Skip to content
Opens in a new window
Listen to this chapter • 2:51

[1] അതിന് ഇയ്യോബ് ഉത്തരം പറഞ്ഞത്:

[2] “ഓഹോ, നിങ്ങൾ ആകുന്നു വിദ്വജ്ജനം! നിങ്ങൾ മരിച്ചാൽ ജ്ഞാനം മരിക്കും.

[3] നിങ്ങളെപ്പോലെ എനിക്കും ബുദ്ധി ഉണ്ട്; നിങ്ങളേക്കാൾ ഞാൻ ഒട്ടും കുറഞ്ഞവനല്ല; ആർക്കാകുന്നു ഇതൊക്കെ അറിഞ്ഞുകൂടാത്തത്?

[4] ദൈവത്തെ വിളിച്ച് ഉത്തരം ലഭിച്ച ഞാൻ എന്റെ സഖിയ്ക്ക് പരിഹാസവിഷയമായിത്തീർന്നു; നീതിമാനും നിഷ്കളങ്കനുമായവൻ തന്നെ പരിഹാസവിഷയമായിത്തീർന്നു.

[5] വിപത്ത് നിന്ദ്യം എന്ന് സുഖിമാന്റെ വിചാരം; കാൽ ഇടറുന്നവർക്കായി അത് ഒരുങ്ങിയിരിക്കുന്നു.

[6] പിടിച്ചുപറിക്കാരുടെ കൂടാരങ്ങൾ സമാധാനമായിരിക്കുന്നു; ദൈവത്തെ കോപിപ്പിക്കുന്നവർ നിർഭയമായ്‌ വസിക്കുന്നു; അവരുടെ കയ്യിൽ ദൈവം എത്തിച്ചുകൊടുക്കുന്നു.

[7] മൃഗങ്ങളോട് ചോദിക്കുക; അവ നിന്നെ ഉപദേശിക്കും; ആകാശത്തിലെ പക്ഷികളോട് ചോദിക്കുക; അവ പറഞ്ഞുതരും;

[8] അല്ല, ഭൂമിയോട് സംഭാഷിക്കുക; അത് നിന്നെ ഉപദേശിക്കും; സമുദ്രത്തിലെ മത്സ്യം നിന്നോട് വിവരിക്കും.

[9] യഹോവയുടെ കൈ ഇത് പ്രർത്തിച്ചിരിക്കുന്നു എന്ന് ഇവയെല്ലാംകൊണ്ടും ഗ്രഹിക്കാത്തവനാര്?

[10] സകലജീവജന്തുക്കളുടെയും പ്രാണനും സകലമനുഷ്യവർഗ്ഗത്തിന്റെയും ശ്വാസവും ദൈവത്തിന്റെ കയ്യിൽ ഇരിക്കുന്നു.

[11] ചെവി വാക്കുകളെ പരിശോധിക്കുന്നില്ലയോ? അണ്ണാക്ക് ഭക്ഷണം രുചിനോക്കുന്നില്ലയോ?

[12] വൃദ്ധന്മാരുടെ പക്കൽ ജ്ഞാനവും വയോധികന്മാരിൽ വിവേകവും ഉണ്ട്.

[13] ജ്ഞാനവും ശക്തിയും യഹോവയുടെ പക്കൽ, ആലോചനയും വിവേകവും അവിടുത്തേക്കുള്ളത്.

[14] യഹോവ ഇടിച്ചുകളഞ്ഞാൽ ആർക്കും പണിതുകൂടാ; അവിടുന്ന് മനുഷ്യനെ ബന്ധിച്ചാൽ ആരും അഴിച്ചുവിടുകയില്ല.

[15] അവിടുന്ന് വെള്ളം തടഞ്ഞുവച്ചാൽ അത് വറ്റിപ്പോകുന്നു; അവിടുന്ന് വിട്ടയച്ചാൽ അത് ഭൂമിയെ മറിച്ചുകളയുന്നു.

[16] ദൈവത്തിന്റെ പക്കൽ ശക്തിയും മഹാജ്ഞാനവും ഉണ്ട്; വഞ്ചിതനും വഞ്ചകനും അവിടുത്തേക്കുള്ളവർ.

[17] യഹോവ മന്ത്രിമാരെ കവർച്ചയായി കൊണ്ട് പോകുന്നു; ന്യായാധിപന്മാരെ ഭോഷന്മാരാക്കുന്നു.

[18] രാജാക്കന്മാരുടെ അധികാരത്തെ അഴിക്കുന്നു; അവരുടെ അരയ്ക്ക് ബന്ധനം മുറുക്കുന്നു.

[19] യഹോവ പുരോഹിതന്മാരെ കവർച്ചയായി കൊണ്ടുപോകുന്നു; ബലശാലികളെ തള്ളിയിട്ടുകളയുന്നു.

[20] യഹോവ വിശ്വസ്തന്മാർക്ക് വാക്ക് മുട്ടിക്കുന്നു. വൃദ്ധന്മാരുടെ ബുദ്ധി എടുത്തുകളയുന്നു.

[21] യഹോവ പ്രഭുക്കന്മാരുടെമേൽ നിന്ദ പകരുന്നു; ബലവാന്മാരുടെ അരക്കച്ച അഴിച്ചുകളയുന്നു.

[22] യഹോവ അഗാധകാര്യങ്ങൾ അന്ധകാരത്തിൽനിന്ന് വെളിച്ചത്ത് കൊണ്ടുവരുന്നു; അന്ധതമസ്സിനെ പ്രകാശത്തിൽ വരുത്തുന്നു.

[23] യഹോവ ജനതകളെ വർദ്ധിപ്പിക്കുകയും നശിപ്പിക്കുകയും ചെയ്യുന്നു; അവിടുന്ന് ജനതകളെ ചിതറിക്കുകയും കൂട്ടുകയും ചെയ്യുന്നു.

[24] യഹോവ ഭൂവാസികളിലെ തലവന്മാരിൽ നിന്ന് ധൈര്യം എടുത്തുകളയുന്നു; വഴിയില്ലാത്ത ശൂന്യപ്രദേശത്ത് അവരെ ഉഴന്നു നടക്കുമാറാക്കുന്നു;

[25] അവർ വെളിച്ചമില്ലാതെ ഇരുട്ടിൽ തപ്പിനടക്കുന്നു; യഹോവ മദ്യപന്മാരെപ്പോലെ അവരെ ചാഞ്ചാടുമാറാക്കുന്നു.

ഇയ്യോബ് — Chapters