിട്ടില്ലാത്ത സമയത്ത് തന്നെ.
[27] അവിടുന്ന് ആകാശത്തെ ഉറപ്പിച്ചപ്പോൾ ഞാൻ അവിടെ ഉണ്ടായിരുന്നു; അവിടുന്ന് ആഴത്തിന്റെ ഉപരിഭാഗത്ത് വൃത്തം വരച്ചപ്പോഴും
[28] അവിടുന്ന് മീതെ മേഘങ്ങളെ ഉറപ്പിച്ചപ്പോഴും ആഴത്തിന്റെ ഉറവുകളെ ബലപ്പെടുത്തിയപ്പോഴും
[29] വെള്ളം അവിടുത്തെ കല്പനയെ അതിക്രമിക്കാത്തവണ്ണം അവിടുന്ന് സമുദ്രത്തിന് അതിരിട്ടപ്പോഴും ഭൂമിയുടെ അടിസ്ഥാനം ഇട്ടപ്പോഴും
[30] ഞാൻ അവിടുത്തെ അടുക്കൽ ശില്പി ആയിരുന്നു; ഇടവിടാതെ അവിടുത്തെ മുമ്പിൽ വിനോദിച്ചുകൊണ്ട് ദിനംപ്രതി അവിടുത്തെ പ്രമോദമായിരുന്നു.
[31] അവിടുത്തെ ഭൂതലത്തിൽ ഞാൻ വിനോദിച്ചുകൊണ്ടിരുന്നു; എന്റെ പ്രമോദം മനുഷ്യപുത്രന്മാരോടുകൂടി ആയിരുന്നു.
[32] ആകയാൽ മക്കളേ, എന്റെ വാക്ക് കേട്ടുകൊള്ളുവിൻ; എന്റെ വഴികളെ പ്രമാണിക്കുന്നവർ ഭാഗ്യവാന്മാർ.
[33] പ്രബോധനം കേട്ട് ബുദ്ധിമാന്മാരായിരിക്കുവിൻ; അതിനെ ത്യജിച്ചുകളയരുത്.
[34] ദിവസംപ്രതി എന്റെ പടിവാതില്ക്കൽ ജാഗരിച്ചും എന്റെ വാതില്ക്കൽ കാത്തുകൊണ്ടും എന്റെ വാക്ക് കേട്ടനുസരിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ.
[35] എന്നെ കണ്ടെത്തുന്നവൻ ജീവനെ കണ്ടെത്തുന്നു; അവൻ യഹോവയുടെ കടാക്ഷം പ്രാപിക്കുന്നു.
[36] എന്നോട് പാപം ചെയ്യുന്നവനോ തനിക്ക് പ്രാണഹാനി വരുത്തുന്നു; എന്നെ ദ്വേഷിക്കുന്നവരൊക്കെയും മരണത്തെ ഇച്ഛിക്കുന്നു”.