Skip to content
Opens in a new window
Listen to this chapter • 2:36

[1] മർത്യന് ഭൂമിയിൽ യുദ്ധസേവയില്ലയോ? അവന്റെ ജീവകാലം കൂലിക്കാരന്റെ ജീവകാലംപോലെ തന്നെ.

[2] വേലക്കാരൻ നിഴൽ ആഗ്രഹിക്കുന്നതുപോലെയും കൂലിക്കാരൻ കൂലിക്ക് കാത്തിരിക്കുന്നതുപോലെയും

[3] വ്യര്‍ത്ഥമാസങ്ങൾ എനിയ്ക്ക് അവകാശമായി വന്നു, കഷ്ടരാത്രികൾ എനിയ്ക്ക് ഓഹരിയായിത്തീർന്നു.

[4] കിടക്കുന്നേരം: ഞാൻ എപ്പോൾ എഴുന്നേല്ക്കും എന്നു പറയുന്നു; രാത്രി ദീർഘിച്ചുകൊണ്ടിരിക്കുന്നു; വെളുക്കുവോളം എനിക്കുരുളുക തന്നെ പണി.

[5] എന്റെ ദേഹം പുഴുവും മൺകട്ടയും പൊതിഞ്ഞിരിക്കുന്നു. എന്റെ ത്വക്കിൽ പുൺവായകൾ അടഞ്ഞ് വീണ്ടും പഴുത്തുപൊട്ടുന്നു.

[6] എന്റെ നാളുകൾ നെയ്ത്തോടത്തിലും വേഗതയുള്ളത്; പ്രത്യാശകൂടാതെ അവ കഴിഞ്ഞുപോകുന്നു.

[7] എന്റെ ജീവൻ ഒരു ശ്വാസം മാത്രം എന്നോർക്കണമേ; എന്റെ കണ്ണ് ഇനി നന്മയെ കാണുകയില്ല.

[8] എന്നെ കാണുന്നവന്റെ കണ്ണ് ഇനി എന്നെ കാണുകയില്ല; യഹോവയുടെ കണ്ണ് എന്നെ നോക്കും; ഞാനോ, ഇല്ലാതിരിക്കും.

[9] മേഘം ക്ഷയിച്ച് മാഞ്ഞുപോകുന്നതുപോലെ പാതാളത്തിലിറങ്ങുന്നവൻ വീണ്ടും കയറിവരുന്നില്ല.

[10] അവൻ തന്റെ വീട്ടിലേക്ക് മടങ്ങിവരുകയില്ല; അവന്റെ ഇടം ഇനി അവനെ അറിയുകയുമില്ല.

[11] ആകയാൽ ഞാൻ എന്റെ വായടയ്ക്കുകയില്ല; എന്റെ മനഃപീഡയിൽ ഞാൻ സംസാരിക്കും; എന്റെ മനോവ്യസനത്തിൽ ഞാൻ സങ്കടം പറയും.

[12] യഹോവ എനിക്ക് കാവലാക്കേണ്ടതിന് ഞാൻ കടലോ കടലാനയോ ആകുന്നുവോ?

[13] എന്റെ കട്ടിൽ എന്നെ ആശ്വസിപ്പിക്കും; എന്റെ മെത്ത എന്റെ വ്യസനം ശമിപ്പിക്കും എന്ന് ഞാൻ പറഞ്ഞാൽ

[14] യഹോവ സ്വപ്നംകൊണ്ട് എന്നെ ഞെട്ടിപ്പിക്കുന്നു; ദർശനംകൊണ്ടും എന്നെ ഭയപ്പെടുത്തുന്നു.

[15] ആകയാൽ ഞാൻ കഴുത്ത് ഞെരിഞ്ഞ് കൊല്ലപ്പെടുന്നതും ഈ അസ്ഥികൂടത്തേക്കാൾ മരണവും തിരഞ്ഞെടുക്കുന്നു.

[16] ഞാൻ ജീവിതം വെറുത്തിരിക്കുന്നു; എന്നേക്കും ജീവിച്ചിരിക്കയില്ല; എന്നെ വിടേണമേ; എന്റെ ജീവകാലം ഒരു ശ്വാസം മാത്രമല്ലോ.

[17] മർത്യനെ നീ ഗണ്യമാക്കേണ്ടതിനും അവന്റെമേൽ ദൃഷ്ടിവക്കേണ്ടതിനും

[18] അവനെ രാവിലെതോറും സന്ദർശിച്ച് നിമിഷംതോറും പരീക്ഷിക്കേണ്ടതിനും അവൻ എന്തുള്ളു?

[19] അങ്ങ് എത്രത്തോളം അവിടുത്തെ നോട്ടം എന്നിൽനിന്ന് മാറ്റാതിരിക്കും? ഞാൻ ഉമിനീർ ഇറക്കുന്നതുവരെ എന്നെ വിടാതെയുമിരിക്കും?

[20] ഞാൻ പാപം ചെയ്തുവെങ്കിൽ, മനുഷ്യപാലകനേ, ഞാൻ അവിടുത്തേക്ക് ചെയ്യുന്നു? ഞാൻ എനിയ്ക്ക് തന്നെ ഭാരമായിരിക്കത്തക്കവണ്ണം അവിടുന്ന് എന്നെ അങ്ങേക്ക് ലക്ഷ്യമായി വച്ചിരിക്കുന്നതെന്ത്?

[21] എന്റെ അതിക്രമം അവിടുന്ന് ക്ഷമിക്കാതെയും അകൃത്യം മോചിക്കാതെയും ഇരിക്കുന്നതെന്ത്? ഇപ്പോൾ ഞാൻ പൊടിയിൽ കിടക്കും; അവിടുന്ന് എന്നെ അന്വേഷിച്ചാൽ ഞാൻ ഇല്ലാതിരിക്കും”.

ഇയ്യോബ് — Chapters