[1] ദുഷ്ടന്മാരോട് അസൂയപ്പെടരുത്; അവരോടുകൂടി ഇരിക്കുവാൻ ആഗ്രഹിക്കുകയുമരുത്.
[2] അവരുടെ ഹൃദയം അക്രമം മെനയുന്നു; കലഹം ഉണ്ടാക്കുവാൻ അവരുടെ അധരങ്ങൾ ഉപയോഗിക്കുന്നു.
[3] ജ്ഞാനംകൊണ്ട് ഭവനം പണിയുന്നു; വിവേകംകൊണ്ട് അത് സ്ഥിരമായിവരുന്നു.
[4] പരിജ്ഞാനംകൊണ്ട് അതിന്റെ മുറികളിൽ വിലയേറിയതും മനോഹരവുമായ സകലസമ്പത്തും നിറഞ്ഞുവരുന്നു.
[5] ജ്ഞാനിയായ പുരുഷൻ ബലവാനാകുന്നു; പരിജ്ഞാനമുള്ളവൻ ബലം വർദ്ധിപ്പിക്കുന്നു.
[6] ബുദ്ധിയുള്ള ആലോചനയാൽ നീ യുദ്ധം നടത്തി ജയിക്കും; മന്ത്രിമാരുടെ ബഹുത്വത്തിൽ രക്ഷയുണ്ട്.
[7] ജ്ഞാനം ഭോഷന് അപ്രാപ്യമായിരിക്കുന്നു; അവൻ പട്ടണവാതില്ക്കൽ വായ് തുറക്കുന്നില്ല.
[8] ദോഷം ചെയ്യുവാൻ നിരൂപിക്കുന്നവനെ ദുഷ്ക്കർമ്മി എന്ന് പറഞ്ഞുവരുന്നു;
[9] ഭോഷന്റെ നിരൂപണം പാപം തന്നെ; പരിഹാസി മനുഷ്യർക്ക് വെറുപ്പാകുന്നു.
[10] കഷ്ടകാലത്ത് നീ പതറിപ്പോയാൽ നിന്റെ ബലം കുറഞ്ഞുപോകും.
[11] മരണത്തിന് കൊണ്ടുപോകുന്നവരെ വിടുവിക്കുക; കൊലക്കളത്തിലേക്ക് വിറച്ച് ചെല്ലുന്നവരെ രക്ഷിക്കുവാൻ ശ്രമിക്കുക.
[12] “ഞങ്ങൾ അറിഞ്ഞില്ലല്ലോ” എന്ന് നീ പറഞ്ഞാൽ ഹൃദയങ്ങളെ തൂക്കിനോക്കുന്നവൻ ഗ്രഹിക്കുകയില്ലയോ? നിന്റെ പ്രാണനെ കാക്കുന്നവൻ അറിയുകയില്ലയോ? അവിടുന്ന് മനുഷ്യന് പ്രവൃത്തിക്ക് തക്കവണ്ണം പകരം കൊടുക്കുകയില്ലയോ?
[13] മകനേ, തേൻ തിന്നുക; അത് നല്ലതല്ലോ; തേങ്കട്ട നിന്റെ അണ്ണാക്കിന് മധുരമത്രേ.
[14] ജ്ഞാനവും നിന്റെ ഹൃദയത്തിന് അങ്ങനെ തന്നെ എന്നറിയുക; നീ അത് പ്രാപിച്ചാൽ പ്രതിഫലം ഉണ്ടാകും; നിന്റെ പ്രത്യാശക്ക് ഭംഗം വരികയുമില്ല.
[15] ദുഷ്ടാ, നീ നീതിമാന്റെ പാർപ്പിടത്തിന് പതിയിരിക്കരുത്; അവന്റെ വിശ്രാമസ്ഥലത്തെ നശിപ്പിക്കുകയുമരുത്.
[16] നീതിമാൻ ഏഴു പ്രാവശ്യം വീണാലും എഴുന്നേല്ക്കും; ദുഷ്ടന്മാരോ അനർത്ഥത്തിൽ നശിച്ചുപോകും.
