[1] മകനേ, എന്റെ വചനങ്ങൾ പ്രമാണിച്ച് എന്റെ കല്പനകൾ നിന്റെ ഉള്ളിൽ സംഗ്രഹിച്ചുകൊള്ളുക.
[2] നീ ജീവിച്ചിരിക്കേണ്ടതിന് എന്റെ കല്പനകളെയും ഉപദേശത്തെയും നിന്റെ കണ്ണിന്റെ കൃഷ്ണമണിപോലെ കാത്തുകൊള്ളുക.
[3] നിന്റെ വിരലിന്മേൽ അവയെ കെട്ടുക; ഹൃദയത്തിന്റെ പലകയിൽ എഴുതുക.
[4] ജ്ഞാനത്തോട്: “നീ എന്റെ സഹോദരി” എന്ന് പറയുക; വിവേകത്തെ സഖി എന്ന് വിളിക്കുക.
[5] അവ നിന്നെ പരസ്ത്രീയുടെ കയ്യിൽനിന്നും ചക്കരവാക്ക് പറയുന്ന അന്യസ്ത്രീയുടെ വശത്തുനിന്നും കാക്കും.
[6] ഞാൻ എന്റെ വീടിന്റെ കിളിവാതില്ക്കൽ അഴികൾക്ക് ഇടയിലൂടെ നോക്കിക്കൊണ്ടിരിക്കുമ്പോൾ
[7] ഭോഷന്മാരുടെ ഇടയിൽ ഒരുവനെ കണ്ടു; യൗവനക്കാരുടെ കൂട്ടത്തിൽ ബുദ്ധിഹീനനായ ഒരു യുവാവിനെ കണ്ടറിഞ്ഞു.
[8] അവൻ വൈകുന്നേരം, സന്ധ്യാസമയത്ത്, ഇരുട്ടും അന്ധകാരവുമുള്ള ഒരു രാത്രിയിൽ,
[9] അവളുടെ വീടിന്റെ കോണിനരികെ വീഥിയിൽകൂടി കടന്ന്, അവളുടെ വീട്ടിലേക്കുള്ള വഴിയിൽ കൂടിനടന്നുചെല്ലുന്നു.
[10] പെട്ടെന്ന് ഇതാ ഒരു സ്ത്രീ, വേശ്യാവസ്ത്രം ധരിച്ചും, ഹൃദയത്തിൽ ഉപായം നിരൂപിച്ചും, അവനെ എതിരേറ്റുവരുന്നു.
[11] അവൾ മോഹപരവശയും തന്നിഷ്ടക്കാരിയും ആകുന്നു; അവളുടെ കാൽ വീട്ടിൽ അടങ്ങിയിരിക്കുകയില്ല.
[12] ഇപ്പോൾ അവളെ വീഥിയിലും പിന്നെ വിശാലസ്ഥലത്തും കാണാം; ഓരോ കോണിലും അവൾ പതിയിരിക്കുന്നു.
[13] അവൾ അവനെ പിടിച്ചുചുംബിച്ച്, ലജ്ജകൂടാതെ അവനോട് പറയുന്നത്
[14] “എനിക്ക് സമാധാനയാഗങ്ങൾ ഉണ്ടായിരുന്നു; ഇന്ന് ഞാൻ എന്റെ നേർച്ചകൾ കഴിച്ചിരിക്കുന്നു.
[15] അതുകൊണ്ട് ഞാൻ നിന്നെ കാണുവാൻ ആഗ്രഹിച്ച് നിന്നെ എതിരേല്ക്കുവാൻ പുറപ്പെട്ട് നിന്നെ കണ്ടെത്തിയിരിക്കുന്നു.
[16] ഞാൻ എന്റെ കട്ടിലിന്മേൽ പരവതാനികളും ഈജിപ്റ്റിലെ നൂൽകൊണ്ടുള്ള വർണ്ണവിരികളും വിരിച്ചിരിക്കുന്നു.
[17] മൂറും അകിലും ലവംഗവുംകൊണ്ട് ഞാൻ എന്റെ മെത്ത സുഗന്ധമാക്കിയിരിക്കുന്നു.
[18] വരുക; വെളുക്കുംവരെ നമുക്ക് പ്രേമത്തിൽ രമിക്കാം; കാമവിലാസങ്ങളാൽ നമുക്ക് സുഖിക്കാം.
[19] പുരുഷൻ വീട്ടിൽ ഇല്ല; ദൂരയാത്ര പോയിരിക്കുന്നു;
[20] പണമടിശ്ശീല കൂടെ കൊണ്ടുപോയിട്ടുണ്ട്; പൗർണ്ണമാസിയിലേ വീട്ടിൽ തിരിച്ചെത്തുകയുള്ളു”.
[21] ഇങ്ങനെ ഏറിയോരു ഇമ്പവാക്കുകളാൽ അവൾ അവനെ വശീകരിച്ച് അധരമാധുര്യംകൊണ്ട് അവനെ നിർബ്ബന്ധിക്കുന്നു.
[22] അറക്കുന്നേടത്തേക്ക് കാളയും ചങ്ങലയിലേക്ക് ഭോഷനും പോകുന്നതുപോലെയും,
[23] പക്ഷി ജീവഹാനിക്കുള്ളതെന്ന് അറിയാതെ കെണിയിലേക്ക് ബദ്ധപ്പെടുന്നതുപോലെയും കരളിൽ അസ്ത്രം തറയ്ക്കുവോളം അവൻ അവളുടെ പിന്നാലെ ചെല്ലുന്നു.
[24] ആകയാൽ മക്കളേ, എന്റെ വാക്ക് കേൾക്കുവിൻ; എന്റെ വായിലെ വചനങ്ങളെ ശ്രദ്ധിക്കുവിൻ.
[25] നിന്റെ മനസ്സ് അവളുടെ വഴിയിലേക്ക് ചായരുത്; അവളുടെ പാതകളിലേക്ക് നീ തെറ്റിച്ചെല്ലുകയുമരുത്.
[26] അവൾ വീഴിച്ച ഹതന്മാർ അനേകം പേർ; അവൾ കൊന്നുകളഞ്ഞവർ ആകെ വലിയ ഒരു കൂട്ടം ആകുന്നു.
[27] അവളുടെ വീട് പാതാളത്തിലേക്കുള്ള വഴിയാകുന്നു; അത് മരണത്തിന്റെ അറകളിലേക്ക് ചെല്ലുന്നു.