[1] വേനൽകാലത്ത് ഹിമവും കൊയ്ത്തുകാലത്ത് മഴയും എന്നപോലെ ഭോഷന് ബഹുമാനം ചേർന്നതല്ല.
[2] പാറിപ്പോകുന്ന കുരികിലും പറന്നുപോകുന്ന മീവൽപക്ഷിയും പോലെ കാരണംകൂടാതെ ശാപം ഫലിക്കുകയില്ല.
[3] കുതിരയ്ക്ക് ചമ്മട്ടി, കഴുതയ്ക്കു കടിഞ്ഞാൺ, മൂഢന്മാരുടെ മുതുകിനു വടി.
[4] നീയും മൂഢനെപ്പോലെ ആകാതിരിക്കേണ്ടതിന് അവന്റെ ഭോഷത്തംപോലെ അവനോട് ഉത്തരം പറയരുത്.
[5] മൂഢന് താൻ ജ്ഞാനിയെന്ന് തോന്നാതിരിക്കേണ്ടതിന് അവന്റെ ഭോഷത്തത്തിനൊത്തവണ്ണം അവനോട് ഉത്തരം പറയുക.
[6] മൂഢന്റെ കൈവശം വർത്തമാനം അയക്കുന്നവൻ സ്വന്തകാൽ മുറിച്ചുകളയുകയും അന്യായം കുടിക്കുകയും ചെയ്യുന്നു.
[7] മൂഢന്മാരുടെ വായിലെ സദൃശവാക്യം മുടന്തന്റെ കാൽ ഞാന്നു കിടക്കുന്നതുപോലെ.
[8] മൂഢന് ബഹുമാനം കൊടുക്കുന്നത് കവിണയിൽ കല്ലുകെട്ടി മുറുക്കുന്നതുപോലെ.
[9] മൂഢന്മാരുടെ വായിലെ സദൃശവാക്യം മദ്യപന്റെ കയ്യിലെ മുള്ളുപോലെ.
[10] എല്ലാവരെയും മുറിവേല്പിക്കുന്ന വില്ലാളിയും, മൂഢനെയും വഴിപോക്കരെയും കൂലിക്ക് നിർത്തുന്നവനും ഒരുപോലെ.
[11] നായ് ഛർദ്ദിച്ചതിലേക്ക് വീണ്ടും തിരിയുന്നതും മൂഢൻ തന്റെ ഭോഷത്തം ആവർത്തിക്കുന്നതും ഒരുപോലെ.
[12] തനിക്കുതന്നെ ജ്ഞാനിയെന്ന് തോന്നുന്ന മനുഷ്യനെ നീ കാണുന്നുവോ? അവനെക്കുറിച്ചുള്ളതിനെക്കാളും മൂഢനെക്കുറിച്ച് അധികം പ്രത്യാശയുണ്ട്.
[13] “വഴിയിൽ സിംഹം ഉണ്ട്, തെരുവീഥികളിൽ ഉഗ്രസിംഹം ഉണ്ട്” എന്നിങ്ങനെ മടിയൻ പറയുന്നു.
[14] കതക് വിജാഗിരിയിൽ എന്നപോലെ മടിയൻ തന്റെ കിടക്കയിൽ തിരിയുന്നു.
[15] മടിയൻ തന്റെ കൈ തളികയിൽ പൂഴ്ത്തുന്നു; വായിലേക്ക് തിരികെ കൊണ്ടുവരുന്നത് അവനു പ്രയാസം.
[16] ബുദ്ധിയോടെ ഉത്തരം പറയുവാൻ പ്രാപ്തിയുള്ള ഏഴു പേരിലും താൻ ജ്ഞാനി എന്ന് മടിയനു തോന്നുന്നു.
[17] തന്നെ സംബന്ധിക്കാത്ത വഴക്കിൽ ഇടപെടുന്നവൻ വഴിയെപോകുന്ന നായുടെ ചെവിക്ക് പിടിക്കുന്നവനെപ്പോലെ.
[18] കൂട്ടുകാരനെ വഞ്ചിച്ചിട്ട് “അത് തമാശ” എന്ന് പറയുന്ന മനുഷ്യൻ
[19] തീക്കൊള്ളികളും അമ്പുകളും മരണവും എറിയുന്ന ഭ്രാന്തനെപ്പോലെയാകുന്നു.
[20] വിറക് ഇല്ലാതിരുന്നാൽ തീ കെട്ടുപോകും; നുണയൻ ഇല്ലാതിരുന്നാൽ വഴക്കും ഇല്ലാതെയാകും.
[21] കരി കനലിനും വിറക് തീയ്ക്കും എന്നപോലെ വഴക്കുകാരൻ കലഹം ജ്വലിക്കുന്നതിനു കാരണം.
[22] ഏഷണിക്കാരന്റെ വാക്ക് സ്വാദുഭോജനംപോലെ; അത് വയറിന്റെ അറകളിലേക്ക് ചെല്ലുന്നു.
[23] ദുഷ്ടഹൃദയമുള്ളവന്റെ സ്നേഹം ജ്വലിക്കുന്ന അധരം വെള്ളിക്കീടം പൊതിഞ്ഞ മൺകുടംപോലെയാകുന്നു.
[24] പകയുള്ളവൻ അധരം കൊണ്ട് വേഷം ധരിക്കുന്നു; ഉള്ളിൽ അവൻ ചതിവ് സംഗ്രഹിച്ചു വയ്ക്കുന്നു.
[25] അവൻ ഇമ്പമായി സംസാരിക്കുമ്പോൾ അവനെ വിശ്വസിക്കരുത്; അവന്റെ ഹൃദയത്തിൽ ഏഴു വെറുപ്പുണ്ട്.
[26] അവന്റെ പക കപടംകൊണ്ടു മറച്ചുവച്ചാലും അവന്റെ ദുഷ്ടത സഭയുടെ മുമ്പിൽ വെളിപ്പെട്ടുവരും.
[27] കുഴി കുഴിക്കുന്നവൻ അതിൽ വീഴും; കല്ലുരുട്ടുന്നവന്റെമേൽ അത് തിരിഞ്ഞുരുളും.
[28] ഭോഷ്ക്കു പറയുന്ന നാവ് അതിനിരയായവരെ ദ്വേഷിക്കുന്നു; മുഖസ്തുതി പറയുന്ന വായ് നാശം വരുത്തുന്നു.