Skip to content
Opens in a new window
Listen to this chapter • 3:47

[1] നീ അധിപതിയോടുകൂടെ ഭക്ഷണത്തിന് ഇരിക്കുമ്പോൾ നിന്റെ മുമ്പിൽ വെച്ചിരിക്കുന്നത് എന്തെന്ന് കരുതിക്കൊള്ളുക.

[2] നീ ഭോജനപ്രിയൻ ആകുന്നുവെങ്കിൽ നിന്റെ തൊണ്ടയ്ക്ക് ഒരു കത്തി വച്ചുകൊള്ളുക.

[3] അവന്റെ സ്വാദുഭോജനങ്ങൾ കൊതിക്കരുത്; അവ വഞ്ചിക്കുന്ന ഭോജനമത്രേ.

[4] ധനവാനാകേണ്ടതിന് ബദ്ധപ്പെടരുത്; അതിനായുള്ള ബുദ്ധി വിട്ടുകളയുക.

[5] നിന്റെ ദൃഷ്ടി ധനത്തിന്മേൽ പതിക്കുന്നത് എന്തിന്? അത് ഇല്ലാതെയായിപ്പോകുമല്ലോ. കഴുകൻ ആകാശത്തേക്ക് എന്നപോലെ അത് ചിറകെടുത്ത് പറന്നുകളയും.

[6] കണ്ണുകടിയുള്ളവന്റെ അപ്പം തിന്നരുത്; അവന്റെ സ്വാദുഭോജ്യങ്ങൾ ആഗ്രഹിക്കുകയുമരുത്.

[7] അവൻ തന്റെ മനസ്സിൽ കണക്ക് കൂട്ടുന്നതുപോലെ ആകുന്നു; ‘തിന്നു കുടിച്ചുകൊള്ളുക’ എന്ന് അവൻ നിന്നോട് പറയും; അവന്റെ ഹൃദയമോ നിനക്ക് അനുകൂലമല്ല.

[8] നീ തിന്ന കഷണം ഛർദ്ദിച്ചുപോകും; നിന്റെ മാധുര്യവാക്ക് നഷ്ടമായെന്നും വരും.

[9] ഭോഷൻ കേൾക്കെ നീ സംസാരിക്കരുത്; അവൻ നിന്റെ വാക്കുകളുടെ ജ്ഞാനം നിരസിച്ചുകളയും.

[10] പണ്ടേയുള്ള അതിര് നീക്കരുത്; അനാഥരുടെ നിലം ആക്രമിക്കുകയുമരുത്.

[11] അവരുടെ പ്രതികാരകൻ ബലവാനല്ലയോ; അവർക്ക് നിന്നോടുള്ള വ്യവഹാരം അവിടുന്ന് നടത്തും.

[12] നിന്റെ ഹൃദയം പ്രബോധനത്തിനും നിന്റെ ചെവി പരിജ്ഞാനവചനങ്ങൾക്കും സമർപ്പിക്കുക.

[13] ബാലന് ശിക്ഷ കൊടുക്കാതിരിക്കരുത്; വടികൊണ്ട് അടിച്ചാൽ അവൻ ചത്തുപോകുകയില്ല.

[14] വടികൊണ്ട് അവനെ അടിക്കുന്നതിനാൽ നീ അവന്റെ പ്രാണനെ പാതാളത്തിൽനിന്ന് വിടുവിക്കും.

[15] മകനേ, നിന്റെ ഹൃദയം ജ്ഞാനം പഠിച്ചാൽ എന്റെ ഹൃദയവും സന്തോഷിക്കും.

[16] നിന്റെ അധരം നേര് സംസാരിച്ചാൽ എന്റെ അന്തരംഗങ്ങൾ ആനന്ദിക്കും.

[17] നിന്റെ ഹൃദയം പാപികളോട് അസൂയപ്പെടരുത്; നീ എല്ലായ്പോഴും യഹോവഭക്തിയോടിരിക്കുക.

[18] ഒരു പ്രതിഫലം ഉണ്ടാകും നിശ്ചയം; നിന്റെ പ്രത്യാശക്ക് ഭംഗം വരുകയുമില്ല.