[17] നിന്റെ ശത്രു വീഴുമ്പോൾ സന്തോഷിക്കരുത്; അവൻ ഇടറുമ്പോൾ നിന്റെ ഹൃദയം ആനന്ദിക്കരുത്.
[18] യഹോവ കണ്ടിട്ട് അവിടുത്തേയ്ക്ക് ഇഷ്ടക്കേടാകുവാനും തന്റെ കോപം അവങ്കൽനിന്ന് മാറ്റിക്കളയുവാനും മതി.
[19] ദുഷ്പ്രവൃത്തിക്കാർനിമിത്തം മുഷിയരുത്; ദുഷ്ടന്മാരോട് അസൂയപ്പെടുകയും അരുത്.
[20] ദോഷിക്ക് പ്രതിഫലമുണ്ടാകുകയില്ല; ദുഷ്ടന്റെ വിളക്ക് കെട്ടുപോകും.
[21] മകനേ, യഹോവയെയും രാജാവിനെയും ഭയപ്പെടുക; മത്സരികളോട് ഇടപെടരുത്.
[22] അവരിൽനിന്ന് ആപത്ത് പെട്ടെന്ന് വരും; രണ്ടു കൂട്ടരും വരുന്ന നാശം ആരറിയുന്നു?
[23] ഇവയും ജ്ഞാനികളുടെ വാക്യങ്ങൾ. ന്യായവിസ്താരത്തിൽ മുഖപക്ഷം നന്നല്ല.
[24] ദുഷ്ടനോട് “നീ നീതിമാൻ” എന്ന് പറയുന്നവനെ ജനതകൾ ശപിക്കുകയും വംശങ്ങൾ വെറുക്കുകയും ചെയ്യും.
[25] അവനെ ശാസിക്കുന്നവർക്ക് നന്മ ഉണ്ടാകും; വലിയ അനുഗ്രഹം അവരുടെ മേൽ വരും.
[26] നേരുള്ള ഉത്തരം പറയുന്നവൻ അധരങ്ങളെ ചുംബനം ചെയ്യുന്നു.
[27] വെളിയിൽ നിന്റെ വേല ചെയ്യുക; വയലിൽ എല്ലാം തീർക്കുക; പിന്നീട് നിന്റെ വീട് പണിയുക.
[28] കാരണംകൂടാതെ കൂട്ടുകാരന് വിരോധമായി സാക്ഷിനില്‍ക്കരുത്; നിന്റെ അധരം കൊണ്ട് ചതിക്കുകയും അരുത്.
[29] “അവൻ എന്നോട് ചെയ്തതുപോലെ ഞാൻ അവനോട് ചെയ്യുമെന്നും ഞാൻ അവന് അവന്റെ പ്രവൃത്തിക്ക് പകരം കൊടുക്കും” എന്നും നീ പറയരുത്.
[30] ഞാൻ മടിയന്റെ നിലത്തിനരികിലും ബുദ്ധിഹീനന്റെ മുന്തിരിത്തോട്ടത്തിന് സമീപത്തും കൂടി പോയി
[31] അവിടെ മുള്ള് പടർന്നുപിടിച്ചിരിക്കുന്നതും കള നിറഞ്ഞ് നിലം മൂടിയിരിക്കുന്നതും അതിന്റെ കന്മതിൽ ഇടിഞ്ഞുകിടക്കുന്നതും കണ്ടു.
[32] ഞാൻ അത് നോക്കി വിചാരിക്കുകയും അത് കണ്ട് ഉപദേശം പ്രാപിക്കുകയും ചെയ്തു.
[33] കുറെക്കൂടെ ഉറക്കം, കുറെക്കൂടെ നിദ്ര, കുറെക്കൂടെ കൈകെട്ടി കിടപ്പ്.
[34] അങ്ങനെ നിന്റെ ദാരിദ്ര്യം വഴിപോക്കനെപ്പോലെയും നിന്റെ ബുദ്ധിമുട്ട് ആയുധപാണിയെപ്പോലെയും വരും.