Skip to content
Opens in a new window
Listen to this chapter • 2:22

[1] കൂട്ടംവിട്ടു നടക്കുന്നവൻ സ്വന്തം താത്പര്യം അന്വേഷിക്കുന്നു; സകലജ്ഞാനത്തോടും അവൻ കയർക്കുന്നു.

[2] തന്റെ മനസ്സ് വെളിപ്പെടുത്തുന്നതിൽ അല്ലാതെ മൂഢന് വിവേകത്തിൽ താത്പര്യമില്ല.

[3] ദുഷ്ടനോടുകൂടി അപമാനവും ദുഷ്ക്കീർത്തിയോടുകൂടി നിന്ദയും വരുന്നു.

[4] മനുഷ്യന്റെ വായിലെ വാക്ക് ആഴമുള്ള വെള്ളവും ജ്ഞാനത്തിന്റെ ഉറവ് ഒഴുക്കുള്ള തോടും ആകുന്നു.

[5] നീതിമാനെ ന്യായവിസ്താരത്തിൽ തോല്പിക്കേണ്ടതിന് ദുഷ്ടന്റെ പക്ഷം പിടിക്കുന്നത് നല്ലതല്ല.

[6] മൂഢന്റെ അധരങ്ങൾ വഴക്കിന് ഇടയാക്കുന്നു; അവന്റെ വായ് തല്ല് വിളിച്ചുവരുത്തുന്നു.

[7] മൂഢന്റെ വായ് അവന് നാശം; അവന്റെ അധരങ്ങൾ അവന്റെ പ്രാണന് കെണി.

[8] ഏഷണിക്കാരന്റെ വാക്ക് സ്വാദുഭോജനംപോലെയിരിക്കുന്നു; അത് ശരീരത്തിന്റെ ഉള്ളറകളിലേക്ക് ചെല്ലുന്നു.

[9] വേലയിൽ മടിയനായവൻ മുടിയന്റെ സഹോദരൻ.

[10] യഹോവയുടെ നാമം ബലമുള്ള ഗോപുരം; നീതിമാൻ അതിലേക്ക് ഓടിച്ചെന്ന് അഭയം പ്രാപിക്കുന്നു.

[11] ധനവാന് തന്റെ സമ്പത്ത് ഉറപ്പുള്ള പട്ടണം; അത് അവന് ഉയർന്ന മതിൽ ആയിത്തോന്നുന്നു.

[12] നാശത്തിന് മുമ്പ് മനുഷ്യന്റെ ഹൃദയം നിഗളിക്കുന്നു; മാനത്തിന് മുമ്പെ താഴ്മ.

[13] കേൾക്കുന്നതിനു മുമ്പ് ഉത്തരം പറയുന്നവന് അത് ഭോഷത്തവും ലജ്ജയും ആയിത്തീരുന്നു.

[14] പുരുഷന്റെ ധീരത രോഗത്തിൽ അവന് സഹിഷ്ണത നൽകുന്നു; തകർന്ന മനസ്സിനെയോ ആർക്ക് സഹിക്കാം?

[15] ബുദ്ധിമാന്റെ ഹൃദയം പരിജ്ഞാനം സമ്പാദിക്കുന്നു; ജ്ഞാനികളുടെ ചെവി പരിജ്ഞാനം അന്വേഷിക്കുന്നു.

[16] മനുഷ്യൻ നൽകുന്ന സമ്മാനം മൂലം അവന് പ്രവേശനം ലഭിക്കും; അവൻ മഹാന്മാരുടെ സന്നിധിയിൽ ചെല്ലുവാൻ ഇടയാകും.

[17] തന്റെ അന്യായം ആദ്യം ബോധിപ്പിക്കുന്നവൻ നീതിമാൻ എന്ന് തോന്നും; എന്നാൽ അവന്റെ പ്രതിയോഗി അവനെ പരിശോധിക്കുന്നതുവരെ മാത്രം.

[18] നറുക്ക് തർക്കങ്ങൾ തീർക്കുകയും ബലവാന്മാർക്കിടയിൽ തീർപ്പുണ്ടാക്കുകയും ചെയ്യുന്നു.

[19] ദ്രോഹിക്കപ്പെട്ട സഹോദരനെ ഇണക്കുന്നത് ഉറപ്പുള്ള പട്ടണത്തെ ജയിക്കുന്നതിനെക്കാൾ ബുദ്ധിമുട്ടാകുന്നു; അങ്ങനെയുള്ള പിണക്കം അരമനയുടെ ഓടാമ്പൽപോലെ ആകുന്നു.

[20] വായുടെ ഫലത്താൽ മനുഷ്യന്റെ ഉദരം നിറയും; അധരങ്ങളുടെ വിളവുകൊണ്ട് അവന് തൃപ്തിവരും;

[21] മരണവും ജീവനും നാവിന്റെ അധികാരത്തിൽ ഇരിക്കുന്നു; അതിൽ ഇഷ്ടപ്പെടുന്നവർ അതിന്റെ ഫലം അനുഭവിക്കും.

[22] ഭാര്യയെ കിട്ടുന്നവന് നന്മ കിട്ടുന്നു; യഹോവയോട് പ്രസാദം ലഭിച്ചുമിരിക്കുന്നു.

[23] ദരിദ്രൻ യാചനാരീതിയിൽ സംസാരിക്കുന്നു; ധനവാനോ കഠിനമായി ഉത്തരം പറയുന്നു.

[24] വളരെ സ്നേഹിതന്മാരുള്ള മനുഷ്യന് നാശം വരും; എന്നാൽ സഹോദരനെക്കാളും പറ്റിച്ചേരുന്ന സ്നേഹിതന്മാരും ഉണ്ട്.

സദൃശവാക്യങ്ങൾ — Chapters