Skip to content
Opens in a new window
Listen to this chapter • 3:43

[1] അതിന് തേമാന്യനായ എലീഫസ് ഉത്തരം പറഞ്ഞത്:

[2] “ജ്ഞാനിയായവൻ വ്യർത്ഥജ്ഞാനം പ്രസ്താവിക്കുമോ? അവൻ കിഴക്കൻ കാറ്റുകൊണ്ട് വയറുനിറയ്ക്കുമോ?

[3] അവൻ പ്രയോജനമില്ലാത്ത വാക്കുകളാലും ഉപകാരമില്ലാത്ത മൊഴികളാലും തർക്കിക്കുമോ?

[4] നീ ഭക്തി വെടിഞ്ഞ് ദൈവസന്നിധിയിലെ ധ്യാനം മുടക്കിക്കളയുന്നു.

[5] നിന്റെ അകൃത്യം നിന്റെ വായെ പഠിപ്പിക്കുന്നു; ഉപായികളുടെ നാവ് നീ തിരഞ്ഞെടുത്തിരിക്കുന്നു.

[6] ഞാനല്ല, നിന്റെ സ്വന്തവായ് നിന്നെ കുറ്റം വിധിക്കുന്നു; നിന്റെ അധരങ്ങൾ തന്നെ നിന്റെനേരെ സാക്ഷീകരിക്കുന്നു.

[7] നീയോ ആദ്യം ജനിച്ച മനുഷ്യൻ? പർവ്വതങ്ങൾക്കും മുമ്പ് നീ പിറന്നുവോ?

[8] നീ ദൈവത്തിന്റെ ആലോചനസഭയിൽ കൂടിയിട്ടുണ്ടോ? ജ്ഞാനം നിന്റെ അവകാശം ആണോ?

[9] ഞങ്ങൾക്ക് അറിയാത്തതായി നിനക്ക് എന്ത് അറിയാം? ഞങ്ങൾക്ക് മനസ്സിലാകാത്തതായി നീ എന്താണ് ഗ്രഹിച്ചിരിക്കുന്നത്?

[10] ഞങ്ങളുടെ ഇടയിൽ നരച്ചവരും വൃദ്ധന്മാരും ഉണ്ട്; നിന്റെ അപ്പനേക്കാൾ പ്രായം ചെന്നവർ തന്നെ.

[11] ദൈവത്തിന്റെ ആശ്വാസങ്ങളും സ്വന്തമായി പറഞ്ഞുതരുന്ന വാക്കും നിനക്ക് പോരയോ?

[12] നിന്റെ ഹൃദയം നിന്നെ പതറിക്കുന്നതെന്ത്? നിന്റെ കണ്ണ് ജ്വലിക്കുന്നതെന്ത്?

[13] നീ ദൈവത്തിന്റെ നേരെ തിരിയുകയും നിന്റെ വായിൽനിന്ന് ഇങ്ങനെയുള്ള വാക്കുകൾ പുറപ്പെടുകയും ചെയ്യുന്നു.

[14] മർത്യൻ ശുദ്ധിമാനായിരിക്കുന്നതെങ്ങനെ? സ്ത്രീ പ്രസവിച്ചവൻ നീതിമാനായിരിക്കുന്നതെങ്ങനെ?

[15] തന്റെ വിശുദ്ധന്മാരിലും ദൈവത്തിന് വിശ്വാസമില്ലല്ലോ; സ്വർഗ്ഗവും അവിടുത്തെ കണ്ണിന് നിർമ്മലമല്ല.

[16] പിന്നെ വെറുപ്പും വഷളത്തവുമുള്ളവനായി വെള്ളംപോലെ അകൃത്യം കുടിക്കുന്ന മനുഷ്യൻ എങ്ങനെ?

[17] ഞാൻ നിന്നെ ഉപദേശിക്കാം, കേട്ടുകൊള്ളുക; ഞാൻ കണ്ടിട്ടുള്ളത് വിവരിച്ചുപറയാം.

[18] ജ്ഞാനികൾ അവരുടെ പിതാക്കന്മാരോട് കേൾക്കുകയും മറച്ചുവയ്ക്കാതെ അറിയിക്കുകയും ചെയ്തതു തന്നേ.

[19] അവർക്കുമാത്രമാണല്ലോ ദേശം നല്കിയിരുന്നത്; അന്യൻ അവരുടെ ഇടയിൽ കടക്കുന്നതുമില്ല.