[19] മകനേ, കേട്ട് ജ്ഞാനം പഠിക്കുക; നിന്റെ ഹൃദയത്തെ നേർവഴിയിൽ നടത്തിക്കൊള്ളുക.

[20] നീ വീഞ്ഞു കുടിക്കുന്നവരുടെ കൂട്ടത്തിലും മാംസഭോജനപ്രിയരുടെ ഇടയിലും ഇരിക്കരുത്.

[21] കുടിയനും അമിതഭോജകനും ദരിദ്രരായ്തീരും; ആലസ്യം പഴന്തുണി ഉടുക്കുമാറാക്കും.

[22] നിന്നെ ജനിപ്പിച്ച അപ്പന്റെ വാക്ക് കേൾക്കുക; നിന്റെ അമ്മ വൃദ്ധയായിരിക്കുമ്പോൾ അവളെ നിന്ദിക്കരുത്.

[23] നീ സത്യം വില്ക്കുകയല്ല വാങ്ങുകയാണ് വേണ്ടത്; ജ്ഞാനവും പ്രബോധനവും വിവേകവും അങ്ങനെ തന്നെ.

[24] നീതിമാന്റെ അപ്പൻ ഏറ്റവും ആനന്ദിക്കും; ജ്ഞാനിയുടെ ജനകൻ അവനിൽ സന്തോഷിക്കും.

[25] നിന്റെ അമ്മയപ്പന്മാർ സന്തോഷിക്കട്ടെ; നിന്നെ പ്രസവിച്ചവൾ ആനന്ദിക്കട്ടെ.

[26] മകനേ, നിന്റെ ഹൃദയം എനിക്ക് തരുക; എന്റെ വഴി നിന്റെ കണ്ണിന് ഇമ്പമായിരിക്കട്ടെ.

[27] വേശ്യാസ്ത്രീ ആഴമുള്ള കുഴിയും പരസ്ത്രീ ഇടുക്കമുള്ള കിണറും ആകുന്നു.

[28] അവൾ പിടിച്ചുപറിക്കാരനെപ്പോലെ പതിയിരിക്കുന്നു; മനുഷ്യരിൽ അവിശ്വസ്തരെ വർദ്ധിപ്പിക്കുന്നു.

[29] ആർക്ക് കഷ്ടം, ആർക്ക് സങ്കടം, ആർക്ക് കലഹം? ആർക്ക് ആവലാതി, ആർക്ക് അനാവശ്യമായ മുറിവുകൾ, ആർക്ക് കൺചുവപ്പ്?

[30] വീഞ്ഞു കുടിച്ചുകൊണ്ട് നേരം വൈകിക്കുന്നവർക്കും മദ്യം രുചിനോക്കുവാൻ പോകുന്നവർക്കും തന്നെ.

[31] വീഞ്ഞു ചുവന്ന് പാത്രത്തിൽ തിളങ്ങുന്നതും രസമായി ഇറക്കുന്നതും നീ നോക്കരുത്.

[32] ഒടുവിൽ അത് സർപ്പംപോലെ കടിക്കും; അണലിപോലെ കൊത്തും.

[33] നിന്റെ കണ്ണുകൾ പരസ്ത്രീകളെ നോക്കും; നിന്റെ ഹൃദയം വക്രത പറയും.

[34] നീ നടുക്കടലിൽ ശയിക്കുന്നവനെപ്പോലെയും പാമരത്തിന്റെ മുകളിൽ ഉറങ്ങുന്നവനെപ്പോലെയും ആകും.

[35] “അവർ എന്നെ അടിച്ചു എനിക്ക് നൊന്തില്ല; അവർ എന്നെ തല്ലി, ഞാൻ അറിഞ്ഞതുമില്ല. ഞാൻ എപ്പോൾ ഉണരും? ഞാൻ ഇനിയും അത് തന്നെ തേടും” എന്ന് നീ പറയും.

സദൃശവാക്യങ്ങൾ — Chapters