[1] അതിന് നയമാത്യനായ സോഫർ ഉത്തരം പറഞ്ഞത്:
[2] “ഉത്തരം പറയുവാൻ എന്റെ നിരൂപണങ്ങൾ പൊങ്ങിവരുന്നു. എന്റെ ഉള്ളിലെ അക്ഷമ കാരണം തന്നെ.
[3] എനിയ്ക്ക് ലജ്ജാകരമായ ശാസന ഞാൻ കേട്ടു; എന്നാൽ ആത്മാവ് എന്റെ വിവേകത്തിൽ നിന്ന് ഉത്തരം പറയുന്നു.
[4] മനുഷ്യൻ ഭൂമിയിൽ ഉണ്ടായതുമുതൽ പുരാതനമായ ഈ വസ്തുത നീ അറിയുന്നില്ലയോ?
[5] ദുഷ്ടന്മാരുടെ ജയഘോഷം താല്ക്കാലികമത്രെ; അഭക്തന്റെ സന്തോഷം അല്പനേരത്തേക്കേയുള്ളു.
[6] അവന്റെ ഉയർച്ച ആകാശത്തോളം എത്തിയാലും അവന്റെ ശിരസ്സ് മേഘങ്ങളോളം ഉയർന്നാലും
[7] അവൻ സ്വന്തവിസർജ്ജ്യംപോലെ എന്നേക്കും നശിക്കും; അവനെ കണ്ടിട്ടുള്ളവർ അവൻ എവിടെ എന്നു ചോദിക്കും.
[8] അവൻ സ്വപ്നംപോലെ പറന്നുപോകും. അവനെ പിന്നെ കാണുകയില്ല; അവൻ രാത്രിദർശനംപോലെ മറഞ്ഞുപോകും.
[9] അവനെ കണ്ടിട്ടുള്ള കണ്ണ് ഇനി അവനെ കാണുകയില്ല; അവന്റെ സ്ഥലം ഇനി അവനെ ദർശിക്കുകയുമില്ല.
[10] അവന്റെ മക്കൾ ദരിദ്രന്മാരോട് കൃപ യാചിക്കും; അവന്റെ കൈ അവന്റെ സമ്പത്ത് മടക്കിക്കൊടുക്കും.
[11] അവന്റെ അസ്ഥികളിൽ യൗവ്വനം നിറഞ്ഞിരിക്കുന്നു; അത് അവനോടുകൂടി പൊടിയിൽ കിടക്കും.
[12] ദുഷ്ടത അവന്റെ വായിൽ മധുരിച്ചാലും അവൻ അത് നാവിനടിയിൽ മറച്ചുവച്ചാലും
[13] അതിനെ വിടാതെ പിടിച്ച് വായ്ക്കകത്ത് സൂക്ഷിച്ചുവച്ചാലും
[14] അവന്റെ ആഹാരം അവന്റെ കുടലിൽ മാറ്റപ്പെട്ട് അവന്റെ ഉള്ളിൽ സർപ്പവിഷമായിത്തീരും.
[15] അവൻ സമ്പത്ത് വിഴുങ്ങിയാലും അത് വീണ്ടും ഛർദ്ദിക്കേണ്ടിവരും; ദൈവം അത് അവന്റെ വയറ്റിൽനിന്ന് പുറത്താക്കിക്കളയും.
[16] അവൻ സർപ്പവിഷം നുകരും അണലിയുടെ നാവ് അവനെ കൊല്ലും.
[17] തേനും പാൽപാടയും ഒഴുകുന്ന തോടുകളെയും നദികളെയും അവൻ കണ്ടു രസിക്കുകയില്ല.
[18] തന്റെ സമ്പാദ്യം അവൻ അനുഭവിക്കാതെ മടക്കിക്കൊടുക്കും; താൻ നേടിയ വസ്തുവകയ്ക്ക് ഒത്തവണ്ണം സന്തോഷിക്കുകയുമില്ല.
[19] അവൻ ദരിദ്രന്മാരെ പീഡിപ്പിച്ച് ഉപേക്ഷിച്ചു; താൻ പണിയാത്ത വീട് അപഹരിച്ചു.
[20] അവന്റെ കൊതിക്ക് മതിവരാത്തതുകൊണ്ട് അവൻ തന്റെ മനോഹരധനത്തോടുകൂടി രക്ഷപെടുകയില്ല.
[21] അവൻ ഭക്ഷിക്കാനുള്ളതല്ലാതെ ഒന്നും ശേഷിപ്പിക്കുകയില്ല; അതുകൊണ്ട് അവന്റെ അഭിവൃദ്ധി നിലനില്‍ക്കുകയില്ല.
[22] അവന്റെ സമൃദ്ധിയുടെ പൂർണ്ണതയിൽ അവന് ഞെരുക്കം ഉണ്ടാകും; ദരിദ്രന്മാരുടെ കൈ ഒക്കെയും അവന്റെമേൽ വരും.
[23] അവൻ വയറ് നിറയ്ക്കുമ്പോൾത്തന്നെ ദൈവം തന്റെ ഉഗ്രകോപം അവന്റെമേൽ അയയ്ക്കും; അവൻ ഭക്ഷിക്കുമ്പോൾ അത് അവന്റെമേൽ വർഷിപ്പിക്കും.
[24] അവൻ ഇരുമ്പായുധം ഒഴിഞ്ഞോടും; താമ്ര വില്ല് അവനിൽ തറഞ്ഞുകയറും.
[25] അവൻ അത് അവന്റെ ദേഹത്തിൽനിന്ന് പുറത്തേക്ക് വലിച്ചൂരുന്നു; മിന്നുന്ന മുന അവന്റെ പിത്തഗ്രന്ഥിയിൽനിന്ന് പുറപ്പെടുന്നു; കൊടും ഭീതി അവന്റെമേൽ ഇരിക്കുന്നു.
[26] അന്ധകാരമെല്ലാം അവന്റെ നിക്ഷേപമായി സംഗ്രഹിച്ചിരിക്കുന്നു; ആരും ഊതിക്കത്തിക്കാത്ത തീയ്ക്ക് അവൻ ഇരയാകും; അവന്റെ കൂടാരത്തിൽ ശേഷിച്ചിരിക്കുന്നതിനെ അത് ദഹിപ്പിക്കും;
[27] ആകാശം അവന്റെ അകൃത്യത്തെ വെളിപ്പെടുത്തും ഭൂമി അവന് എതിരായി സാക്ഷ്യം പറയും.
[28] അവന്റെ വീട്ടിലെ ധനം ഇല്ലാതെയാകും; ദൈവത്തിന്റെ കോപദിവസത്തിൽ അവ ഒഴുകിപ്പോകും.
[29] ഇത് ദുഷ്ടന് ദൈവം കൊടുക്കുന്ന ഓഹരിയും ദൈവം അവന് നിയമിച്ച അവകാശവും ആകുന്നു”.