[20] ദുഷ്ടൻ ജീവപര്യന്തം അതിവേദനയോടെ ഇരിക്കുന്നു; ഉപദ്രവകാരിക്ക് വച്ചിരിക്കുന്ന ആണ്ടുകൾ തികയുവോളം തന്നെ.

[21] ഭീകരശബ്ദം അവന്റെ ചെവിയിൽ മുഴങ്ങുന്നു; സുഖമായിരിക്കുമ്പോൾ കവർച്ചക്കാരൻ അവന്റെനേരെ വരുന്നു.

[22] അന്ധകാരത്തിൽനിന്ന് മടങ്ങിവരുമെന്ന് അവൻ വിശ്വസിക്കുന്നില്ല; അവൻ വാളിനിരയാകാൻ നിയമിക്കപ്പെട്ടിരിക്കുന്നു.

[23] അവൻ അപ്പം തെണ്ടിനടക്കുന്നു; ‘അത് എവിടെ കിട്ടും’ എന്ന് ചോദിക്കുന്നു? അന്ധകാരദിവസം തനിക്ക് അടുത്തിരിക്കുന്നു എന്ന് അവൻ അറിയുന്നു.

[24] കഷ്ടവും മനഃപീഡയും അവനെ ഭയപ്പെടുത്തുന്നു; പടക്കൊരുങ്ങിയ രാജാവെന്നപോലെ അവനെ ആക്രമിക്കുന്നു.

[25] അവൻ ദൈവത്തിന് വിരോധമായി കൈ ഉയർത്തി, സർവ്വശക്തനോട് ധിക്കാരം കാട്ടിയതുകൊണ്ടു തന്നെ.

[26] തന്റെ പരിചകളുടെ തടിച്ച മുഴകളോടുകൂടി അവൻ ശാഠ്യംകാണിച്ച് ദൈവത്തിന്റെ നേരെ പാഞ്ഞുചെല്ലുന്നു.

[27] അവൻ തന്റെ മുഖത്തെ മേദസ്സുകൊണ്ട് മൂടുന്നു; തന്റെ അരക്കെട്ടിന് കൊഴുപ്പ് കൂട്ടുന്നു.

[28] അവൻ ശൂന്യനഗരങ്ങളിലും ആരും പാർക്കാതെ കൽകൂമ്പാരങ്ങളായിത്തീരുവാനുള്ള വീടുകളിലും പാർക്കുന്നു.

[29] അവൻ ധനവാനാകുകയില്ല; അവന്റെ സമ്പത്ത് നിലനില്‍ക്കുകയില്ല; അവരുടെ വിളവ് നിലത്തേക്കു കുലച്ചു മറികയുമില്ല.

[30] ഇരുളിൽനിന്ന് അവൻ അകന്നു പോകുകയില്ല; അഗ്നിജ്വാല അവന്റെ കൊമ്പുകളെ ഉണക്കിക്കളയും; തിരുവായിലെ ശ്വാസംകൊണ്ട് അവൻ കടന്നുപോകും.

[31] അവൻ വ്യാജത്തിൽ ആശ്രയിക്കരുത്; അത് സ്വയവഞ്ചനയത്രേ; അവന്റെ പ്രതിഫലം വ്യാജം തന്നെ ആയിരിക്കും.

[32] അവന്റെ ദിവസം വരുംമുമ്പ് അത് നിവൃത്തിയാകും; അവന്റെ കൊമ്പുകൾ പച്ചയായിരിക്കുകയില്ല.

[33] മുന്തിരിവള്ളിയിൽ നിന്ന് എന്നപോലെ അവന്റെ പക്വമാകാത്ത പഴങ്ങൾ കൊഴിഞ്ഞുവീഴും. ഒലിവുവൃക്ഷംപോലെ പൂ പൊഴിക്കും.

[34] അഭക്തന്മാരുടെ കൂട്ടം വന്ധ്യത പ്രാപിക്കും; കൈക്കൂലിയുടെ കൂടാരങ്ങൾ തീയ്ക്കിരയാകും.

[35] അവർ കഷ്ടത്തെ ഗർഭംധരിച്ച് തിന്മയെ പ്രസവിക്കുന്നു; അവരുടെ ഉദരം വഞ്ചനയെ ഉളവാക്കുന്നു.

ഇയ്യോബ് — Chapters