Skip to content
Opens in a new window
Listen to this chapter • 2:09

[1] മകനേ, ജ്ഞാനത്തിന് ചെവികൊടുക്കുകയും ബോധത്തിന് നിന്റെ ഹൃദയം ചായിക്കുകയും ചെയ്യേണ്ടതിന്

[2] എന്റെ വചനങ്ങളെ കൈക്കൊണ്ട് എന്റെ കല്പനകളെ നിന്റെ ഉള്ളിൽ സംഗ്രഹിച്ചാൽ,

[3] നീ ബോധത്തിനായി വിളിച്ച് വിവേകത്തിനായി ശബ്ദം ഉയർത്തുന്നു എങ്കിൽ,

[4] അതിനെ വെള്ളിയെപ്പോലെ അന്വേഷിച്ച് നിക്ഷേപങ്ങളെപ്പോലെ തിരയുന്നു എങ്കിൽ,

[5] നീ യഹോവാഭക്തി ഗ്രഹിക്കുകയും ദൈവപരിജ്ഞാനം കണ്ടെത്തുകയും ചെയ്യും.

[6] യഹോവയല്ലയോ ജ്ഞാനം നല്കുന്നത്; അവന്റെ വായിൽനിന്ന് പരിജ്ഞാനവും വിവേകവും വരുന്നു.

[7] അവൻ നേരുള്ളവർക്ക് രക്ഷ സംഗ്രഹിച്ചു വയ്ക്കുന്നു: നിഷ്കളങ്കമായി നടക്കുന്നവർക്ക് അവൻ ഒരു പരിച തന്നെ.

[8] അവൻ ന്യായത്തിന്റെ പാതകളെ കാക്കുന്നു; തന്റെ വിശുദ്ധന്മാരുടെ വഴിയെ സൂക്ഷിക്കുന്നു.

[9] അങ്ങനെ നീ നീതിയും ന്യായവും സത്യവും സകലസന്മാർഗ്ഗവും ഗ്രഹിക്കും.

[10] ജ്ഞാനം നിന്റെ ഹൃദയത്തിൽ പ്രവേശിക്കും; പരിജ്ഞാനം നിന്റെ മനസ്സിന് ഇമ്പമായിരിക്കും.

[11] വകതിരിവ് നിന്നെ കാക്കും; വിവേകം നിന്നെ സൂക്ഷിക്കും.

[12] അത് നിന്നെ ദുഷ്ടന്റെ വഴിയിൽനിന്നും വക്രത പറയുന്നവരുടെ കൂട്ടത്തിൽനിന്നും വിടുവിക്കും.

[13] അവർ ഇരുട്ടുള്ള വഴികളിൽ നടക്കേണ്ടതിന് നേരെയുള്ള പാത വിട്ടുകളയുകയും

[14] ദോഷപ്രവൃത്തിയിൽ സന്തോഷിക്കുകയും ദുഷ്ടന്റെ വക്രതയിൽ ആനന്ദിക്കുകയും ചെയ്യുന്നു.

[15] അവർ വളഞ്ഞവഴിക്ക് പോകുന്നവരും നേരെയല്ലാത്ത പാതയിൽ നടക്കുന്നവരും ആകുന്നു.

[16] അത് നിന്നെ പരസ്ത്രീയുടെ കയ്യിൽനിന്നും ചക്കരവാക്ക് പറയുന്ന അന്യസ്ത്രീയുടെ വശത്തുനിന്നും വിടുവിക്കും.

[17] അവൾ തന്റെ യൗവനകാന്തനെ ഉപേക്ഷിച്ച് തന്റെ ദൈവത്തിന്റെ നിയമം മറന്നുകളഞ്ഞിരിക്കുന്നു.

[18] അവളുടെ വീട് മരണത്തിലേക്കും അവളുടെ പാതകൾ മരിച്ചവരുടെ അടുക്കലേക്കും ചാഞ്ഞിരിക്കുന്നു.

[19] അവളുടെ അടുക്കൽ ചെല്ലുന്ന ഒരുത്തനും മടങ്ങിവരുന്നില്ല; ജീവന്റെ പാതകളെ പ്രാപിക്കുന്നതുമില്ല.

[20] അതുകൊണ്ട് നീ സജ്ജനത്തിന്റെ വഴിയിൽ നടന്ന് നീതിമാന്മാരുടെ പാതകളെ പ്രമാണിച്ചുകൊള്ളുക.

[21] നേരുള്ളവർ ദേശത്ത് വസിക്കും; നിഷ്കളങ്കന്മാർ അതിൽ ശേഷിച്ചിരിക്കും.

[22] എന്നാൽ ദുഷ്ടന്മാർ ദേശത്തുനിന്ന് ഛേദിക്കപ്പെടും; ദ്രോഹികൾ അതിൽനിന്ന് നിർമ്മൂലമാകും.

സദൃശവാക്യങ്ങൾ — Chapters