[1] മൃദുവായ ഉത്തരം ക്രോധത്തെ ശമിപ്പിക്കുന്നു; കഠിനവാക്കോ കോപത്തെ ജ്വലിപ്പിക്കുന്നു.
[2] ജ്ഞാനിയുടെ നാവ് നല്ല പരിജ്ഞാനം പ്രസ്താവിക്കുന്നു; മൂഢന്മാരുടെ വായ് ഭോഷത്തം വർഷിക്കുന്നു.
[3] യഹോവയുടെ കണ്ണ് എല്ലായിടവും ഉണ്ട്; ദുഷ്ടന്മാരെയും നല്ലവരെയും നോക്കിക്കൊണ്ടിരിക്കുന്നു.
[4] നാവിന്റെ ശാന്തത ജീവവൃക്ഷം; അതിന്റെ വക്രതയോ മനോവ്യസനം.
[5] ഭോഷൻ അപ്പന്റെ പ്രബോധനം നിരസിക്കുന്നു; ശാസനയെ സ്വീകരിക്കുന്നവൻ വിവേകിയായിത്തീരും.
[6] നീതിമാന്റെ വീട്ടിൽ വളരെ നിക്ഷേപം ഉണ്ട്; ദുഷ്ടന്റെ ആദായത്തിലോ അനർത്ഥം.
[7] ജ്ഞാനികളുടെ അധരങ്ങൾ പരിജ്ഞാനം വിതറുന്നു; മൂഢന്മാരുടെ ഹൃദയം നേരുള്ളതല്ല.
[8] ദുഷ്ടന്മാരുടെ യാഗം യഹോവയ്ക്ക് വെറുപ്പ്; നേരുള്ളവരുടെ പ്രാർത്ഥനയോ അവന് പ്രസാദം.
[9] ദുഷ്ടന്മാരുടെ വഴി യഹോവയ്ക്ക് വെറുപ്പ്; എന്നാൽ നീതിയെ പിന്തുടരുന്നവനെ അവിടുന്ന് സ്നേഹിക്കുന്നു.
[10] സന്മാർഗ്ഗം ത്യജിക്കുന്നവന് കഠിനശിക്ഷ വരും; ശാസന വെറുക്കുന്നവൻ മരിക്കും.
[11] പാതാളവും നരകവും യഹോവയുടെ ദൃഷ്ടിയിൽ തുറന്നിരിക്കുന്നുവെങ്കിൽ മനുഷ്യപുത്രന്മാരുടെ ഹൃദയങ്ങൾ എത്ര അധികം!
[12] പരിഹാസി ശാസന ഇഷ്ടപ്പെടുന്നില്ല; ജ്ഞാനികളുടെ അടുക്കൽ ചെല്ലുന്നതുമില്ല.
[13] സന്തോഷമുള്ള ഹൃദയം മുഖപ്രസാദമുണ്ടാക്കുന്നു; ഹൃദയത്തിലെ വ്യസനംകൊണ്ടോ ധൈര്യം നഷ്ടപ്പെടുന്നു.
[14] വിവേകമുള്ളവന്റെ ഹൃദയം പരിജ്ഞാനം അന്വേഷിക്കുന്നു; മൂഢന്മാരുടെ വായ് ഭോഷത്തം ആചരിക്കുന്നു.
[15] പീഡിതന്റെ ജീവനാൾ എല്ലാം കഷ്ടകാലം; സന്തുഷ്ടഹൃദയനോ നിത്യം ഉത്സവം.
[16] ബഹു നിക്ഷേപവും അതിനോടുകൂടി കഷ്ടതയും ഉള്ളതിനെക്കാൾ യഹോവാഭക്തിയോടുകൂടി അല്പധനം ഉള്ളത് നന്ന്.
[17] വിദ്വേഷമുള്ളേടത്തെ തടിപ്പിച്ച കാളയെക്കാൾ സ്നേഹമുള്ളേടത്തെ സസ്യഭോജനം നല്ലത്.
[18] ക്രോധമുള്ളവൻ കലഹം ഉണ്ടാക്കുന്നു; ദീർഘക്ഷമയുള്ളവൻ കലഹം ശമിപ്പിക്കുന്നു.
[19] മടിയന്റെ വഴി മുള്ളുവേലിപോലെയാകുന്നു; നീതിമാന്മാരുടെ പാതയോ പെരുവഴി തന്നെ.
[20] ജ്ഞാനമുള്ള മകൻ അപ്പനെ സന്തോഷിപ്പിക്കുന്നു; മൂഢനോ അമ്മയെ നിന്ദിക്കുന്നു.
[21] ഭോഷത്തം ബുദ്ധിഹീനന് സന്തോഷം; വിവേകിയോ ചൊവ്വായി നടക്കുന്നു.
[22] ആലോചന ഇല്ലാതിരുന്നാൽ ഉദ്ദേശ്യങ്ങൾ സാധിക്കാതെ പോകുന്നു; ആലോചനക്കാരുടെ ബഹുത്വത്താൽ അവ സാധിക്കുന്നു.
[23] താൻ പറയുന്ന ഉത്തരം ഹേതുവായി മനുഷ്യന് സന്തോഷം വരും; തക്കസമയത്ത് പറയുന്ന വാക്ക് എത്ര മനോഹരം!
[24] ബുദ്ധിമാന്റെ ജീവയാത്ര ഉയരത്തിലേക്കാകുന്നു; കീഴെയുള്ള പാതാളത്തെ അവൻ ഒഴിഞ്ഞുപോകും.
[25] അഹങ്കാരിയുടെ വീട് യഹോവ പൊളിച്ചുകളയും; വിധവയുടെ അതിര് അവിടുന്ന് ഉറപ്പിക്കും.
[26] ദുരുപായങ്ങൾ യഹോവയ്ക്ക് വെറുപ്പ്; ദയാവാക്കോ നിർമ്മലം.
[27] ദുരാഗ്രഹി തന്റെ ഭവനത്തെ വലയ്ക്കുന്നു; കോഴ വെറുക്കുന്നവൻ ജീവിച്ചിരിക്കും.
[28] നീതിമാൻ മനസ്സിൽ ആലോചിച്ച് ഉത്തരം പറയുന്നു; ദുഷ്ടന്മാരുടെ വായ് ദോഷങ്ങൾ വർഷിക്കുന്നു.
[29] യഹോവ ദുഷ്ടന്മാരോട് അകന്നിരിക്കുന്നു; നീതിമാന്മാരുടെ പ്രാർത്ഥനയോ അവൻ കേൾക്കുന്നു.
[30] പുഞ്ചിരിക്കുന്നു മുഖം ഹൃദയത്തെ സന്തോഷിപ്പിക്കുന്നു; നല്ല വർത്തമാനം ശരീരത്തെ തണുപ്പിക്കുന്നു.
[31] ജീവദായകമായ ശാസന കേൾക്കുന്ന ചെവിയുള്ളവൻ ജ്ഞാനികളുടെ മദ്ധ്യേ വസിക്കും.
[32] പ്രബോധനം ത്യജിക്കുന്നവൻ തന്റെ പ്രാണനെ നിരസിക്കുന്നു; ശാസന കേട്ട് അനുസരിക്കുന്നവൻ വിവേകം സമ്പാദിക്കുന്നു.
[33] യഹോവാഭക്തി ജ്ഞാനോപദേശമാകുന്നു; മാനത്തിന് വിനയം മുന്നോടിയാകുന്നു.