Skip to content
Opens in a new window
Listen to this chapter • 3:21

[1] ശലോമോന്റെ സദൃശവാക്യങ്ങൾ: ജ്ഞാനമുള്ള മകൻ അപ്പനെ സന്തോഷിപ്പിക്കുന്നു; ഭോഷനായ മകൻ അമ്മയ്ക്ക് വ്യസനം ഉളവാക്കുന്നു.

[2] ദുഷ്ടതയാൽ സമ്പാദിച്ച നിക്ഷേപങ്ങൾ പ്രയോജനപ്പെടുന്നില്ല; നീതിയോ മരണത്തിൽനിന്ന് വിടുവിക്കുന്നു.

[3] യഹോവ നീതിമാനെ പട്ടിണി കിടത്തുകയില്ല; ദുഷ്ടന്മാരുടെ മോഹത്തെയോ അവിടുന്ന് തള്ളിക്കളയുന്നു.

[4] മടിയുള്ള കൈകൊണ്ട് പ്രവർത്തിക്കുന്നവൻ ദരിദ്രനായിത്തീരുന്നു; ഉത്സാഹിയുടെ കൈയോ സമ്പത്തുണ്ടാക്കുന്നു.

[5] വേനല്ക്കാലത്ത് ശേഖരിച്ചുവയ്ക്കുന്നവൻ ബുദ്ധിയുള്ള മകൻ; കൊയ്ത്തുകാലത്ത് ഉറങ്ങുന്നവനോ നാണംകെട്ട മകൻ.

[6] നീതിമാന്റെ ശിരസ്സിന്മേൽ അനുഗ്രഹങ്ങൾ വരുന്നു; എന്നാൽ ദുഷ്ടന്മാരുടെ വായെ സാഹസം മൂടുന്നു.

[7] നീതിമാന്റെ ഓർമ്മ അനുഗ്രഹിക്കപ്പെട്ടത്; ദുഷ്ടന്മാരുടെ പേരോ ദുഷിച്ചുപോകും.

[8] ജ്ഞാനഹൃദയൻ കല്പനകൾ കൈക്കൊള്ളുന്നു; വിവേകശൂന്യനായ ഭോഷനോ വീണുപോകും.

[9] നേരായി നടക്കുന്നവൻ നിർഭയമായി നടക്കുന്നു; നടപ്പിൽ വക്രതയുള്ളവന്റെ വഴികൾ വെളിപ്പെട്ടുവരും.

[10] കണ്ണുകൊണ്ട് ആംഗ്യം കാട്ടുന്നവൻ അശാന്തി വരുത്തുന്നു; തുറന്നു ശാസിക്കുന്നവനോ സമാധാനം ഉണ്ടാക്കുന്നു.

[11] നീതിമാന്റെ വായ് ജീവന്റെ ഉറവാകുന്നു. എന്നാൽ ദുഷ്ടന്മാരുടെ അധരത്തെ സാഹസം മൂടുന്നു.

[12] പക വഴക്കുകൾക്ക് കാരണം ആകുന്നു; സ്നേഹമോ, സകല ലംഘനങ്ങളെയും മൂടുന്നു.

[13] വിവേകിയുടെ അധരങ്ങളിൽ ജ്ഞാനം ഉണ്ട്; ബുദ്ധിഹീനന്റെ മുതുകിലോ വടി വീഴും.

[14] ജ്ഞാനികൾ പരിജ്ഞാനം അടക്കിവെക്കുന്നു; ഭോഷന്റെ വായ്ക്കോ നാശം അടുത്തിരിക്കുന്നു.

[15] ധനവാന്റെ സമ്പത്ത്, അവന് ഉറപ്പുള്ള ഒരു പട്ടണം; എളിയവരുടെ നാശമോ അവരുടെ ദാരിദ്ര്യം തന്നെ.

[16] നീതിമാന്റെ സമ്പാദ്യം ജീവഹേതുവും ദുഷ്ടന്റെ ആദായം പാപകാരണവും ആകുന്നു.

[17] പ്രബോധനം പ്രമാണിക്കുന്നവൻ ജീവമാർഗ്ഗത്തിൽ ഇരിക്കുന്നു; ശാസന ത്യജിക്കുന്നവനോ വഴി തെറ്റിപ്പോകുന്നു;

[18] പക മറച്ചുവയ്ക്കുന്നവൻ വ്യാജമുള്ളവൻ; ഏഷണി പറയുന്നവൻ ഭോഷൻ.

[19] വാക്ക് പെരുകിയാൽ ലംഘനം ഇല്ലാതിരിക്കുകയില്ല; അധരങ്ങളെ അടക്കുന്നവനോ ബുദ്ധിമാൻ.

[20] നീതിമാന്റെ നാവ് മേല്ത്തരമായ വെള്ളി; ദുഷ്ടന്മാരുടെ ഹൃദയമോ നിസ്സാരം.

[21] നീതിമാന്റെ അധരങ്ങൾ അനേകം പേരെ പോഷിപ്പിക്കും; ഭോഷന്മാരോ ബുദ്ധിഹീനതയാൽ മരിക്കുന്നു.

[22] യഹോവയുടെ അനുഗ്രഹത്താൽ സമ്പത്തുണ്ടാകുന്നു; അദ്ധ്വാനത്താൽ അതിനോട് ഒന്നും കൂടുന്നില്ല.

[23] ദോഷം ചെയ്യുന്നത് ഭോഷന് കളിയാകുന്നു; വിവേകി ജ്ഞാനത്തിൽ സന്തോഷിക്കുന്നു.

[24] ദുഷ്ടൻ പേടിക്കുന്നത് അവന് ഭവിക്കും; നീതിമാന്മാരുടെ ആഗ്രഹമോ സാധിക്കും.

[25] ചുഴലിക്കാറ്റ് കടന്നുപോകുമ്പോൾ ദുഷ്ടൻ ഇല്ലാതെയായി; നീതിമാനോ ശാശ്വതമായ അടിസ്ഥാനം ഉള്ളവൻ.

[26] ചൊറുക്ക പല്ലിനും പുക കണ്ണിനും എങ്ങനെയോ, അങ്ങനെയാകുന്നു മടിയൻ തന്നെ അയയ്ക്കുന്നവർക്ക്.

[27] യഹോവാഭക്തി ആയുസ്സ് ദീർഘമാക്കുന്നു; ദുഷ്ടന്മാരുടെ സംവത്സരങ്ങൾ കുറഞ്ഞുപോകും.

[28] നീതിമാന്മാരുടെ പ്രത്യാശ സന്തോഷമാകുന്നു; ദുഷ്ടന്മാരുടെ പ്രതീക്ഷയ്ക്ക് ഭംഗം വരും.

[29] യഹോവയുടെ വഴി നേരുള്ളവന് ഒരു ദുർഗ്ഗം; ദുഷ്പ്രവൃത്തിക്കാർക്ക് അത് നാശകരം.

[30] നീതിമാൻ ഒരുനാളും കുലുങ്ങിപ്പോകുകയില്ല; ദുഷ്ടന്മാർ ദേശത്ത് വസിക്കുകയില്ല.

[31] നീതിമാന്റെ വായ് ജ്ഞാനം പുറപ്പെടുവിക്കുന്നു; വക്രതയുള്ള നാവ് ഛേദിക്കപ്പെടും.

[32] നീതിമാന്റെ അധരങ്ങൾ പ്രസാദകരമായത് അറിയുന്നു; ദുഷ്ടന്മാരുടെ വായ് വക്രതയുള്ളതാകുന്നു.

സദൃശവാക്യങ്ങൾ — Chapters