Skip to content
Opens in a new window
Listen to this chapter • 2:32

[1] ഇയ്യോബ് തുടർന്ന് പറഞ്ഞത്:

[2] “എന്റെ ന്യായം നീക്കിക്കളഞ്ഞ ദൈവത്താണ, എനിക്ക് മനോവ്യസനം വരുത്തിയ സർവ്വശക്തനാണ -

[3] എന്റെ പ്രാണൻ മുഴുവനും എന്നിലും ദൈവത്തിന്റെ ശ്വാസം എന്റെ മൂക്കിലും ഉണ്ടല്ലോ -

[4] എന്റെ അധരം നീതികേട് സംസാരിക്കുകയില്ല; എന്റെ നാവ് വ്യാജം ഉച്ചരിക്കുകയുമില്ല.

[5] നിങ്ങളുടെ വാദം ഞാൻ ഒരുനാളും സമ്മതിക്കുകയില്ല; മരിക്കുവോളം എന്റെ നിഷ്കളങ്കത്വം ഉപേക്ഷിക്കുകയുമില്ല.

[6] എന്റെ നീതി ഞാൻ വിടാതെ മുറുകെ പിടിക്കുന്നു; എന്റെ ഹൃദയം എന്റെ ആയുസ്സിന്റെ ഒരു ദിവസത്തെക്കുറിച്ചും ആക്ഷേപിക്കുന്നില്ല.

[7] എന്റെ ശത്രു ദുഷ്ടനെപ്പോലെയും എന്റെ എതിരാളി നീതികെട്ടവനെപ്പോലെയും ആകട്ടെ.

[8] ദൈവമില്ലാത്ത മനുഷ്യന്‍ സമ്പാദിക്കുകയും നീതിയല്ലാത്തത് സൂക്ഷിക്കുകയും ചെയ്യുന്നു അവന് എന്ത് പ്രത്യാശ ശേഷിപ്പുള്ളു?

[9] അവന് കഷ്ടത വരുമ്പോൾ ദൈവം അവന്റെ നിലവിളി കേൾക്കുമോ?

[10] അവൻ സർവ്വശക്തനിൽ ആനന്ദിക്കുമോ? എല്ലാക്കാലത്തും ദൈവത്തെ വിളിച്ചപേക്ഷിക്കുമോ?

[11] ദൈവത്തിന്റെ ശക്തിയെക്കുറിച്ച് ഞാൻ നിങ്ങളെ ഉപദേശിക്കും; സർവ്വശക്തന്റെ ഉദ്ദേശം ഞാൻ മറച്ചുവയ്ക്കുകയില്ല.

[12] നിങ്ങൾ എല്ലാവരും അത് കണ്ടിരിക്കുന്നു; നിങ്ങൾ വ്യർത്ഥബുദ്ധികളായിരിക്കുന്നതെന്ത്?

[13] ഇത് ദുർജ്ജനത്തിന് ദൈവത്തിന്റെ പക്കലുള്ള ഓഹരിയും നിഷ്ഠൂരന്മാർ സർവ്വശക്തനിൽനിന്ന് പ്രാപിക്കുന്ന അവകാശവും തന്നെ.

[14] അവന്റെ മക്കൾ പെരുകിയാൽ അത് വാളിനായിട്ടത്രേ; അവന്റെ സന്തതി അപ്പം തിന്ന് തൃപ്തരാകുകയില്ല.

[15] അവശേഷിച്ചവർ മഹാമാരിയ്ക്ക് ഇര ആകും; അവരുടെ വിധവമാർ വിലപിക്കുകയുമില്ല.

[16] അവൻ പൊടിപോലെ വെള്ളി സ്വരൂപിച്ചാലും മണ്ണുപോലെ വസ്ത്രം സമ്പാദിച്ചാലും

[17] അവൻ സമ്പാദിച്ചു എന്നേയുള്ളു; നീതിമാൻ അത് ഉടുക്കും; കുറ്റമില്ലാത്തവൻ വെള്ളി പങ്കിടും.

[18] ചിലന്തിയെപ്പോലെ അവൻ വീടുപണിയുന്നു; കാവല്ക്കാരൻ മാടം കെട്ടുന്നതുപോലെ തന്നെ.

[19] അവൻ ധനവാനായി കിടക്കുന്നു; പിന്നെ അങ്ങനെ ചെയ്യുകയില്ല; അവൻ കണ്ണ് തുറക്കുന്നു; അപ്പോൾ എല്ലാം ഇല്ലാതെയായിരിക്കും.

[20] വെള്ളംപോലെ ഭയം അവനെ പിടിക്കുന്നു; രാത്രിയിൽ കൊടുങ്കാറ്റ് അവനെ കവർന്ന് കൊണ്ടുപോകുന്നു.

[21] കിഴക്കൻകാറ്റ് അവനെ പിടിച്ചിട്ട് അവൻ ഇല്ലാതെയാകുന്നു; അവന്റെ സ്ഥലത്തുനിന്ന് അത് അവനെ പാറ്റിക്കളയുന്നു.

[22] ആ കാറ്റ് നിർത്താതെ അവനെ എറിയുന്നു; അവിടുത്തെ കയ്യിൽനിന്ന് ചാടിപ്പോകുവാൻ അവൻ നോക്കുന്നു.

[23] മനുഷ്യർ അവന്റെനേരെ കൈകൊട്ടും: അവന്റെ സ്ഥലത്തുനിന്ന് അവനെ വിരട്ടി പുറത്താക്കും.

ഇയ്യോബ് — Chapters