Skip to content
Opens in a new window
Listen to this chapter • 2:36

[1] സ്ത്രീ പ്രസവിച്ച മനുഷ്യൻ അല്പായുസ്സുള്ളവനും കഷ്ടസമ്പൂർണ്ണനും ആകുന്നു.

[2] അവൻ പൂപോലെ വിടർന്ന് പൊഴിഞ്ഞുപോകുന്നു; നിലനില്‍ക്കാതെ നിഴൽപോലെ ഓടിപ്പോകുന്നു.

[3] അവന്റെ നേരെയോ തൃക്കണ്ണ് മിഴിക്കുന്നത്? എന്നെയോ അങ്ങ് ന്യായവിസ്താരത്തിലേക്ക് വരുത്തുന്നത്?

[4] അശുദ്ധനിൽനിന്ന് ജനിച്ച വിശുദ്ധൻ ഉണ്ടോ? ഒരുത്തനുമില്ല.

[5] അങ്ങയുടെ ജീവകാലത്തിന് അവധി ഉണ്ടല്ലോ; അവന്റെ മാസങ്ങളുടെ എണ്ണം അങ്ങയുടെ പക്കൽ; അവന് ലംഘിച്ചുകൂടാത്ത അതിര് അവിടുന്ന് വച്ചിരിക്കുന്നു

[6] അവൻ ഒരു കൂലിക്കാരനെപ്പോലെ വിശ്രമിച്ച് തന്റെ ദിവസത്തിൽ തൃപ്തിപ്പെടേണ്ടതിന് അങ്ങയുടെ നോട്ടം അവനിൽനിന്ന് മാറ്റിക്കൊള്ളണമേ.

[7] ഒരു വൃക്ഷമായിരുന്നാൽ പ്രത്യാശയുണ്ട്; അതിനെ വെട്ടിയാൽ പിന്നെയും പൊട്ടിക്കിളിർക്കും; അതിന് ഇളങ്കൊമ്പുകൾ വിടർന്നുകൊണ്ടിരിക്കും.

[8] അതിന്റെ വേര് നിലത്ത് പഴകിയാലും അതിന്റെ കുറ്റി മണ്ണിൽ ഉണങ്ങിപ്പോയാലും

[9] വെള്ളത്തിന്റെ ഗന്ധംകൊണ്ട് അത് കിളിർക്കും ഒരു തൈപോലെ ശാഖ പുറപ്പെടും.

[10] മനുഷ്യൻ മരിച്ചാൽ ദ്രവിച്ചുപോകുന്നു; മനുഷ്യൻ പ്രാണനെ വിട്ടാൽ പിന്നെ അവൻ എവിടെ?

[11] സമുദ്രത്തിലെ വെള്ളം പോയ്പോകുമ്പോലെയും നദി വറ്റി ഉണങ്ങിപ്പോകുമ്പോലെയും

[12] മനുഷ്യൻ കിടന്നിട്ട് എഴുന്നേല്ക്കുന്നില്ല; ആകാശം ഇല്ലാതെയാകുംവരെ അവർ ഉണരുന്നില്ല; ഉറക്കത്തിൽനിന്ന് എഴുന്നേല്ക്കുന്നതുമില്ല;

[13] അങ്ങ് എന്നെ പാതാളത്തിൽ മറച്ചുവയ്ക്കുകയും അവിടുത്തെ കോപം കഴിയുവോളം എന്നെ ഒളിപ്പിക്കുകയും എനിക്ക് ഒരവധി നിശ്ചയിച്ച് എന്നെ ഓർക്കുകയും ചെയ്തുവെങ്കിൽ കൊള്ളാമായിരുന്നു.

[14] മനുഷ്യൻ മരിച്ചാൽ വീണ്ടും ജീവിക്കുമോ? എന്നാൽ എനിക്ക് മാറ്റം വരുവോളം എന്റെ യുദ്ധകാലമെല്ലാം കാത്തിരിക്കാമായിരുന്നു.

[15] അങ്ങ് വിളിക്കും; ഞാൻ അവിടുത്തോട് ഉത്തരം പറയും; അങ്ങയുടെ കൈവേലയോട് അങ്ങയ്ക്ക് താത്പര്യമുണ്ടാകും.

[16] ഇപ്പോഴോ അവിടുന്ന് എന്റെ കാലടികളെ എണ്ണുന്നു; എന്റെ പാപത്തിന്മേൽ അങ്ങ് ദൃഷ്ടിവക്കുന്നില്ലയോ?

[17] എന്റെ അതിക്രമം ഒരു സഞ്ചിയിലാക്കി മുദ്രയിട്ടിരിക്കുന്നു; എന്റെ അകൃത്യം അങ്ങ് മറച്ചിരിക്കുന്നു.

[18] മലപോലും വീണു പൊടിയുന്നു; പാറയും സ്ഥലം വിട്ട് മാറിപ്പോകുന്നു.

[19] വെള്ളം കല്ലുകളെ തേയുമാറാക്കുന്നതും അതിന്റെ പ്രവാഹം നിലത്തെ പൊടി ഒഴുക്കിക്കളയുന്നതു പോലെ അങ്ങ് മനുഷ്യന്റെ പ്രത്യാശയെ നശിപ്പിക്കുന്നു.

[20] അങ്ങ് എപ്പോഴും അവനെ ആക്രമിച്ചിട്ട് അവൻ കടന്നുപോകുന്നു; അവിടുന്ന് അവന്റെ മുഖം വിരൂപമാക്കി അവനെ അയച്ചുകളയുന്നു.

[21] അവന്റെ പുത്രന്മാർക്ക് ബഹുമാനം ലഭിക്കുന്നത് അവൻ അറിയുന്നില്ല; അവർക്ക് താഴ്ച ഭവിക്കുന്നത് അവൻ ഗ്രഹിക്കുന്നതുമില്ല.

[22] തന്നെപ്പറ്റി മാത്രം അവന്റെ ദേഹം വേദനപ്പെടുന്നു; തന്നെക്കുറിച്ചത്രേ അവന്റെ ഉള്ളം ദുഃഖിക്കുന്നു”.

ഇയ്യോബ് — Chapters