Skip to content
Opens in a new window
Listen to this chapter • 2:46

[1] അതിനുശേഷം ഇയ്യോബ് വായ് തുറന്ന് തന്റെ ജന്മദിവസത്തെ ശപിച്ചു.

[2] ഇയ്യോബ് ഇപ്രകാരം പറഞ്ഞു:

[3] “ഞാൻ ജനിച്ച ദിവസവും ഒരു ആൺ ഉല്പാദിച്ചു എന്ന് പറഞ്ഞ രാത്രിയും നശിച്ചുപോകട്ടെ.

[4] ആ ദിവസം ഇരുണ്ടുപോകട്ടെ; മുകളിൽനിന്ന് ദൈവം അതിനെ കടാക്ഷിക്കാതിരിക്കട്ടെ; പ്രകാശം അതിന്മേൽ ശോഭിക്കാതിരിക്കട്ടെ.

[5] ഇരുളും അന്ധതമസ്സും അതിനെ സ്വാധീനമാക്കട്ടെ; ഒരു മേഘം അതിന്മേൽ ആവരണം ചെയ്യട്ടെ; പകലിനെ ഇരുട്ടാക്കുന്നതൊക്കെയും അതിനെ പേടിപ്പിക്കട്ടെ.

[6] ആ രാത്രിയെ കൂരിരുൾ പിടിക്കട്ടെ; അത് വർഷത്തിന്റെ ദിവസങ്ങളുടെ കൂട്ടത്തിൽ സന്തോഷിക്കരുത്; മാസങ്ങളുടെ എണ്ണത്തിൽ വരുകയും അരുത്.

[7] അതേ, ആ രാത്രി മച്ചിയായിരിക്കട്ടെ; ഉല്ലാസഘോഷം അതിലുണ്ടാകരുത്.

[8] മഹാസർപ്പത്തെ ഇളക്കുവാൻ സമർത്ഥരായവർ ആ ദിവസത്തെ ശപിക്കട്ടെ.

[9] അതിന്റെ സന്ധ്യാനക്ഷത്രങ്ങൾ ഇരുണ്ടുപോകട്ടെ; അത് വെളിച്ചത്തിന് കാത്തിരുന്നു കിട്ടാതെ പോകട്ടെ; അത് ഉഷസ്സിന്റെ കണ്ണിമ ഒരിക്കലും കാണരുത്.

[10] അത് എന്റെ അമ്മയുടെ ഗർഭപാത്രം അടച്ചില്ലല്ലോ; എന്റെ കണ്മുമ്പിൽ നിന്ന് കഷ്ടം മറച്ചില്ലല്ലോ.

[11] ഞാൻ ഗർഭപാത്രത്തിൽവച്ച് മരിക്കാഞ്ഞതെന്ത്? ഉദരത്തിൽനിന്ന് പുറപ്പെട്ടപ്പോൾ തന്നെ പ്രാണൻ പോകാതിരുന്നതെന്ത്?

[12] മുഴങ്കാൽ എന്നെ സ്വീകരിച്ചത് എന്തിന്? എനിക്ക് കുടിക്കുവാൻ മുല ഉണ്ടായിരുന്നതെന്തിന്?

[13] ഞാൻ ഇപ്പോൾ കിടന്ന് വിശ്രമിക്കുമായിരുന്നു; ഞാൻ ഉറങ്ങി വിശ്രാന്തി പ്രാപിക്കുമായിരുന്നു.

[14] തങ്ങൾക്ക് ഏകാന്തനിവാസങ്ങൾ പണിത ഭൂരാജാക്കന്മാരോടും മന്ത്രിമാരോടും അഥവാ,

[15] കനകസമ്പന്നരായി സ്വഭവനങ്ങൾ വെള്ളികൊണ്ട് നിറച്ചുവച്ച പ്രഭുക്കന്മാരോടും കൂടെ തന്നേ.

[16] അല്ലെങ്കിൽ, ഗർഭം അലസിപ്പോയിട്ട് കുഴിച്ചിട്ട പിണ്ഡംപോലെയും വെളിച്ചം കണ്ടിട്ടില്ലാത്ത പിള്ളകളെപ്പോലെയും ഞാൻ ഇല്ലാതെ പോകുമായിരുന്നു.

[17] അവിടെ ദുർജ്ജനം ഉപദ്രവിക്കാതെയിരിക്കുന്നു; അവിടെ ക്ഷീണിച്ച് പോയവർ വിശ്രമിക്കുന്നു.

[18] അവിടെ തടവുകാർ ഒരുപോലെ സുഖമായിരിക്കുന്നു; പീഡകന്റെ ശബ്ദം അവർ കേൾക്കാതിരിക്കുന്നു.

[19] ചെറിയവനും വലിയവനും അവിടെ ഒരുപോലെ; ദാസന് യജമാനന്റെ കീഴിൽനിന്ന് വിടുതൽ കിട്ടിയിരിക്കുന്നു.

[20] അരിഷ്ടന് പ്രകാശവും ദുഃഖിതന്മാർക്ക് ജീവനും കൊടുക്കുന്നതെന്തിന്?

[21] അവർ മരണത്തിനായി കാത്തിരിക്കുന്നു, അത് വരുന്നില്ലതാനും; നിധിക്കായി കുഴിക്കുന്നതിലുമധികം അവർ അതിനായി കുഴിക്കുന്നു.

[22] അവർ ശവക്കുഴി കണ്ടാൽ സന്തോഷിച്ചു ഘോഷിച്ചുല്ലസിക്കും

[23] വഴി മറഞ്ഞിരിക്കുന്ന പുരുഷനും ദൈവം നിരോധിച്ചിരിക്കുന്നവനും ജീവനെ കൊടുക്കുന്നതെന്തിന്?

[24] ഭക്ഷണത്തിന് മുമ്പ് എനിക്ക് നെടുവീർപ്പ് വരുന്നു; എന്റെ ഞരക്കം വെള്ളംപോലെ ഒഴുകുന്നു.

[25] ഞാൻ പേടിച്ചത് തന്നെ എനിക്ക് നേരിട്ടു; ഞാൻ ഭയപ്പെട്ടിരുന്നത് എനിക്ക് ഭവിച്ചു.

[26] ഞാൻ സ്വസ്ഥനായില്ല, വിശ്രമിച്ചില്ല, ആശ്വസിച്ചതുമില്ല; പിന്നെയും അതിവേദന എടുക്കുന്നു”.

ഇയ്യോബ് — Chapters