Skip to content
Opens in a new window
Listen to this chapter • 2:59

[1] തുടർച്ചയായി ശാസന കേട്ടിട്ടും ശാഠ്യം കാണിക്കുന്നവൻ നീക്കുപോക്കില്ലാതെ പെട്ടെന്ന് നശിച്ചുപോകും.

[2] നീതിമാന്മാർ വർദ്ധിക്കുമ്പോൾ ജനം സന്തോഷിക്കുന്നു; ദുഷ്ടൻ ആധിപത്യം നടത്തുമ്പോൾ ജനം ഞരങ്ങുന്നു.

[3] ജ്ഞാനം ഇഷ്ടപ്പെടുന്നവൻ തന്റെ അപ്പനെ സന്തോഷിപ്പിക്കുന്നു; വേശ്യകളോട് സഹവാസം ചെയ്യുന്നവനോ തന്റെ സമ്പത്ത് നശിപ്പിക്കുന്നു.

[4] രാജാവ് ന്യായപാലനത്താൽ രാജ്യത്തെ നിലനിർത്തുന്നു; നികുതി വർദ്ധിപ്പിക്കുന്നവൻ അതിനെ നശിപ്പിക്കുന്നു.

[5] കൂട്ടുകാരനോട് മുഖസ്തുതി പറയുന്നവൻ അവന്റെ കാലിന് ഒരു വല വിരിക്കുന്നു.

[6] ദുഷ്ക്കർമ്മി തന്റെ ലംഘനത്തിൽ കുടുങ്ങുന്നു; നീതിമാനോ ഘോഷിച്ചാനന്ദിക്കുന്നു.

[7] നീതിമാൻ അഗതികളുടെ കാര്യം അറിയുന്നു; ദുഷ്ടനോ പരിജ്ഞാനം ഇന്നതെന്ന് അറിയുന്നില്ല.

[8] പരിഹാസികൾ പട്ടണത്തിൽ കോപാഗ്നി ജ്വലിപ്പിക്കുന്നു; ജ്ഞാനികൾ ക്രോധത്തെ ശമിപ്പിക്കുന്നു.

[9] ജ്ഞാനിക്കും ഭോഷനും തമ്മിൽ തർക്കം ഉണ്ടായിട്ട് ഭോഷൻ കോപിക്കുകയോ ചിരിക്കുകയോ ചെയ്തേക്കാം; എന്നാൽ അവിടെ ശാന്തത ഉണ്ടാകുകയില്ല.

[10] രക്തപാതകന്മാർ നിഷ്ക്കളങ്കനെ ദ്വേഷിക്കുന്നു; നേരുള്ളവരോ അവന്റെ പ്രാണരക്ഷ അന്വേഷിക്കുന്നു.

[11] മൂഢൻ തന്റെ കോപം മുഴുവനും വെളിപ്പെടുത്തുന്നു; ജ്ഞാനി അതിനെ അടക്കി ശമിപ്പിക്കുന്നു.

[12] അധിപതി നുണ കേൾക്കുവാൻ തുടങ്ങിയാൽ അവന്റെ ഭൃത്യന്മാരെല്ലാവരും ദുഷ്ടന്മാരാകും.

[13] ദരിദ്രനും പീഡകനും തമ്മിൽ എതിർപെടുന്നു; ഇരുവരുടെയും കണ്ണ് യഹോവ പ്രകാശിപ്പിക്കുന്നു.

[14] അഗതികൾക്ക് വിശ്വസ്തതയോടെ ന്യായപാലനം ചെയ്യുന്ന രാജാവിന്റെ സിംഹാസനം എന്നേക്കും സ്ഥിരമായിരിക്കും.

[15] വടിയും ശാസനയും ജ്ഞാനം നല്കുന്നു; തന്നിഷ്ടത്തിനു വിട്ടിരിക്കുന്ന ബാലൻ അമ്മയ്ക്ക് ലജ്ജ വരുത്തുന്നു.

[16] ദുഷ്ടന്മാർ പെരുകുമ്പോൾ അതിക്രമം പെരുകുന്നു; നീതിമാന്മാർ അവരുടെ വീഴ്ച കാണും.

[17] നിന്റെ മകനെ ശിക്ഷിക്കുക; അവൻ നിനക്ക് ആശ്വാസമായിത്തീരും; അവൻ നിന്റെ മനസ്സിന് പ്രമോദം വരുത്തും.

[18] വെളിപ്പാട് ഇല്ലാത്തിടത്ത് ജനം മര്യാദവിട്ടു നടക്കുന്നു; ന്യായപ്രമാണം കാത്തുകൊള്ളുന്നവനോ ഭാഗ്യവാൻ.

[19] ദാസനെ നന്നാക്കുവാൻ വാക്കുമാത്രം പോരാ; അവൻ അത് ഗ്രഹിച്ചാലും കൂട്ടാക്കുകയില്ലല്ലോ.

[20] വാക്കിൽ തിടുക്കമുള്ള മനുഷ്യനെ നീ കാണുന്നുവോ? അവനെക്കാൾ മൂഢനെക്കുറിച്ച് അധികം പ്രത്യാശയുണ്ട്.

[21] ദാസനെ ബാല്യംമുതൽ ലാളിച്ചുവളർത്തുന്നവനോട് അവൻ ഒടുവിൽ ദുശ്ശാഠ്യം കാണിക്കും.

[22] കോപമുള്ളവൻ വഴക്കുണ്ടാക്കുന്നു; ക്രോധമുള്ളവൻ അതിക്രമം വർദ്ധിപ്പിക്കുന്നു.

[23] മനുഷ്യന്റെ ഗർവ്വം അവനെ താഴ്ത്തിക്കളയും; മനോവിനയമുള്ളവൻ മാനം പ്രാപിക്കും.

[24] കള്ളന്റെ പങ്കാളി സ്വന്തം പ്രാണനെ പകക്കുന്നു; അവൻ സത്യം ചെയ്യുന്നു; ഒന്നും വെളിപ്പെടുത്തുന്നതുമില്ല.

[25] മാനുഷഭയം ഒരു കെണി ആകുന്നു; യഹോവയിൽ ആശ്രയിക്കുന്നവൻ രക്ഷപ്രാപിക്കും.

[26] അനേകം പേർ അധിപതിയുടെ മുഖപ്രസാദം അന്വേഷിക്കുന്നു; മനുഷ്യന് ന്യായവിധിയോ യഹോവയിൽനിന്നു വരുന്നു.

[27] നീതികെട്ടവൻ നീതിമാന്മാർക്ക് വെറുപ്പ്; സന്മാർഗ്ഗി ദുഷ്ടന്മാർക്കും വെറുപ്പ്.

സദൃശവാക്യങ്ങൾ — Chapters