Skip to content
Opens in a new window
Listen to this chapter • 2:50

[1] മക്കളേ, അപ്പന്റെ പ്രബോധനം കേട്ട് വിവേകം പ്രാപിക്കേണ്ടതിന് ശ്രദ്ധിക്കുവിൻ.

[2] ഞാൻ നിങ്ങൾക്ക് സൽബുദ്ധി ഉപദേശിച്ചുതരുന്നു; എന്റെ ഉപദേശം നിങ്ങൾ ഉപേക്ഷിക്കരുത്.

[3] ഞാൻ എന്റെ അപ്പന് മകനും എന്റെ അമ്മയ്ക്ക് ഓമനയും ഏകപുത്രനും ആയിരുന്നു;

[4] അവൻ എന്നെ പഠിപ്പിച്ച്, എന്നോട് പറഞ്ഞത്: “എന്റെ വചനങ്ങളെ ഹൃദയത്തിൽ സംഗ്രഹിച്ചുകൊള്ളുക; എന്റെ കല്പനകളെ പ്രമാണിച്ച് ജീവിക്കുക.

[5] ജ്ഞാനം സമ്പാദിക്കുക: വിവേകം നേടുക; മറക്കരുത്; എന്റെ വചനങ്ങളെ വിട്ടുമാറുകയും അരുത്.

[6] അതിനെ ഉപേക്ഷിക്കരുത്; അത് നിന്നെ കാക്കും; അതിൽ പ്രിയം വെക്കുക; അത് നിന്നെ സൂക്ഷിക്കും;

[7] ജ്ഞാനംതന്നെ പ്രധാനം; ജ്ഞാനം സമ്പാദിക്കുക; നിന്റെ സകലസമ്പാദ്യം കൊണ്ടും വിവേകം നേടുക.

[8] അതിനെ ഉയർത്തുക; അത് നിന്നെ ഉയർത്തും; അതിനെ ആലിംഗനം ചെയ്താൽ അത് നിനക്ക് മാനം വരുത്തും.

[9] അത് നിന്റെ തലയെ അലങ്കാരമാല അണിയിക്കും; അത് നിന്നെ ഒരു മഹത്വകിരീടം ചൂടിക്കും.

[10] മകനേ കേട്ട് എന്റെ വചനങ്ങളെ കൈക്കൊള്ളുക; എന്നാൽ നിനക്ക് ദീർഘായുസ്സുണ്ടാകും.

[11] ജ്ഞാനത്തിന്റെ മാർഗ്ഗം ഞാൻ നിന്നെ ഉപദേശിക്കുന്നു; നേരെയുള്ള പാതയിൽ ഞാൻ നിന്നെ നടത്തുന്നു.

[12] നടക്കുമ്പോൾ നിന്റെ കാലടികൾ തടസ്സം നേരിടുകയില്ല; ഓടുമ്പോൾ നീ ഇടറുകയുമില്ല.

[13] പ്രബോധനം മുറുകെ പിടിക്കുക; വിട്ടുകളയരുത്; അതിനെ കാത്തുകൊള്ളുക, അത് നിന്റെ ജീവനല്ലയോ.

[14] ദുഷ്ടന്മാരുടെ പാതയിൽ നീ ചെല്ലരുത്; ദുർജ്ജനത്തിന്റെ വഴിയിൽ നടക്കുകയും അരുത്;

[15] അതിനോട് അകന്നുനില്ക്കുക; അതിൽ നടക്കരുത്; അത് വിട്ടുമാറി കടന്നുപോകുക.

[16] അവർ ദോഷം ചെയ്തിട്ടല്ലാതെ ഉറങ്ങുകയില്ല; ആരെയെങ്കിലും വീഴിച്ചിട്ടല്ലാതെ അവർക്ക് ഉറക്കം വരുകയില്ല.

[17] ദുഷ്ടതയുടെ ആഹാരംകൊണ്ട് അവർ ഉപജീവിക്കുന്നു; ബലാല്ക്കാരത്തിന്റെ വീഞ്ഞ് അവർ പാനംചെയ്യുന്നു.

[18] നീതിമാന്മാരുടെ പാതയോ പ്രഭാതത്തിന്റെ വെളിച്ചംപോലെ; അത് നട്ടുച്ചവരെ അധികമധികം ശോഭിച്ചുവരുന്നു.

[19] ദുഷ്ടന്മാരുടെ വഴി അന്ധകാരംപോലെയാകുന്നു; ഏതിൽ തട്ടിവീഴും എന്ന് അവർ അറിയുന്നില്ല.

[20] മകനേ, എന്റെ വചനങ്ങൾക്ക് ശ്രദ്ധതരിക; എന്റെ മൊഴികൾക്ക് നിന്റെ ചെവിചായിക്കുക.

[21] അവ നിന്റെ ദൃഷ്ടിയിൽനിന്ന് മാറിപ്പോകരുത്; നിന്റെ ഹൃദയത്തിന്റെ നടുവിൽ അവയെ സൂക്ഷിച്ചുവയ്ക്കുക.

[22] അവയെ കിട്ടുന്നവർക്ക് അവ ജീവനും അവരുടെ മുഴുവൻശരീരത്തിനും സൗഖ്യവും ആകുന്നു.

[23] സകലജാഗ്രതയോടുംകൂടി നിന്റെ ഹൃദയത്തെ കാത്തുകൊള്ളുക; ജീവന്റെ ഉത്ഭവം അതിൽനിന്നല്ലയോ ആകുന്നത്.

[24] വായുടെ വക്രത നിന്നിൽനിന്ന് നീക്കിക്കളയുക; അധരങ്ങളുടെ വികടം നിന്നിൽനിന്ന് അകറ്റുക.

[25] നിന്റെ കണ്ണ് നേരെ നോക്കട്ടെ; നിന്റെ ദൃഷ്ടി മുമ്പോട്ട് തന്നെ ആയിരിക്കട്ടെ.

[26] നിന്റെ കാലുകളുടെ പാത നിരപ്പാക്കുക; നിന്റെ വഴികളെല്ലാം സ്ഥിരമായിരിക്കട്ടെ.

[27] ഇടത്തോട്ടോ വലത്തോട്ടോ തിരിയരുത്; നിന്റെ കാലുകൾ തിന്മയിൽനിന്ന് അകലുമാറാക്കുക.

സദൃശവാക്യങ്ങൾ — Chapters