Skip to content
Opens in a new window
Listen to this chapter • 2:44

[1] വിളിച്ചുനോക്കുക; ആരെങ്കിലും നിനക്ക് ഉത്തരം നൽകുന്നുണ്ടോ? നീ വിശുദ്ധന്മാരിൽ ആരെ ശരണം പ്രാപിക്കും?

[2] നീരസം ഭോഷനെ കൊല്ലുന്നു; അസൂയ മൂഢനെ കൊല്ലുന്നു.

[3] മൂഢൻ വേരുപിടിക്കുന്നത് ഞാൻ കണ്ടു ക്ഷണത്തിൽ അവന്റെ പാർപ്പിടത്തെ ഞാൻ ശപിച്ചു.

[4] അവന്റെ മക്കൾ രക്ഷയോട് അകന്നിരിക്കുന്നു; അവർ രക്ഷകനില്ലാതെ വാതില്‍ക്കൽവച്ച് തകർന്നുപോകുന്നു.

[5] അവന്റെ വിളവ് വിശപ്പുള്ളവൻ തിന്നുകളയും; മുള്ളുകളിൽനിന്നും അതിനെ പറിച്ചെടുക്കും; അവരുടെ സമ്പത്ത് ദാഹമുള്ളവർ വിഴുങ്ങുന്നു.

[6] അനർത്ഥം ഉത്ഭവിക്കുന്നത് പൂഴിയിൽനിന്നല്ല; കഷ്ടത മുളയ്ക്കുന്നത് നിലത്തുനിന്നുമല്ല;

[7] തീപ്പൊരി ഉയരത്തിൽ പറക്കുന്നതുപോലെ മനുഷ്യൻ കഷ്ടതയ്ക്കായി ജനിച്ചിരിക്കുന്നു.

[8] ഞാനോ ദൈവത്തിലേക്കു നോക്കുമായിരുന്നു; എന്റെ കാര്യം ദൈവത്തിൽ ഏല്പിക്കുമായിരുന്നു;

[9] അവിടുന്ന് ആരാഞ്ഞുകൂടാത്ത വൻകാര്യങ്ങളും അസംഖ്യമായ അത്ഭുതങ്ങളും ചെയ്യുന്നു.

[10] അവിടുന്ന് ഭൂമിയിൽ മഴപെയ്യിക്കുന്നു; വയലുകളിലേക്കു വെള്ളം ഒഴുക്കുന്നു.

[11] അവിടുന്ന് താണവരെ ഉയർത്തുന്നു; ദുഃഖിക്കുന്നവരെ രക്ഷയിലേക്കു കയറ്റുന്നു.

[12] അവിടുന്ന് ഉപായികളുടെ സൂത്രങ്ങളെ അബദ്ധമാക്കുന്നു; അവരുടെ കൈകൾ കാര്യം സാധിപ്പിക്കുകയുമില്ല.

[13] അവിടുന്ന് ജ്ഞാനികളെ അവരുടെ കൗശലത്തിൽ പിടിക്കുന്നു; വക്രബുദ്ധികളുടെ ആലോചന മറിഞ്ഞുപോകുന്നു.

[14] പകൽ സമയത്ത് അവർക്ക് ഇരുൾ അനുഭവപ്പെടുന്നു; ഉച്ചസമയത്ത് അവർ രാത്രിയിലെന്നപോലെ തപ്പിനടക്കുന്നു.

[15] അവിടുന്ന് ദരിദ്രനെ അവരുടെ വായെന്ന വാളിൽനിന്നും ബലവാന്റെ കയ്യിൽനിന്നും രക്ഷിക്കുന്നു.

[16] അങ്ങനെ എളിയവന് പ്രത്യാശയുണ്ട്; നീതികെട്ടവനോ വായ് പൊത്തുന്നു.

[17] ദൈവം ശാസിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ; സർവ്വശക്തന്റെ ശിക്ഷ നീ നിരസിക്കരുത്.

[18] അവിടുന്ന് മുറിവേല്പിക്കുകയും മുറിവ് കെട്ടുകയും ചെയ്യുന്നു; അവിടുന്ന് ചതയ്ക്കുകയും തൃക്കൈ സൗഖ്യമാക്കുകയും ചെയ്യുന്നു.

[19] ആറ് കഷ്ടത്തിൽനിന്ന് അവിടുന്ന് നിന്നെ വിടുവിക്കും; ഏഴാമത്തേതിലും തിന്മ നിന്നെ തൊടുകയില്ല.

[20] ക്ഷാമകാലത്ത് അവിടുന്ന് നിന്നെ മരണത്തിൽനിന്നും യുദ്ധത്തിൽ വാളിന്റെ വെട്ടിൽനിന്നും വിടുവിക്കും.

[21] നാവെന്ന ചമ്മട്ടിക്ക് നീ മറഞ്ഞിരിക്കും; നാശം വരുമ്പോൾ നീ ഭയപ്പെടുകയില്ല.

[22] നാശത്തിലും ക്ഷാമത്തിലും നീ ചിരിക്കും; കാട്ടുമൃഗങ്ങളെ നീ പേടിക്കുകയില്ല.

[23] വയലിലെ കല്ലുകളോട് നിനക്ക് സഖ്യതയുണ്ടാകും; കാട്ടിലെ മൃഗങ്ങൾ നിന്നോട് ഇണങ്ങിയിരിക്കും.

[24] നിന്റെ കൂടാരം സുരക്ഷിതം എന്ന് നീ അറിയും; നിന്റെ ആട്ടിൻപറ്റത്തെ നീ പരിശോധിക്കും. അവയിൽ ഒന്നും നഷ്ടപ്പെട്ടതായി കാണുകയില്ല.

[25] നിന്റെ സന്താനം അസംഖ്യമെന്നും നിന്റെ പ്രജ നിലത്തെ പുല്ലുപോലെയെന്നും നീ അറിയും.

[26] തക്കസമയത്ത് കറ്റക്കൂമ്പാരം അടുക്കിവക്കുന്നതുപോലെ നീ പൂർണ്ണവാർദ്ധക്യത്തിൽ കല്ലറയിൽ കടക്കും.

[27] ഞങ്ങൾ അത് അന്വേഷിച്ചുനോക്കി, അത് അങ്ങനെ തന്നെ ആകുന്നു; നീ അത് കേട്ട് ഗ്രഹിച്ചുകൊള്ളുക.

ഇയ്യോബ് — Chapters