Skip to content
Opens in a new window
Listen to this chapter • 3:12

[1] അനവധി സമ്പത്തിനെക്കാൾ സൽക്കീർത്തിയും വെള്ളിയേക്കാളും പൊന്നിനെക്കാളും കൃപയും ഏറെ നല്ലത്.

[2] ധനവാനും ദരിദ്രനും തമ്മിൽ കാണുന്നു; അവരുടെ സ്രഷ്ടാവ് യഹോവ തന്നെ.

[3] വിവേകമുള്ളവൻ അനർത്ഥം കണ്ട് ഒളിച്ചുകൊള്ളുന്നു; അല്പബുദ്ധികൾ നേരെ ചെന്ന് അനർത്ഥത്തിൽ അകപ്പെടുന്നു.

[4] താഴ്മയ്ക്കും യഹോവാഭക്തിക്കും ഉള്ള പ്രതിഫലം ധനവും മാനവും ജീവനും ആകുന്നു.

[5] വക്രന്റെ വഴിയിൽ മുള്ളും കെണിയും ഉണ്ട്; തന്റെ പ്രാണനെ സൂക്ഷിക്കുന്നവൻ അവയോട് അകന്നിരിക്കട്ടെ.

[6] ബാലൻ നടക്കേണ്ട വഴിയിൽ അവനെ അഭ്യസിപ്പിക്കുക; അവൻ വൃദ്ധനായാലും അത് വിട്ടുമാറുകയില്ല.

[7] ധനവാൻ ദരിദ്രന്മാരെ ഭരിക്കുന്നു; കടം മേടിക്കുന്നവൻ കടം കൊടുക്കുന്നവന് ദാസൻ.

[8] നീതികേട് വിതയ്ക്കുന്നവൻ ആപത്ത് കൊയ്യും; അവന്റെ കോപത്തിന്റെ വടി വിഫലമാകും.

[9] ദയാകടാക്ഷമുള്ളവൻ അനുഗ്രഹിക്കപ്പെടും; കാരണം അവൻ തന്റെ ആഹാരത്തിൽനിന്ന് അഗതിക്ക് കൊടുക്കുന്നുവല്ലോ.

[10] പരിഹാസിയെ നീക്കിക്കളയുക; അപ്പോൾ പിണക്കം ഒഴിഞ്ഞുപോകും; കലഹവും നിന്ദയും നിന്നുപോകും.

[11] ഹൃദയശുദ്ധി ഇഷ്ടപ്പെടുന്നവന് അധരലാവണ്യം ഉണ്ട്; രാജാവ് അവന്റെ സ്നേഹിതൻ.

[12] യഹോവയുടെ കണ്ണുകൾ പരിജ്ഞാനമുള്ളവനെ കാക്കുന്നു; ദ്രോഹികളുടെ വാക്ക് അവിടുന്ന് മറിച്ചുകളയുന്നു.

[13] “വെളിയിൽ സിംഹം ഉണ്ട്, വീഥിയിൽ എനിക്ക് ജീവഹാനി വരും” എന്ന് മടിയൻ പറയുന്നു.

[14] പരസ്ത്രീയുടെ വായ് ആഴമുള്ള കുഴി ആകുന്നു; യഹോവയാൽ ത്യജിക്കപ്പെട്ടവൻ അതിൽ വീഴും.

[15] ബാലന്റെ ഹൃദയത്തോട് ഭോഷത്തം പറ്റിയിരിക്കുന്നു; ശിക്ഷയ്ക്കുള്ള വടി അതിനെ അവനിൽനിന്ന് അകറ്റിക്കളയും.

[16] ആദായം ഉണ്ടാക്കേണ്ടതിന് എളിയവനെ പീഡിപ്പിക്കുന്നവനും ധനവാനു കൊടുക്കുന്നവനും ദരിദ്രനായിത്തീരും.

[17] ജ്ഞാനികളുടെ വചനങ്ങൾ ചെവിചായിച്ച് കേൾക്കുക; എന്റെ പരിജ്ഞാനത്തിന് മനസ്സുവയ്ക്കുക.

[18] അവയെ നിന്റെ ഉള്ളിൽ സൂക്ഷിക്കുന്നതും നിന്റെ അധരങ്ങളിൽ അവ ഉറച്ചിരിക്കുന്നതും മനോഹരം.

[19] നിന്റെ ആശ്രയം യഹോവയിൽ ആയിരിക്കേണ്ടതിന് ഞാൻ ഇന്ന് നിന്നോട്, നിന്നോട് തന്നെ, ഉപദേശിച്ചിരിക്കുന്നു.

[20] നിന്നെ അയച്ചവർക്ക് നീ നേരുള്ള മറുപടി നൽകുവാൻ തക്കവണ്ണം നിനക്ക് നേരുള്ള മറുപടിയുടെ നിശ്ചയം അറിയിച്ചുതരുവാൻ

[21] ആലോചനയും പരിജ്ഞാനവും അടങ്ങിയ ഉത്തമവാക്യങ്ങൾ ഞാൻ നിനക്ക് എഴുതിയിട്ടുണ്ടല്ലോ.

[22] എളിയവനോട് അവൻ എളിയവനാകുകകൊണ്ട് കവർച്ച ചെയ്യരുത്; അരിഷ്ടനെ പടിവാതില്ക്കൽവച്ചു പീഡിപ്പിക്കുകയും അരുത്.

[23] യഹോവ അവരുടെ വ്യവഹാരം നടത്തും; അവരെ കൊള്ളയിട്ടവരുടെ ജീവനെ കൊള്ളയിടും.

[24] കോപശീലനോടു സഖിത്വമരുത്; ക്രോധമുള്ള മനുഷ്യനോടുകൂടി നടക്കുകയും അരുത്.

[25] നീ അവന്റെ വഴികളെ പഠിക്കുവാനും നിന്റെ പ്രാണൻ കെണിയിൽ അകപ്പെടുവാനും സംഗതിവരരുത്.

[26] നീ കൈയടിച്ച് ഉറപ്പിക്കുന്നവരുടെ കൂട്ടത്തിലും കടത്തിന് ജാമ്യം നില്‍ക്കുന്നവരുടെ കൂട്ടത്തിലും ആയിപ്പോകരുത്.

[27] വീട്ടുവാൻ നിനക്ക് വകയില്ലാതെ വന്നിട്ട് നിന്റെ കീഴിൽനിന്ന് നിന്റെ മെത്ത എടുത്തുകളയുവാൻ ഇടവരുത്തുന്നത് എന്തിന്?

[28] നിന്റെ പിതാക്കന്മാർ ഇട്ടിരിക്കുന്ന പണ്ടത്തെ അതിര് നീ മാറ്റരുത്.

[29] പ്രവൃത്തിയിൽ സാമർത്ഥ്യമുള്ള പുരുഷനെ നീ കാണുന്നുവോ? അവൻ രാജാക്കന്മാരുടെ മുമ്പിൽ നില്ക്കും; നീചന്മാരുടെ മുമ്പിൽ അവൻ നില്‍ക്കുകയില്ല.

സദൃശവാക്യങ്ങൾ — Chapters